'ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെടും'! ചാർജ് ചെയ്യുന്ന ഫോണിന്റെ അരികിൽ ഉറങ്ങരുതെന്ന് ആപ്പിൾ മുന്നറിയിപ്പ്
കിടക്കാൻ നേരം കൈയെത്തും ദൂരത്ത് ഫോൺ ചാർജിങ്ങിനിട്ട് ഉറങ്ങുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ഇത്തരം പ്രവൃത്തി 'ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്' (മരണത്തിലേക്ക്) പോലും ആളുകളെ കൊണ്ടെത്തിക്കുമെന്ന മുന്നറിയിപ്പുമായി ആപ്പിൾ രംഗത്ത്. ചാർജ് ചെയ്യുന്ന ഫോണിന്റെ അരികിലായി ഒരിക്കലും ഉറങ്ങരുതെന്ന് ഉപയോക്താക്കൾക്കായി പുറത്തിറക്കിയ മുന്നറിയിപ്പിൽ ആപ്പിൾ പറയുന്നു.
ഫോൺ ശരിയായ രീതിയിൽ ചാർജ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ആപ്പിൾ, ചാർജിംഗ് കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണാ മറ്റ് ഡിവൈസുകളോ അടുത്തുവച്ച് ഉറങ്ങുന്നതിന്റെ അപകടസാധ്യതകൾ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകൾ, ഫോണിനും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതകൾ എന്നിവയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇത്തരം അപകട സാധ്യതകൾ ഒഴിവാക്കാൻ ഫോൺ നല്ല വെന്റിലേഷൻ ഉള്ള പ്രദേശത്ത് വച്ച് കേബിളുമായി കണക്ട് ചെയ്ത് ചാർജ് ചെയ്യണമെന്ന് ആപ്പിൾ ഉപയോക്താക്കളെ ശക്തിയുക്തം ഉപദേശിക്കുന്നു. പലരും ഏറെ നിസാരമായി കാണുമെങ്കിലും ചാർജിങ് ഏറെ അപകടം നിറഞ്ഞ ഒരു പ്രക്രിയയാണ്. അതിനാൽത്തന്നെ ചാർജിങ്ങിൽ അതീവ ശ്രദ്ധ പുലർത്തണം എന്നാണ് ആപ്പിൾ പറയുന്നത്.
ചാർജിങ്ങിൽ ഡിവൈസ് അമിതമായി ചൂടാകാനുള്ള സാധ്യത കൂടുതലാണ്, അതിനാൽത്തന്നെ ബ്ലാങ്കറ്റിനോ തലയിണയ്ക്കോ അടിയിൽ ഫോൺ വച്ച ശേഷം ചാർജ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് മുന്നറിയിപ്പിൽ ആപ്പിൾ പറയുന്നു. ആപ്പിളിന്റെ സന്ദേശം വളരെ വ്യക്തമാണ്, "ഒരു ഡിവൈസ്, പവർ അഡാപ്റ്റർ, അല്ലെങ്കിൽ വയർലെസ് ചാർജർ എന്നിവയിൽ കണക്ട് ചെയ്ത് ഒരിക്കലും ഉറങ്ങരുത്.
കൂടാതെ ചാർജിങ്ങിലിരിക്കുമ്പോൾ ഫോൺ/ഡിവൈസ് പുതപ്പ്, തലയിണ എന്നിവയ്ക്കടിയിലോ ശരീരവുമായി ബന്ധപ്പെടുന്ന രീതിയിലോ വയ്ക്കാതിരിക്കുക. ഐഫോണുകൾ, പവർ അഡാപ്റ്ററുകൾ, വയർലെസ് ചാർജറുകൾ എന്നിവ എപ്പോഴും നന്നായി വായുസഞ്ചാരമുള്ള ഇടങ്ങളിൽ വച്ച് ചാർജ് ചെയ്യുക. ഒറിജിനൽ ചാർജർ ഇല്ലാത്ത അവസരങ്ങളിൽ അന്താരാഷ്‌ട്ര സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്ന "ഐഫോണിനായി നിർമ്മിച്ചത്" എന്ന ലേബലുള്ള കേബിളുകൾ തിരഞ്ഞെടുക്കാൻ ആപ്പിൾ ഉപദേശിക്കുന്നു.
