യ്യോ... ദാരിദ്ര്യം...! ബിഎസ്എൻഎൽ ഇപ്പോഴും ശിലായുഗത്തിലോ; വരിക്കാരെത്തിയിട്ടും മാറ്റമില്ലാതെ 'ആ' ശീലം
ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏക മുഖ്യധാരാ ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ (BSNL). സ്വകാര്യ കമ്പനികൾ അടക്കിഭരിച്ചിരുന്ന ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഇപ്പോൾ ബിഎസ്എൻഎൽ എന്ന ശബ്ദം മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ജൂലൈയിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ നടപ്പിലാക്കിയ റീച്ചാർജ് നിരക്കുകളുടെ വർധനയുമായി ബന്ധപ്പെട്ടും 4ജി കണക്ടിവിറ്റി വർധിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റവും 5ജി വ്യാപനത്തിനായുള്ള തയാറെടുപ്പുകളുമൊക്കെയായി വാർത്തകളിൽ ബിഎസ്എൻഎൽ നിറഞ്ഞു നിൽക്കുന്നു. കൂടുതൽ ലാഭം നേടുന്നതിനായി റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചത് സ്വകാര്യ കമ്പനികൾ ആണെങ്കിലും ലാഭം ഉണ്ടായത് ബിഎസ്എൻഎല്ലിന് ആണ്.
കാരണം സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയിൽ പ്രതിഷേധിച്ചും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകൾ തേടിയും നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് എത്തുന്നു. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ വൻ മുന്നേറ്റം കാഴ്ചവച്ചുകൊണ്ടിരിക്കുന്നു. ഇതിനായി ബിഎസ്എൻഎൽ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടിവന്നില്ല എന്നതാണ് ഏറെ രസകരം.

ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ അടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ നൽകുന്നുണ്ട് എന്നത് വലിയ കാര്യമാണ്. എന്നാൽ അതുമാത്രം പോര, ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകൾ പലതും ശിലായുഗത്തിലേത് എന്നപോലെയാണ് കാണപ്പെടുന്നത് എന്ന് ഒരു വിഭാഗം വരിക്കാർക്ക് ആക്ഷേപമുണ്ട്. അതായത് എരിവും പുളിയുമൊന്നും ഇല്ലത്രേ!.
ജിയോ, എയർടെൽ, വൊഡാഫോൺ തുടങ്ങിയ സ്വകാര്യ കമ്പനികളിൽ നിന്ന് ചിലതൊക്കെ ബിഎസ്എൻഎൽ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു എന്ന് ചില വരിക്കാർ അഭിപ്രായപ്പെടുന്നു. കാരണം ഈ സ്വകാര്യ കമ്പനികൾ എല്ലാംതന്നെ നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ ആനുകൂല്യങ്ങളായി ലഭ്യമാക്കുന്നുണ്ട്.

വരിക്കാരെ കൂടുതൽ ആകർഷിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും വേണ്ടിയാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ ഇത്തരം ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഈ പറഞ്ഞ പ്രമുഖ ഒടിടി സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്ന പ്രത്യേകം പ്രത്യേകം റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉദാഹരണത്തിന് ജിയോയുടെ 448 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മറ്റ് പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം ഡിസ്കവറി+, സോണിലിവ്, സൺനെക്സ്റ്റ് അടക്കം നിരവധി ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 1799 രൂപ, 1299 രൂപ പ്ലാനുകളിൽ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. 1029 രൂപയുടെ പ്ലാനിൽ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു.
949 രൂപയുടെ പ്ലാനിൽ ജിയോ ഡിസ്നി+ ഹോട്ട്സ്റ്റാൾ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഫാൻകോഡ് ഉൾപ്പെടെ മറ്റ് വിവിധ ഒടിടി സബസ്ക്രിപ്ഷനുകളും വിവിധ പ്രീപെയ്ഡ് പ്ലാനുകളിലൂടെ ജിയോ ലഭ്യമാക്കിയിരിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും പരമ്പരാഗത ശൈലിയിലാണ് മുന്നോട്ട് പോകുന്നത്. ജനപ്രിയ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഇല്ല എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് ജനശ്രദ്ധ എത്തി നിൽക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ആളുകൾക്ക് പ്രയോജനപ്പെടും വിധത്തിൽ മികച്ച ഒടിടി സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്ന പ്രീപെയ്ഡ് റീച്ചാർജ് ഓപ്ഷനുകളും ബിഎസ്എൻഎൽ അവതരിപ്പിക്കണം എന്നതാണ് ഉയരുന്ന ആവശ്യം. കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്നതിൽ ബിഎസ്എൻഎല്ലിന് എതിരാളികളില്ല. അതുപോലെ മികച്ച ഒടിടി പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്യാനും ബിഎസ്എൻഎൽ മുന്നോട്ട് വരണമെന്ന് ചില ആരാധകർ ആഗ്രഹിക്കുന്നു.
ഡാറ്റ വേഗതക്കുറവ് ബിഎസ്എൻഎല്ലിന്റെ ഒരു പോരായ്മയായിരുന്നു. എന്നാൽ ഇപ്പോൾ പലയിടങ്ങളിലും അവസ്ഥ മെച്ചപ്പെട്ടു. അതിവേഗം 4ജി വ്യാപനം നടക്കുന്നതിനാൽ ബാക്കിയുള്ള പ്രദേശങ്ങളിലും അധികം വൈകാതെ ബിഎസ്എൻഎൽ 4ജി ലഭ്യമാകും. 2025 ജനുവരിയോടെ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ബിഎസ്എൻഎൽ എന്ന് കഴിഞ്ഞ ദിവസം ഒരു മുതിർ ഉദ്യോഗസ്ഥൻ തന്നെ സ്ഥിരീകരിച്ചിരുന്നു.
ഇത്തരത്തിൽ പടിപടിയായി ഉയർന്നുവരുന്ന ബിഎസ്എൻഎൽ മറ്റ് കമ്പനികളിൽ നിന്ന് ആവശ്യമായ നല്ല പാഠങ്ങൾ ഉൾക്കൊണ്ട് വരിക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കാൻ മുന്നിട്ടിറങ്ങണം എന്നാണ് ആവശ്യം. അതിൽ ആദ്യത്തെ പടിയായി ജനപ്രിയ ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ കൊണ്ടുവരണം എന്ന് വരിക്കാർ നിർദേശിക്കുന്നു.


Click it and Unblock the Notifications








