മൂന്ന് മാസത്തിനുള്ളിൽ ബ്ലോക്ക് ചെയ്തത് 71,000ത്തിലധികം സിം കാർഡുകൾ! എന്തുകൊണ്ട് ഇത് സംഭവിക്കുന്നു..?
ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ് ടെക്‌നോളജി. ടെക്‌നോളജിയുടെ വളർച്ചയ്‌ക്കൊപ്പം പുത്തൻ പ്രൊഡക്ടുകളും പുറത്തിറങ്ങുന്നുണ്ട്. എന്നാൽ അതിന്റെയെല്ലാം ഒപ്പം നിരവധി തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. വ്യാജ കോൾ വഴി പണം തട്ടിയതും ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടുന്നതും സ്ഥിരം സംഭവമായി ഇപ്പോൾ മാറി. തട്ടിപ്പുകൾക്ക് തടയിടാൻ സർക്കാറുകളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും തട്ടിപ്പ് തുടരുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ മൂന്ന് മാസം കൊണ്ട് 71,000ത്തിലധികം സിം കാർഡുകൾ ബ്ലോക്ക് ചെയ്ത റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് ഇത്രയധികം സിം കാർഡുകൾ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ബ്ലോക്ക് ചെയ്തത്.
എന്തിനാണ് ഇവയെല്ലാം ബ്ലോക്ക് ചെയ്യപ്പെട്ടത് എന്ന് ഓർക്കുന്നുണ്ടാകുമല്ലേ. ഈ ബ്ലോക്ക് ചെയ്യപ്പെട്ടതിൽ ബഹുഭൂരിപാകവും തട്ടിപ്പ് സംഘം ഉപയോഗിക്കുന്ന സിം കാർഡുകളായിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് വാങ്ങിയ സിം കാർഡുകളായിരുന്നു ഇവ. ഇത്തരത്തിൽ വാങ്ങിയ സിം കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ഏജന്റുമാരെ ചൂഷണം ചെയ്ത് നിയമവിരുദ്ധമായി സിം കാർഡുകൾ നേടിയെടുക്കാനും ഈ കുറ്റവാളികൾ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് ഈ കാർഡുകൾ വാങ്ങുകയും വ്യക്തികളിൽ നിന്ന് കോടിക്കണക്കിന് രൂപ കബളിപ്പിക്കുകയും ചെയ്തതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സിം കാർഡുമായി ബന്ധപ്പെട്ട എന്തെങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ സഞ്ചാർ സാത്തി പോർട്ടൽ, വെബ്സൈറ്റ് എന്നിവയിലൂടെയോ 1930 എന്ന നമ്പറിൽ വിളിച്ചോ പരാതിപ്പെടണം. പരാതി നൽകാൻ ഇരകൾ മുന്നോട്ട് വന്നില്ലെങ്കിൽ തട്ടിപ്പുകാർക്ക് അത് ഗുണം ചെയ്യും. പരാതി നൽകിയാൽ ഉടൻ തന്നെ നടപടിയെടുക്കാനും കൂടുതൽ തട്ടിപ്പുകൾ തടയാനും കഴിയും. അതിനാൽ തന്നെ സിം കാർഡുമായി ബന്ധപ്പെട്ട എന്തെങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ മടി കാണിക്കരുത്.
നിങ്ങളുടെ സിം കാർഡുകൾ കൈമാറ്റം ചെയ്യരുത്. സിം കാർഡുകൾ കൈമാറ്റം ചെയ്യാൻ പാടില്ലെന്നും അതായത് അവരുടെ പേരിൽ ഒരു സിം ലഭിക്കുന്ന വ്യക്തി അതിന്റെ ഉപയോഗത്തിന് പൂർണ്ണമായും ഉത്തരവാദിയാണെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായി സിം കാർഡുകൾ വാങ്ങുന്നത് ജാമ്യമില്ലാ കുറ്റമാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

സിം കാർഡുപയോഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമായതോടെ നിയമങ്ങളും സർക്കാർ കടുപ്പിച്ചലട്ടുണ്ട്. ഇപ്പോൾ ആധാർ കാർഡുപയോഗിച്ച് മാത്രമേ സിം കാർഡ് അനുവദിക്കാൻ പാടുള്ളൂ എന്നുള്ള നിയമം കൂടി പ്രാബല്യത്തിലായിട്ടുണ്ട്. ആധാർ കാർഡ് മാത്രം നൽകിയാൽ മതിയാവില്ല, ബയോമെട്രിക് പരിശോധന കൂടി ആവശ്യമായി വരും. ഒരാളുടെ പേരിൽ മറ്റൊരാൾക്ക് ഇനി മൊബൈൽ കണക്ഷൻ എടുക്കാൻ കഴിയില്ലെന്ന് സാരം.
പുതിയ മൊബൈൽ കണക്ഷൻ എടുക്കാൻ ബയോമെട്രിക് പരിശോധന പൂർത്തിയാക്കണം. വോട്ടർ ഐഡി, പാസ്പോർട്ട് അല്ലെങ്കിൽ സർക്കാർ നൽകിയ മറ്റ് രേഖകൾ നൽകുന്നതിനുപകരം ആധാർ കാർഡുകളാണ് ഇനി ആവശ്യമായി വരിക. വ്യാജ രേഖകൾ വഴി ലഭിക്കുന്ന സിം കാർഡുകളുടെ ദുരുപയോഗം തടയുന്നതിനും തട്ടിപ്പ് തടയുന്നതിനുമാണ് ഈ നീക്കം.

അനധികൃത മൊബൈൽ കണക്ഷനുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്. കൂടാതെ ഒന്നിലധികം സിം കാർഡുകൾ ഇപയോഗിക്കുന്നവരെ നിരീക്ഷിക്കാനും സർക്കാർ നീക്കമുണ്ട്. ഒന്നിലധികം കണക്ഷനുകൾ ലഭിക്കുന്നതിന് വ്യത്യസ്ത ഐഡന്റിറ്റികൾ ഉപയോഗിക്കുന്നത് തടയാനും കൂടെയാണ് ഈ തീരുമാനം.


Click it and Unblock the Notifications