തേർഡ്-പാർട്ടി കേബിളുകളും പവർ അഡാപ്റ്ററുകളും ഉപയോഗിച്ച് ഐഫോൺ ചാർജ് ചെയ്യാൻ സാധിക്കുമെന്നത് ശരിയാണ്. എന്നാൽ ഏറെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ആപ്പിൾ ചാർജറുകൾ തയാറാക്കുന്നത്. ആപ്പിളിന് പുറത്തുനിർമിച്ച ബദൽ ചാർജറുകൾക്ക് ആ നിലവാരം ഉണ്ടായിരിക്കണമെന്നില്ല. ഇത് അപകട സാധ്യത കൂട്ടുമെന്നും ചിലപ്പോൾ മരണം പോലും സംഭവിച്ചേക്കാമെന്നും ആപ്പിൾ മുന്നറിയിപ്പിൽ പറയുന്നു.
കൂടാതെ, ദ്രാവകത്തിനോ വെള്ളത്തിനോ സമീപം ഫോണുകൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും ആപ്പിൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ ചാർജുചെയ്യുന്നത്, തീപിടുത്തങ്ങൾ, വൈദ്യുത ആഘാതം, പരിക്കുകൾ അല്ലെങ്കിൽ ഐഫോണിനും മറ്റ് വസ്തുവകകൾക്കും കേടുപാടുകൾ എന്നീ അപകടങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കേടായ ചാർജറുകൾ ഉടനടി ഉപേക്ഷിക്കണം. കേടായ കേബിളുകൾ അല്ലെങ്കിൽ ചാർജറുകൾ ഉപയോഗിക്കുന്നതും അപകടം വിളിച്ചുവരുത്തും.

സുരക്ഷയ്ക്ക് മുൻഗണന നൽകി, ഫോൺ ചാർജ് ചെയ്യുമ്പോൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം പാലിക്കണമെന്ന് ആപ്പിൾ നിഷ്കർഷിക്കുന്നു. ഈ ശുപാർശകൾ പാലിക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് തങ്ങളെ സ്വയം സംരക്ഷിക്കുന്നതോടൊപ്പം ചുറ്റുമുള്ളവരെയും സ്വന്തം ഡിവൈസുകളെയും സംരക്ഷിക്കാനും അപകടസാധ്യത കുറയ്ക്കാനും സാധിക്കുമെന്ന് ആപ്പിൾ ചാർജിങ് നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
ഉയർന്ന നിലവാരത്തോടെയാണ് ആപ്പിൾ ഡിവൈസുകൾ എത്തുന്നത്. എന്നാൽ അതിന്റെ പകുതി നിലവാരം പോലുമില്ലാത്ത ഫോണുകളും ചാർജറുകളും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. ആപ്പിൾ തന്നെ ഇത്തരം മുന്നറിയിപ്പ് നൽകുമ്പോൾ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമല്ല, മറ്റ് സാധാരണ ഫോൺ ഉപയോഗിക്കുന്നവരും അത് ഏറെ ശ്രദ്ധേയോടെ പിന്തുടരേണ്ടിയിരിക്കുന്നു.
മൊബൈൽ പൊട്ടിത്തെറിച്ചും, ചാർജിങ്ങിനിടെ തീപിടിച്ചും നിരവധി അപകടങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രതിസ്ഥാനത്ത് ഐഫോണുകൾ വന്ന സംഭവങ്ങൾ കുറവാണ്. എങ്കിൽക്കൂടി, അപകടം ഏത് സമയത്തും സംഭവിക്കാം, ജാഗ്രതയാണ് മുഖ്യം എന്ന് ആപ്പിൾ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. അതിനാൽത്തന്നെ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്ന എല്ലാവർക്കും ഈ മുന്നറിയിപ്പുകൾ ബാധകമാണ്.


Click it and Unblock the Notifications








