'ഡൂക്കിലി ആണത്രേ'! AI ചിപ്പുകൾ ചൈനയ്ക്ക് വിൽക്കാൻ അനുമതി നൽകി ട്രംപ്; ലക്ഷ്യം വരുമാനത്തിന്റെ പങ്ക്
അവിശ്വസനീയമായ തീരുമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ട് തന്നെ. ഒരിക്കൽ രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് യുഎസിൽ നിന്ന് AI ചിപ്പുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ അതെല്ലാം മാറ്റിവച്ചുകൊണ്ട് അമേരിക്കയ്ക്ക് തീരെ താൽപര്യമില്ലാത്ത രാജ്യം എന്ന് കരുതപ്പെടുന്ന ചൈനയിലേക്ക് തന്നെ എൻവിഡിയയുടെ നെക്സ്റ്റ് ജനറേഷൻ എഐ ചിപ്പുകൾ വിൽപ്പനയ്ക്ക് അയയ്ക്കാൻ ട്രംപ് അനുമതി നൽകിയിരിക്കുന്നു. എന്നാൽ പതിവ് പോലെ ട്രംപിന്റെ ഈ തീരുമാനവും വിവാദത്തിന് വഴിവച്ചിട്ടുണ്ട്.
എൻവിഡിയയുടെ അടുത്ത തലമുറയിലെ നൂതന ജിപിയു ചിപ്പിന്റെ ഒരു ചെറിയ വേരിയന്റ് ചൈനയിൽ വിൽക്കാൻ അനുവദിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിങ്കളാഴ്ചയാണ് അഭിപ്രായപ്പെട്ടത്. 30% മുതൽ 50% വരെ ശേഷി കുറവുള്ള ചിപ്പുകളാണ് കയറ്റുമതിക്കായി അനുമതി നൽകിയിരിക്കുന്നത് എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് ഇതേപ്പറ്റി വിശദീകരിച്ചത്.

ചൈനയും അമേരിക്കയും തമ്മിൽ എല്ലാ തലത്തിലും ഒരു മത്സരം നിലനിൽക്കുന്നുണ്ട് എന്നത് ലോകത്തിന് മുഴുവൻ അറിയാവുന്നതാണ്. അങ്ങനെയിരിക്കെ ചൈനയ്ക്ക് നേട്ടമാകുന്ന വിധത്തിൽ യുഎസിൽ നിന്നുള്ള ടെക്നോളജി ലഭ്യമാക്കുന്നതിന് എതിരേ അമേരിക്കയിൽ തന്നെ എതിർപ്പ് ഉയർന്നുതുടങ്ങിയിട്ടുമുണ്ട്. എഐ ടെക്നോളജിയിൽ ചൈനയെ തങ്ങൾക്ക് പിന്നിൽ നിർത്താനാണ് അമേരിക്കൻ ഭരണകൂടം കഴിഞ്ഞ നാളുകളിൽ ശ്രദ്ധിച്ചിട്ടുള്ളത്.
എൻവിഡിയയുടെ പ്രീമിയം ചിപ്പിന്റെ ശേഷി കുറഞ്ഞ വേരിയന്റുകൾ ആണ് ചൈനയിലേക്ക് വിൽക്കുന്നത് എന്ന ട്രംപിന്റെ വാദത്തെ എതിർവാദക്കാർ തള്ളുന്നു. കുറഞ്ഞ എഐ ചിപ്പുകൾ നൽകിയാലും അതുപയോഗിച്ച് AI സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ ചൈനയ്ക്ക് കഴിയും എന്നാണ് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ മുൻ ടെക്നോളജി ആൻഡ് നാഷണൽ സെക്യൂരിറ്റി ഡയറക്ടർ സെയ്ഫ് ഖാൻ പറഞ്ഞത്.
ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനം എഐ ടെക്നോളജിയിൽ അമേരിക്കയെ ചൈന മറികടക്കാൻ ഇടയാക്കുമെന്നും സെയ്ഫ് ഖാൻ പ്രതികരിച്ചു. മാർച്ചിൽ എൻവിഡിയ പുറത്തിറക്കിയ ബ്ലാക്ക്‌വെൽ ചിപ്പിന്റെ പ്രീമിയം യുഎസ് വേരിയന്റ് അതിന്റെ മുൻഗാമിയേക്കാൾ 30 മടങ്ങ് വേഗതയുള്ളതാണ്. എൻവിഡിയ ചൈനയ്ക്കായി ഒരു പുതിയ ചിപ്പ് തയ്യാറാക്കുന്നുണ്ടെന്നും അത് ഏറ്റവും അത്യാധുനിക AI ബ്ലാക്ക്‌വെൽ ചിപ്പുകളുടെ ഒരു വകഭേദമാണ് എന്നും മേയിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്തുകൊണ്ട് ട്രംപ് അനുമതി നൽകി
രാജ്യത്തിന്റെ വരുമാനത്തിനായാണ് താൻ ഈ തീരുമാനത്തിന് അനുമതി നൽകുന്നത് എന്നാണ് ട്രംപ് വിശദീകരിച്ചിട്ടുള്ളത്. അതായത് ഇതിനകം തന്നെ, എൻവിഡിയയുമായും എഎംഡിയുമായും ട്രംപ് സർക്കാർ ഒരു കരാർ ഉണ്ടാക്കിയിരുന്നു. ചൈനയിൽ പ്രോഡക്ടുകൾ വിൽക്കുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 15 ശതമാനം യുഎസ് സർക്കാരിന് നൽകണം എന്നതായിരുന്നു ഈ കരാർ. ഇതിന്റെ പശ്ചാത്തലത്തിലാണ് ചിപ്പ് കയറ്റുമതിക്ക് അനുമതി നൽകിയിരിക്കുന്നത്.
ചൈനയിലേക്ക് നിർത്തിവച്ച ചിപ്പ് കയറ്റുമതി ഉൾപ്പെടെ യുഎസ് ഉടൻ പുനരാരംഭിക്കും. ചൈനയ്ക്ക് H20 ചിപ്പുകൾ വിൽക്കാൻ ആവശ്യമായ ലൈസൻസുകൾ യുഎസ് വാണിജ്യ വകുപ്പ് നൽകാൻ തുടങ്ങിയിട്ടുണ്ടെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. H20 പോലുള്ള ചിപ്പുകൾ വിൽക്കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് വാഷിംഗ്ടൺ കരുതുന്നില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥനും പ്രതികരിച്ചിട്ടുണ്ട്.
H20 ചിപ്പ് ചൈനയ്ക്ക് ഇതിനകം തന്നെ ഉണ്ടെന്നും അത് കാലഹരണപ്പെട്ടതാണ് എന്നുമാണ് അനുമതി നൽകിയത് വിശദീകരിച്ചുകൊണ്ട് ട്രംപ് വാദിക്കുന്നത്. ''കേൾക്കൂ, ഞാൻ ഇത് നിങ്ങൾക്കായി, രാജ്യത്തിനായി അംഗീകരിക്കാൻ പോകുകയാണെങ്കിൽ എനിക്ക് 20% വേണം.'" എന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാൽ എത്രയൊക്കെ വിശദീകരിച്ചാലും ചൈനീസ് കമ്പനികളുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്റലിന്റെ പുതിയ സിഇഒ ലിപ്-ബു ടാന്റെ രാജി ആവശ്യപ്പെടുക വരെ ചെയ്ത ട്രംപിന്റെ ഈ നീക്കം പതിവുപോലെ ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








