എന്തുവന്നാലും പേടിക്കേണ്ട! ബലൂണും ഡ്രോണുകളും ഉപയോഗിച്ച് 5G കണക്ടിവിറ്റി ഉറപ്പാക്കാൻ നീക്കം
അടിയന്തര ഘട്ടങ്ങളിൽ 5ജി കണക്ടിവിറ്റി ഉറപ്പാക്കാനായി വലിയ ബലൂണുകളും ഡ്രോണുകളും ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്ര ടെലിക്കോം മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. പലവിധ കാരണങ്ങളാൽ ടെലിക്കോം നെറ്റ്വർക്കുകൾക്ക് തകരാറുകൾ സംഭവിക്കാറുണ്ട്. ടെലിക്കോം ഇൻഫ്രാസ്ട്രക്ചറിന് നേരിടുന്ന തകരാറുകളും വൈദ്യുതി തടസവും ചിലപ്പോൾ നെറ്റ്വർക്ക് സേവനങ്ങൾ നിലയ്ക്കാൻ കാരണമാകും. ഇത് വൻ പ്രതിസന്ധി സൃഷ്ടിക്കും. നെറ്റ്വർക്കുകൾ തകരാറിലാകുന്നത് ഇന്ന് ജനജീവിതം സ്തംഭിപ്പിക്കുന്നതിന് തുല്യമായ ഒരു ഗുരുതര അവസ്ഥയിലേക്കാണ് കാര്യങ്ങൾ കൊണ്ടുചെന്ന് എത്തിക്കുക. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബലൂണുകളും ഡ്രോണുകളും ഉപയോഗിച്ച് അടിയന്തരമായി 5ജി കണക്ടിവിറ്റി ഉറപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നത്.
പലവിധ കാരണങ്ങളാൽ നെറ്റ്വർക്ക് തകരാറിലാകുന്ന സമയത്ത്, അത് വളരെപ്പെട്ടെന്ന് പൂർവസ്ഥിതിയിൽ എത്തിക്കാൻ ടെലിക്കോം കമ്പനികൾക്ക് കഴിയില്ല. തകരാർ പരിഹരിക്കുന്നതിനായി ഒരുപാട് സമയമെടുക്കുന്നത് വൻ പ്രതിസന്ധി സൃഷ്ടിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കണമെന്ന് ടെലിക്കോം മന്ത്രാലയം (ഡിഒടി) ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായാണ് ബദൽ സംവിധാനം ഒരുക്കാനുള്ള ആലോചനകൾ നടക്കുന്നത്.

ബലൂണുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കുമെന്ന് ഡിഒടി കരുതുന്നു. ടെലിക്കോം ഇൻഫ്രാസ്ട്രക്ചർ തകരാറുള്ള സ്ഥലങ്ങളിൽ ഈ ബലൂൺ അല്ലെങ്കിൽ ഡ്രോൺ 5ജി നെറ്റ്വർക്കുകൾ ഉപയോഗിക്കാമെന്നും പിന്നീട് ടെലിക്കോം കമ്പനികൾ തകരാറ് പരിഹരിച്ച് എല്ലാം സാധാരണ നിലയിലേക്ക് എത്തിയ ശേഷം ഈ താൽക്കാലിക സേവനം അവസാനിപ്പിക്കാമെന്നുമാണ് കണക്കാക്കുന്നത്.
അതായത് ഒരു താൽക്കാലിക രക്ഷാരീതി എന്ന നിലയിൽ ബലൂൺ/ ഡ്രോൺ ഉപയോഗിച്ചുള്ള 5ജി നെറ്റ്വർക്ക് ഉപയോഗിക്കാനാകുമോ എന്നാണ് ടെലിക്കോം വകുപ്പ് പരിശോധിക്കുന്നത്. ഈ ഒരു സാധ്യത സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായുള്ള പരീക്ഷണങ്ങൾ വരുംമാസങ്ങളിൽ ആരംഭിക്കും. 2025 ജൂണിൽ ഈ പരീക്ഷണങ്ങൾ പൂർത്തിയാകും. ഇടി ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്ത വർഷം ജൂൺ വരെ ബലൂൺ/ ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണ ഘട്ടം വിലയിരുത്തിയ ശേഷം മാത്രമേ ഈ സംവിധാനം അവതരിപ്പിക്കണമോ എന്നതിൽ അന്തിമ തീരുമാനം ഉണ്ടാകൂ. പ്രകൃതി ദുരന്തങ്ങളും മറ്റും നേരിടുന്ന ഘട്ടത്തിലാണ് നെറ്റ്വർക്ക് തകരാറുകൾ കൂടുതലായും തകരാറിലാകുകയും ശരിയാക്കാൻ ദിവസങ്ങളോളം സമയമെടുക്കുകയും ചെയ്യുന്നത്.
