ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും...

Posted By: Staff

ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും...

ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്വാധീനം ദനംപ്രതി ഏറുന്നതിന്റെ തെളിവായി, സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകുകയാണ്.  ഫേസ്ബുക്കുമായി ബന്ധപ്പെട്ട കേസുകള്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നത് കണ്ടു കാണുമല്ലോ. ഈ അവസരത്തില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ മെനക്കെട്ടു ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങള്‍ പറയാം.

  • ഫേസ്ബുക്കില്‍ ചിത്രങ്ങളിടുന്ന തരുണീമണികള്‍, ദയവായി കഴിയുന്നത്ര സ്വകാര്യത ഉറപ്പുവരുത്തുക. സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കഴിവതും പോസ്റ്റു ചെയ്യാതിരിയ്ക്കുക. കാരണം ധാരാളം  പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ശ്ലീലവും, അശ്ലീലവുമായി പലവ്യാജ പ്രൊഫൈലുകളിലൂടെയും പ്രചരിയ്ക്കുന്നുണ്ട്. ചെയ്തവനെ പിടിച്ചാലും, ഉണ്ടായ നാണക്കേട് മായ്ക്കാന്‍ പറ്റുമോ.

  • പ്രൊഫൈല്‍ ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ അവനവന്റെ ചിത്രങ്ങളിടുക.അല്ലാതെ എന്റെ മുഖം പോരാ എന്നു പറഞ്ഞ് ഷാരൂഖ് ഖാന്റെയും, ഐശ്വര്യ റായുടെയും ഒക്കെ ചിത്രങ്ങള്‍ ഇടുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചു എന്ന പേരില്‍ നിങ്ങള്‍ അകത്താകാന്‍ ഇത് ധാരളം മതി.

  • കുറ്റകൃത്യങ്ങളെ ന്യായീകരിയ്ക്കുന്നതും, രാജ്യദ്രോഹപരമായതും, പ്രകോപനങ്ങളുണ്ടാക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതും, ഷെയര്‍ ചെയ്യുന്നതും, ലൈക്കും, കമന്റും ചെയ്യുന്നതുമൊക്കെ കുറ്റകരമാണ്. ഞാനൊരു ലൈക്കേ ചെയ്തുള്ളൂ എന്നു പറഞ്ഞാലും രക്ഷയില്ല. കുറ്റകരമായ ചിത്രം പ്രചരിപ്പിച്ചതിന് ഉണ്ട തിന്നേണ്ടി വരും എന്നത് മൂന്നു തരം.

  • ഇനി അടുത്തതായി തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത്.  പിണറായി വിജയന്റെ വീടാണെന്നും പറഞ്ഞ് ഏതോ വീടിന്റെ പടം പരത്തിയ പോലത്തെ പണി ചെയ്താല്‍, പെണ്‍കുട്ടികളുടെ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി  പ്രചരിപ്പിച്ചാല്‍, അവഹേളനത്തിനിരയാകുന്ന ആള്‍ പരാതിപ്പെട്ടാല്‍ അകത്താകും. മാത്രമല്ല ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിയും വരും.

  • മറ്റുള്ളവര്‍ എടുത്ത ചിത്രങ്ങള്‍ തന്റേതാക്കി പ്രചരിപ്പിയ്ക്കുന്നതും കോപ്പിറൈറ്റ് നിയമപ്രകാരം കുറ്റകരമാണെന്ന് ഓര്‍മ്മിയ്ക്കുക.

ഇനിയെങ്കിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴും, ലൈക്കും, ഷെയറും,കമന്റുമടക്കമുള്ള കലാപരിപാടികളില്‍ മുഴുകുമ്പോഴും രണ്ടു വട്ടം ആലോചിയ്ക്കുക.മാന്യമായി ഇത്തരം സൈറ്റുകള്‍ വിനിയോഗിയ്ക്കുക. ഇല്ലേ സൈബര്‍ പണി കിട്ടും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot