കശ്മീരിന്റെ മാറിലൊളിപ്പിച്ച വെളുത്ത സ്വർണം മാറ്റിവരയ്ക്കുക രാജ്യത്തിന്റെ തലവരയോ?

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന വാർത്ത പുറത്ത് വന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ പ്രകാരം ഏകദേശം 60 ലക്ഷം ടൺ ലിഥിയം ശേഖരം റിയാസിയിൽ ഉണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്കും ക്ലീൻ എനർജിയിലേക്കും കുതിക്കാൻ ആഗ്രഹിക്കുന്ന ലോകത്തിന് ഏറ്റവും ആവശ്യമായ മൂലകങ്ങളിൽ ഒന്നാണ് ലിഥിയം. പെട്രോളിയം ലോകത്തിന്റെ ഗതി നിർണയിച്ചിരുന്ന കാലമാണ് കടന്ന് പോകുന്നത്. ഇനിയുള്ള ലോകക്രമത്തിൽ ആ സ്ഥാനം ലിഥിയത്തിനായിരിക്കും. ഇന്ത്യയിലെ ലിഥിയം നിക്ഷേപത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നതും ഇത് തന്നെ. നിലവിൽ ഓസ്‌ട്രേലിയ, ചിലി, ചൈന എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതൽ ലിഥിയം ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും. ആഗോള വിപണിയിൽ കോടാനുകോടികൾ വിലമതിക്കുന്ന നിക്ഷേപമാണ് കശ്മീരിലുള്ളത്.
ഇലക്ട്രിക് വാഹനരംഗത്തും സ്മാർട്ട്ഫോൺ ഉത്പാദനരംഗത്തും ഇന്ത്യ വൻ കുതിപ്പിനൊരുങ്ങവെയാണ് ഇത്ര വലിയ ലിഥിയം നിക്ഷേപം രാജ്യത്ത് കണ്ടെത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും വിലപിടിപ്പുള്ള ഭാഗം അതിലെ ലിഥിയം അയൺ ബാറ്ററിയാണ്. അതിനാൽ സ്വന്തമായി ഇത്ര വലിയ ലിഥിയം ശേഖരമുള്ളത് വൈദ്യുതി വാഹന നിർമാണ രംഗത്ത് ഇന്ത്യയുടെ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. മാത്രമല്ല തദ്ദേശീയമായി ഇവി ബാറ്ററി ഉത്പാദനത്തിന് സാധിച്ചാൽ ഇന്ത്യയിൽ ഇവികൾക്ക് വില കുറയും. ലിഥിയം ബാറ്ററി രംഗത്തെ ചൈനീസ് കുത്തക അവസാനിപ്പിക്കാനും സാധിക്കും. ഇവികളിൽ മാത്രമല്ല, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങി പുതിയ കാലത്തെ മിക്കവാറും ഗാഡ്ജറ്റുകളുടെ ബാറ്ററികളും ലിഥിയം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

