പൊൻമുട്ടയിടുന്ന താറാവ്! ഐഫോണിനൊപ്പം ചാർജറും നൽകണമെന്ന് ഇന്ത്യ; ബുദ്ധിമുട്ടാണെന്ന് ആപ്പിൾ
ഐഫോൺ (iPhone) വാങ്ങുന്ന ഉപയോക്താക്കൾക്ക് ഫോണിനൊപ്പം ചാർജറും നൽകണമെന്ന് ആപ്പിളി (Apple)നോട് ആവശ്യപ്പെട്ട് ഇന്ത്യ. സ്‌മാർട്ട്‌ഫോണുകൾക്ക് യൂണിവേഴ്‌സൽ യുഎസ്‌ബി-സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കാനുള്ള യൂറോപ്യൻ യൂണിയൻ നിർദ്ദേശം ഇവിടെയും നടപ്പാക്കാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഫോണിനൊപ്പം ചാർജറും ഉണ്ടാകണമെന്ന ആവശ്യവും ഇന്ത്യ ആപ്പിളിനോട് ഉന്നയിച്ചിരിക്കുന്നത്.
എല്ലാ സ്മാർട്ട്ഫോണുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന യൂണിവേഴ്സൽ ചാർജർ സംവിധാനം ഉണ്ടാകണമെന്നാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് അധിക പണം ചെലവാക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ ഇലക്ട്രോണിക്സ് മാലിന്യം കുറയ്ക്കുന്നതിനും ഈ തീരുമാനം സഹായിക്കും. സാംസങ് അടക്കമുള്ള പ്രമുഖ കമ്പനികൾ ഇന്ത്യയുടെ പ്ലാൻ അനുസരിക്കാൻ സന്നദ്ധരാണ്.

അതേസമയം ആപ്പിളാകട്ടെ, ഇതിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് പിന്തുടരുന്നത്. കാലങ്ങളായി ആപ്പിൾ തങ്ങളുടെ ഫോണുകളിൽ ലൈറ്റ്‌നിങ് പോർട്ട് ആണ് അവതരിപ്പിക്കുന്നത്. അതിന് പ്രത്യേകം ചാർജറും പുറത്തിറക്കുന്നു. എന്നാൽ ഫോണിനൊപ്പം ചാർജർ നൽകുന്നുമില്ല. ഇതിനെതിരേ യൂറോപ്യൻ യൂണിയൻ കർശന നടപടി കൈക്കൊണ്ടിരുന്നു.
വിപണിയിലെ എല്ലാ പുതിയ സ്മാർട്ട്ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും ക്യാമറകൾക്കും 2024 മുതൽ ഒരൊറ്റ ചാർജർ മതിയെന്നാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. ഇതിനായുള്ള നിയമവും പാസാക്കി കഴിഞ്ഞു. ഇത് പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള സമയം എല്ലാവർക്കുമായി നൽകിയിരിക്കുകയാണ്. നിയമപ്രകാരം 2025 മുതൽ പുറത്തിറങ്ങുന്ന ഡിവൈസുകൾക്ക് ഏകീകൃത ചാർജർ ഉണ്ടാവണം.

ഇ മാലിന്യം കുറയ്ക്കാനും അതോടൊപ്പം ആളുകൾക്ക് ഉണ്ടാകുന്ന അധിക ചിലവ് കുറയ്ക്കാനും സഹായിക്കുന്ന ഈ നടപടി ഇന്ത്യയും നടപ്പാക്കാൻ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായുള്ള ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ, നവംബർ 28 ന് ഇന്ത്യയുടെ ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, നിലവിലുള്ള ഐഫോൺ മോഡലുകളെ നിർദ്ദിഷ്ട ചട്ടങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് ആപ്പിൾ അഭ്യർഥിച്ചു എന്നാണ് റിപ്പോർട്ട്.
ഫോണുകൾക്കൊപ്പം ചാർജർ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം നടപ്പാക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് ആപ്പിളിന്റെ വാദം. ഈ തീരുമാനം നടപ്പാക്കിയാൽ തങ്ങൾ ഇന്ത്യയിൽ നടത്തുന്ന ഐഫോൺ നിർമാണങ്ങളെയും അത് ദോഷകരമായി ബാധിക്കും എന്ന് ആപ്പിൾ പറയുന്നു. മുൻ ഐഫോൺ മോഡലുകൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാക്കിയാൽ അത് പിഎൽഐ ടാർഗെറ്റ് കൈവരിക്കുന്നതിന് വെല്ലുവിളിയാകുമെന്നാണ് വാദം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന പദ്ധതിയാണ് പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ). ഇന്ത്യയിലെ ഇലക്ട്രോണിക്സ് സാധനങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പിഎൽഐ പദ്ധതി ഇലക്ട്രോണിക് നിർമ്മാതാക്കൾക്ക് ഇന്ത്യയിൽ നിക്ഷേപത്തിനും ഫോൺ വിൽപ്പനയ്ക്കും വർഷം തോറും സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ആപ്പിളിന്റെ വിതരണക്കാർ, പ്രത്യേകിച്ച് ഫോക്‌സ്‌കോൺ, ഇന്ത്യയിൽ ഐഫോൺ നിർമ്മാണം വിപുലീകരിക്കുന്നതിന് പിഎൽഐ സ്കീം പ്രയോജനപ്പെടുത്തുന്നുണ്ട്. പഴയ ഐഫോൺ മോഡലുകളും പൊതുവായ ചാർജറിലേക്ക് മാറുന്നത് ഇന്ത്യയിലെ ആപ്പിളിന്റെ വിൽപ്പനയെ ബാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യൻ വിപണിയിൽ വില ഒരു പ്രധാന ഘടകമാണ്. പഴയ മോഡലുകളും ഏകീകൃത ചാർജർ സംവിധാനത്തോടെ അവതരിപ്പിക്കേണ്ടി വന്നാൽ ചിലവ് കൂടും.
ചിലവ് കൂടുന്നത് വിലയിലും പ്രതിഫലിക്കും. ഇത് വിപണിയിൽ തിരിച്ചടിയാകും എന്നാണ് വിശദീകരണം. അതേസമയം 2025 ജൂണോടെ എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരേ ചാർജർ എന്ന ലക്ഷ്യം നേടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിനെ സംബന്ധിച്ചിടത്തോളം പൊൻമുട്ടയിടുന്ന താറാവായിരുന്നു ലെറ്റ്നിങ് പോർട്ടുകൾ. ഫോണിനൊപ്പം ചാർജറും ആളുകൾ വാങ്ങേണ്ടിവരുന്നു. ഇത് ആപ്പിളിന്റെ വരുമാനം കൂട്ടുന്നു.
ചാർജർ വിൽപ്പനയിലൂടെ തന്നെ നല്ലൊരു വരുമാനം ആപ്പിളിന് ലഭിക്കുന്നുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയന്റെ ഇടപെടലോടെ വരുമാനം നിലയ്ക്കാൻ പോകുകയാണ്. ഏറ്റവും പുതിയ ഐഫോൺ 15 സീരീസിൽ ലെറ്റ്നിങ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ് സി പോർട്ടാണ് ആപ്പിൾ അവതരിപ്പിച്ചത്. എന്നാൽ ഇവിടെയും തങ്ങളുടേതായ ചില പൊടിക്കൈകൾ ആപ്പിൾ പ്രയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


Click it and Unblock the Notifications








