പരാതികൾ അവിടെ നിൽക്കട്ടെ.., ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് എന്താണ് അഭിപ്രായം?

പരാതികൾ ഒരുപാടുണ്ടെങ്കിലും ബിഎസ്എൻഎൽ എന്ന പേരിനോട് പറിച്ചെറിയാൻ പറ്റാത്തൊരിഷ്ടം രാജ്യത്തെ മൊബൈൽ യൂസേഴ്സിന് ഉണ്ടെന്നതാണ് യാഥാർഥ്യം. അത് കൊണ്ടാണ് എത്രയൊക്കെ ബുദ്ധിമുട്ടിച്ചും രാജ്യത്ത് ഇത്രയധികം ആളുകൾ ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്നത്. നെറ്റ്വർക്കിൽ സ്വകാര്യ കമ്പനികളുമായി താരതമ്യത്തിനൊന്നും നിൽക്കാൻ സാധിക്കില്ലെങ്കിലും പ്ലാനുകളുടെ കാര്യത്തിൽ ഒരുപടി മേലേത്തന്നെയാണ് ബിഎസ്എൻഎൽ. രാജ്യത്തൊരു ടെലിക്കോം കമ്പനിയും ഓഫർ ചെയ്യാത്തത്രയും മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. പക്ഷെ അതി മനോഹരമായ സദ്യ വിളമ്പി വച്ചിട്ട് അതിലിത്തിരി മണ്ണ് വാരി വിതറുന്നത് പോലെയാണ് കമ്പനിയുടെ സ്വഭാവമെന്നത് കൊണ്ട‌് ഈ പ്ലാനുകൾ ആർക്കും ഗുണമില്ലാതെ പോകുന്നുവെന്നതാണ് യാഥാർഥ്യം.
5ജി യുഗത്തിൽ 4ജി പോലും നൽകാൻ കമ്പനിക്ക് കഴിയുന്നില്ലെന്നതാണ് ഏറ്റവും വലിയ പരാജയമെന്നത് ആവർത്തിക്കേണ്ടതില്ലെന്ന് തോന്നുന്നു. ലാൻഡ് ലൈൻ പോലെ ആർക്കും വേണ്ടാത്ത ചില സേവനങ്ങൾ ഇന്നും പൊക്കിപ്പിടിച്ച് നടക്കുന്നതും അലസരായ ഉദ്യോഗസ്ഥരും ജീവനക്കാരും സർക്കാർ ഇടപെടലിന്റെ പോരായ്മകളുമൊക്കെ ബിഎസ്എൻഎല്ലിന് തിരിച്ചടി നൽകിയ ഘടകങ്ങളാണ്. ടിസിഎസുമായി 4ജി എക്വിപ്പ്മെന്റ്സിനുള്ള കരാറിന് ബിഎസ്എൻഎൽ ബോർഡ് അന്തിമ അനുമതി നൽകിക്കഴിഞ്ഞു. ഇനി ടെലിക്കോം മന്ത്രാലയം, തുടർന്ന് മന്ത്രിതല സമിതി എന്നിവിടങ്ങളിൽ നിന്നുള്ള അനുമതിയും ആവശ്യമാണ്.
എന്തായാലും അത് അവിടെ നിൽക്കെട്ട, ബിഎസ്എൻഎൽ ആയതിനാൽ 4ജി ലോഞ്ച് ആയ ശേഷം മാത്രമെ 4ജിയെന്ന് ഉറപ്പിച്ച് പറയാൻ കഴിയൂ. 4ജി എത്തിക്കഴിഞ്ഞാൽ ബിഎസ്എൻഎൽ പ്ലാനുകളുടെ നിരക്ക് വർധിക്കാനും സാധ്യതയുണ്ട് ( എന്നാൽ മാത്രമല്ലേ 4ജി-യാൽ ആകർഷിക്കപ്പെട്ട് ഇങ്ങോട്ട് വരുന്ന യൂസേഴ്സിനെ വെറുപ്പിച്ച് തിരികെ സ്വകാര്യ ടെലിക്കോം കമ്പനികളിലേക്ക് തന്നെ പറഞ്ഞ് വിടാൻ കഴിയുകയുള്ളൂ..). നിലവിലത്തെ സാഹചര്യത്തിലാണെങ്കിൽ നിരക്ക് കൂട്ടിയാലും വക ഇല്ലെങ്കിലും വക എന്നതാണ് അവസ്ഥ.
ബിഎസ്എൻഎല്ലിന്റെ ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾ

