സ്മാർട്ട്ഫോൺ ടോയ്ലറ്റിൽ കൊണ്ടുപോകുമോ? എങ്കിൽ 'കാര്യം' കുഴപ്പത്തിലാകും, കിടപ്പ് ആശുപത്രിയിലും!
കോവിഡ് നിരവധി പേരെ പുതിയ ശുചിത്വ ശീലങ്ങളിലേക്ക് വഴി നടത്തി. ഇന്ന് മിക്കവരും ദിവസത്തിൽ പല തവണ സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകൾ ശുദ്ധിയാക്കാറുണ്ട്. എന്നാൽ ഇങ്ങനെയൊക്കെ കൈകൾ ശുചിയാക്കുന്നവരും അതിന് മിനക്കെടാത്തവരും ഒരുപോലെ ദശലക്ഷക്കണക്കിന് ബാക്ടീരിയകളെ ദിവസവുംപ കൈകളിൽ വഹിക്കുന്നുണ്ട് എന്ന് കണ്ടെത്തൽ.
എന്നാൽ മനുഷ്യന്റെ കൈകളല്ല, മറിച്ച് കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഈ ദശലക്ഷക്കണക്കിന് ബാക്ടീരികളുടെ താവളം. അശ്രദ്ധമായ കൈകാര്യം ചെയ്യൽ സ്മാർട്ട്ഫോണുകളെ ബാക്ടീരികളുടെ ഫാക്ടറിയാക്കി മാറ്റുന്നു എന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യൻ കൊണ്ടുനടക്കുന്ന ഏറ്റവും വൃത്തിഹീനമായ വസ്തു സ്മാർട്ട്ഫോൺ ആണ് എന്നാണ് ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

പലരും ടോയ്ലറ്റിൽ പോകുമ്പോൾ സ്മാർട്ട്ഫോൺ കൂടെ കൂട്ടാറുണ്ട്. പുതിയ തലമുറയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ആണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. ടോയ്ലറ്റിലെ സീറ്റിൽ ഇരുന്നുകൊണ്ട് മിനിറ്റുകളും മണിക്കൂറുകളും സ്മാർട്ട്ഫോണിൽ ചെലവഴിക്കുന്നു. ഇത്തരത്തിലുള്ള ഉപയോഗം ബാക്ടീരികളുടെ കൂടാരമാക്കി സ്മാർട്ട്ഫോണിനെ മാറ്റുന്നു എന്നാണ് കണ്ടെത്തൽ. ഒരു ടോയ്ലറ്റ് സീറ്റ് കവറിൽ ഉള്ളതിനെക്കാൾ ബാക്ടീരിയകൾ ഇത്തരം ആളുകളുടെ ഫോണിൽ ഉണ്ടാകും.
നോർഡ് വിപിഎൻ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടുകൾ പറയുന്നത്, പത്തിൽ ആറുപേരും ടോയ്ലറ്റിൽ പോകുമ്പോൾ സ്മാർട്ട്ഫോൺ കൊണ്ടുപോകുന്നു എന്നാണ്. പഠനത്തിന്റെ ഭാഗമായി നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 61.6 ശതമാനം പേരും തങ്ങൾ ടോയ്‌ലറ്റ് സീറ്റിലിരുന്ന് ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കുന്നു.