ആപ്പിൾ പോലെയുള്ള കമ്പനികൾ സ്മാർട്ട്ഫോൺ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ലിഥിയത്തിന്റ ലഭ്യത അത്തരം നീക്കങ്ങൾക്ക് കരുത്ത് പകരും. ഗ്ലാസ്, സെറാമിക്സ് തുടങ്ങിയ വ്യവസായങ്ങളിലും ലിഥിയം ബാറ്ററികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വൈദ്യശാസ്ത്ര രംഗത്തും സോളാർ പാനലുകൾ പോലെയുള്ള പുനരുപയോഗിക്കാവുന്ന ഊർജ സാങ്കേതിക മേഖലകളിലും ലിഥിയം ഉപയോഗപ്പെടുത്തുന്നുണ്ട്. വർഷാവർഷം ലിഥിയത്തിന്റെ ആഗോള ആവശ്യകത കൂടി വരികയാണ്. 2025ൽ ഒരു പക്ഷെ ലിഥിയത്തിന് ക്ഷാമം നേരിടാമെന്നും പഠനങ്ങൾ പറയുന്നു. ഇവികളുടെ ഡിമാൻഡും കൂടി വരികയാണ്. പെട്രോളും ഡീസലും പോലെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള കഠിനപരിശ്രമത്തിലാണ് ലോകം. കാർബൺ ബഹിർഗമനം നിയന്ത്രിക്കണമെങ്കിൽ ആഗോള തലത്തിൽ കുറഞ്ഞത് 2 ബില്യൺ ഇവികൾ എങ്കിലും വേണ്ടി വരും. ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സാർവത്രികമാകുന്നതോടെ വലിയ സാമ്പത്തിക നേട്ടത്തിനും സ്വയം പര്യാപ്തതയ്ക്കും കശ്മീരിലെ ലിഥിയം ശേഖരം രാജ്യത്തെ സഹായിക്കും.
ലോകത്താകെയുള്ള ലിഥിയം നിക്ഷേപത്തിന്റെ 50 ശതമാനനവും അർജന്റീന, ബൊളീവിയ, ചിലി എന്നീ രാജ്യങ്ങളിലാണുള്ളത്. ഓസ്ട്രേലിയയിലും ഏകദേശം 2.7 ദശലക്ഷം ടൺ ലിഥിയ നിക്ഷേപമുണ്ട്. ലോകത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം നിലവിൽ അഫ്ഗാനിസ്ഥാനിലാണുള്ളത്. ഏതാണ്ട് ഒരു ലക്ഷം കോടി ടൺ ലിഥിയമാണ് അഫ്ഗാനിലുള്ളത്. എന്നാൽ ലിഥിയം ബാറ്ററി നിർമാണത്തിന്റെ 60 ശതമാനവും ചൈനീസ് നിയന്ത്രണത്തിലുമാണുള്ളത്.
ലിഥിയം അയൺ ബാറ്ററി

ലിഥിയം അയൺ ബാറ്ററിയുടെ കണ്ടുപിടുത്തം ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടിങ്, ഡിജിറ്റൽവത്കരണം എന്നിങ്ങനെ സാങ്കേതിക മേഖലയുടെ സകല രംഗങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചുവെന്ന് പറയാം. ലോകത്തെ ക്ലീൻ എനർജിയുടെ പാതയിലേക്ക് നയിക്കുന്നതിലും ലിഥിയം അയൺ ബാറ്ററികൾക്ക് പങ്കുണ്ട്. പഴയ സാങ്കേതികവിദ്യകളെപ്പോലെ മലിനീകരണമില്ലെന്നതാണ് ലിഥിയം അയൺ ബാറ്ററികളുടെ ഒന്നാമത്തെ സവിശേഷത. ഉയർന്ന ഊർജ സാന്ദ്രതയും ലിഥിയം അയൺ ബാറ്ററികളുടെ പ്രത്യേകതയാണ്.
ലിഥിയം അയൺ ബാറ്ററികളുടെ വികസനഘട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച മൂന്ന് ശാസ്ത്രജ്ഞർക്ക് 2019ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിച്ചിരുന്നു. പുരസ്കാരം ലഭിച്ചവരിൽ സ്റ്റാൻലി വിറ്റിങ്ഹാം ഫോസിൽ ഇന്ധന രഹിത ഊർജ സാങ്കേതികവിദ്യകളിലേക്കുള്ള പുതിയ മാർഗങ്ങൾ വികസിപ്പിച്ച ശാസ്ത്രജ്ഞനാണ്. ജോൺ ഗുഡ്നഫ് ബാറ്റിയിൽ ഉപയോഗിക്കുന്ന കാഥോഡ് വികസിപ്പിച്ചെടുത്തു. 1985ൽ വാണിജ്യപരമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ആദ്യത്തെ ലിഥിയം അയൺ ബാറ്ററി സൃഷ്ടിച്ചയാളാണ് മൂന്നാമത്തെ നൊബേൽ ജേതാവായ അകിര യോഷിനോ.


Click it and Unblock the Notifications