4ജി സേവനങ്ങൾ ലഭ്യമാകാത്ത കാലത്തോളം എത്ര അഫോർഡബിൾ ആണെങ്കിലും ബിഎസ്എൻഎൽ പ്ലാനുകൾ കൊണ്ട് ഉപയോക്താക്കൾക്ക് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ എന്ന് ചോദിച്ചാൽ ഒരു പരിധി വരെ ഉണ്ടെന്നും ഇല്ലെന്നും പറയാം. പ്രത്യേകിച്ചും അതിന്റെ ദീർഘകാല പ്ലാനുകൾ. അപ്പോൾ ഉയരുന്ന പ്രധാന ചോദ്യം ബിഎസ്എൻഎല്ലിന്റെ ലോങ് ടേം പ്ലാനുകളിൽ ഏതെങ്കിലും ഒന്ന് സബ്സ്ക്രൈബ് ചെയ്യുന്നത് ബുദ്ധിപരമാണോ എന്നുള്ളതാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ബിഎസ്എൻഎൽ നിരവധി ലോങ് ടേം പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ചില പ്ലാനുകൾ ആണെങ്കിൽ ടൺ കണക്കിന് ഡാറ്റയും അധിക ആനുകൂല്യങ്ങളും പായ്ക്ക് ചെയ്താണെത്തുന്നത്. ചില പ്ലാനുകളാകട്ടെ ഡാറ്റ കുറവാണെങ്കിലും കുറഞ്ഞ നിരക്കിൽ ഏറെ നാളത്തെ വാലിഡിറ്റിയും കോളിങ് സൌകര്യങ്ങളുമൊക്കെ നൽകുന്നു. ബിഎസ്എൻഎൽ ലോങ് ടേം പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നതിന് മുമ്പ് ഓരോ യൂസറും തങ്ങൾക്ക് എന്താണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞിരിക്കണം.
രാജ്യത്ത് എല്ലായിടത്തും 4ജി കിട്ടുന്നില്ലെങ്കിലും കേരളമടക്കം ചില സർക്കിളുകളിൽ ചിലയിടത്തൊക്കെ ബിഎസ്എൻഎല്ലിന് 4ജി സൈറ്റുകളുണ്ട്. ഇതിൽ കുറേയെണ്ണം പണ്ടേ പരീക്ഷണാടിസ്ഥാനത്തിൽ സജ്ജീകരിച്ചവയാണ്. ഇവയൊന്നും തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്ന പുതിയ നെറ്റ്വർക്കിന്റെ ഭാഗമല്ലെന്ന് സാരം. ഇത്തരം സ്ഥലങ്ങളിൽ ബിഎസ്എൻഎൽ 4ജി കവറേജ് ലഭിക്കുന്നവർക്ക് ലോങ് ടേം പ്ലാനുകൾ നല്ലൊരു ചോയിസ് തന്നെയാണ്. മാത്രമല്ല ഇപ്പോൾ ബിഎസ്എൻഎൽ 4ജി പ്ലാനുകൾ സെലക്റ്റ് ചെയ്യുന്നത് കൊണ്ട് രണ്ട് ഗുണങ്ങൾ കൂടിയുണ്ട്. ബിഎസ്എൻഎൽ 4ജിയെങ്ങാനും ലോഞ്ച് ചെയ്താൽ ആവശ്യത്തിന് ഡാറ്റ ഈ പ്ലാനിനൊപ്പം ലഭ്യമാകും. രണ്ടാമത് എങ്ങാനും ബിഎസ്എൻഎൽ നിരക്ക് വർധനവ് കൊണ്ട് വന്നാൽ അത് നിങ്ങളെ ബാധിക്കുകയുമില്ല.

സെക്കൻഡറി സിം കാർഡ് ആയി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കാൻ താത്പര്യമുള്ളവർക്കും ഈ പ്ലാനുകൾ നല്ലൊരു ചോയിസ് ആണ്. കുറഞ്ഞ നിരക്കിൽ വാലിഡിറ്റിയുള്ള പ്ലാനിൽ നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാം. ഇനി എപ്പോഴെങ്കിലും ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്താൽ അതിവേഗ ഇന്റർനെറ്റും ലഭിക്കും, അതും മാന്യമായ റേറ്റിൽ. ഈ പറഞ്ഞ ഓപ്ഷനുകൾ ഒന്നും പ്രായോഗികമല്ലാത്തവരാണ് നിങ്ങളെങ്കിൽ ബിഎസ്എൻഎല്ലിന്റെ ദീർഘകാല പ്ലാനുകൾക്ക് പിന്നാലെ പോകാതിരിക്കുന്നത് തന്നെയാണ് ഏറ്റവും നല്ല തീരുമാനം.


Click it and Unblock the Notifications