33.9 ശതമാനം പേർ ടോയ്ലറ്റിലിരുന്ന് സ്മാർട്ട്ഫോൺ ഉപയോഗിച്ച് വാർത്തകളിലൂടെയും മറ്റുമാർഗങ്ങളിലൂടെയും നിലവിലെ വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നു. 24.5 ശതമാനം ആളുകൾ പ്രിയപ്പെട്ടവർക്ക് മെസേജ് അയയ്ക്കുന്നതിനോ, അവരെ കോൾ ചെയ്യുന്നതിനോ ടോയ്ലറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നു. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഒരു മോശം ശീലമാണെങ്കിലും സ്മാർട്ട്ഫോൺ ടോയ്ലറ്റിൽ കൊണ്ടുപോകുന്നത് അതിനെക്കാൾ മാരകമാണ് എന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
ടോയ്ലറ്റിൽ കൂടെ കൊണ്ടുപോകുന്ന ശീലം സ്മാർട്ട്ഫോണുകളെ മാരകമായ ബാക്ടീരിയകളുടെയും രോഗാണുക്കളുടെയും പ്രജനന കേന്ദ്രങ്ങളാക്കി മാറ്റുന്നു. മിനിറ്റുകളും മണിക്കൂറുകളും നീളുന്ന ഇരുപ്പിനിടെ ഫോണിൽ ബാക്ടീരികൾ കയറിക്കൂടുന്നു. പിന്നീട് ഈ സ്മാർട്ട്ഫോണുകൾ തന്നെ ദിവസം മുഴുവൻ നാം ഉപയോഗിക്കുന്നതിലൂടെ അവ നമ്മുടെ ശരീരത്തിലേക്കും കടക്കുന്നു എന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
രോഗാണുക്കൾക്ക് മൊബൈൽ സ്ക്രീനുകളിൽ 28 ദിവസം വരെ ജീവിക്കാൻ കഴിയുമെന്ന് അണുബാധ നിയന്ത്രണ വിദഗ്ധൻ ഡോ ഹ്യൂ ഹെയ്ഡൻ പറയുന്നു. "സ്‌മാർട്ട്‌ഫോണുകൾക്ക് ടോയ്‌ലറ്റ് സീറ്റുകളേക്കാൾ പത്തിരട്ടി വരെ അണുക്കളെ വഹിക്കാൻ കഴിയുമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് എന്നും അദ്ദേഹം യാഹൂ ലൈഫ് യുകെയോട് പറഞ്ഞു.
സൂക്ഷ്മമായി പരിശോധിച്ചാൽ പകർച്ചവ്യാധിയുടെ വാഹകരാണ് സ്മാർട്ട്ഫോണുകൾ, അതിനാൽത്തന്നെ തങ്ങളുടെ കാഴ്ചപ്പാടിൽ 'ഡിജിറ്റൽ യുഗത്തിലെ കൊതുക്' എന്നാണ് ടച്ച് സ്ക്രീനുകൾ വിശേഷിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. നമ്മൾ ഒരു പ്രതലത്തിൽ തൊട്ട ശേഷം സ്ക്രീനിലേക്കും തൊടുമ്പോൾ ക്രോസ് മലിനീകരണത്തിന് സാധ്യതയുണ്ടെന്നും ഫോൺ തന്നെ അണുബാധയുടെ ഉറവിടമായി മാറുന്നുവെന്നും ഹ്യൂ ഹെയ്ഡൻ പറയുന്നു.
സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉൾപ്പെടെയുള്ള വിവിധ ദോഷകരമായ അണുക്കൾ ടോയ്‌ലറ്റ് സീറ്റുകളിൽ ഉണ്ടാകാം. ടോയ്ലറ്റിൽ കൊണ്ടുപോയുള്ള ഉപയോഗത്തിനിടെ ഈ രോഗകാരികൾ സ്മാർട്ട്ഫോണിൽ എത്തിപ്പെടും. ടോയ്ലറ്റിൽ കൊണ്ടുപോയ ശേഷം സ്മാർട്ട്ഫോൺ അണുവിമുക്തമാക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. കൈകൾ ശുചിയാക്കുന്നത്ര എളുപ്പത്തിൽ സ്മാർട്ട്ഫോൺ അണുവിമുക്തമാക്കാൻ സാധിക്കില്ല. ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസം മൂലം പലരും ഇതത്ര ദോഷമുള്ള ശീലമായി കണക്കാക്കാറില്ല.

എന്നാൽ സ്മാർട്ട്ഫോണിൽ കയറിക്കൂടുന്ന ഈ അണുക്കൾ ശരീരത്തിൽ എത്തിപ്പെട്ടാൽ മൂത്രനാളിയിലെ അണുബാധ, വയറുവേദന, വയറിളക്കം, അണുബാധകൾ, ഭക്ഷ്യവിഷബാധ, ചർമ്മത്തിൽ കുരുക്കൾ പോലെ അണുബാധ, സൈനസൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ, മറ്റ് സങ്കീർണതകൾ എന്നിവയ്ക്ക് കാരണമാകും എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദീർഘനേരമുള്ള ഇരുപ്പ് മറ്റ് ശാരീരിക പ്രശ്നങ്ങളും സൃഷ്ടിക്കും.
സ്മാർട്ട്ഫോൺ മാത്രമല്ല, ടോയ്ലറ്റിൽ കൊണ്ടുപോകുന്നതു കൊണ്ട് ഇയർബഡ്സുകൾ പോലെയുള്ള മറ്റ് ഗാഡ്ജറ്റുകളും മലിനമാകാൻ സാധ്യതയുണ്ട്. അതിനാൽത്തന്നെ ടോയ്ലറ്റിൽ പോകുന്ന സമയം മറ്റ് വിനോദങ്ങൾക്ക് അവധികൊടുത്ത് സ്മാർട്ട്ഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അല്ലെങ്കിൽ ടോയ്ലറ്റിലേക്കുള്ള പോക്ക് ഭാവിയിൽ ആശുപത്രിയിലേക്കുള്ള പോക്കിനും കാരണമായി മാറും.


Click it and Unblock the Notifications