ഇനി അത്തരം പ്രകൃതി ദുരന്തങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ നേരിട്ടാൽ നെറ്റ്വർക്ക് കവറേജ് ഉറപ്പാക്കുക എന്ന നല്ല ഉദ്ദേശമാണ് ടെലിക്കോം വകുപ്പിന്റെ ഈ പരീക്ഷണത്തിന് പിന്നിലുള്ളത്. ദുരന്തസമയത്തും ശേഷവും മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയ ഒരു ഡിസാസ്റ്റർ മാനേജ്‌മെൻ്റ് യൂണിറ്റ് ടെലിക്കോം വകുപ്പിനുണ്ട്. അപകടസാധ്യതകളെക്കുറിച്ച് സമയബന്ധിതമായി സന്ദേശങ്ങൾ/മുന്നറിയിപ്പുകൾ/അലേർട്ടുകൾ അയയ്‌ക്കുന്നതിന്റെ ഉത്തരവാദിത്തം ഇവർക്കാണ്.
രാജ്യത്ത് പലവിധ കാരണങ്ങളാൽ പലയിടങ്ങളിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനെ നേരിടാൻ പല നടപടികളും സർക്കാർ ആവിഷ്കരിക്കുകയും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എല്ലാ ഫോണുകളിലും റേഡിയോ സംവിധാനം ഉറപ്പാക്കിയിരിക്കണം എന്നൊരു നിർദേശം കുറച്ചുനാൾ മുമ്പ് ടെലിക്കോം കമ്പനികൾ മൊബൈൽ നിർമാതാക്കൾക്ക് നൽകിയിരുന്നു.

ദുരന്തസമയത്ത് ടെലിക്കോം കമ്പനികൾ നേരിടുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് വൈദ്യുതി മുടക്കം. അടിയന്തര സാഹചര്യത്തിൽ പവർ ബാക്കപ്പുകൾ സജ്ജമാണെന്ന് ഉറപ്പാക്കാൻ ടെലിക്കോം കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയം, പ്രകൃതിദുരന്തം അടക്കമുള്ള അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം ടെലിക്കോം കമ്പനികൾ തമ്മിൽ നെറ്റ്‌വർക്കുകൾ പങ്കിടണമെന്നും കേന്ദ്ര സർക്കാർ കർശനമായി നിർദേശിച്ചിട്ടുണ്ട്.
തടസ്സപ്പെട്ട കണക്റ്റിവിറ്റി എത്രയും വേഗം തിരികെ കൊണ്ടുവരാൻ, ദുരന്തസമയത്ത് ഉപയോഗിക്കേണ്ട പോർട്ടബിൾ ബേസ് സ്റ്റേഷനുകളുടെയും സാറ്റലൈറ്റ് ഉപകരണങ്ങളുടെയും അധിക ഇൻവെൻ്ററി ടെലിക്കോം കമ്പനികൾ സൂക്ഷിക്കണമെന്നും ഡിഒടി നിർദേശിക്കുന്നു. രക്ഷാപ്രവർത്തനം അടക്കമുള്ള കാര്യങ്ങളിൽ നെറ്റ്വർക്ക് കണക്ടിവിറ്റി വലിയ പങ്ക് വഹിക്കാൻ കഴിയും എന്നതിനാലാണ് ഈ നിർദേശങ്ങളും പരീക്ഷണങ്ങളുമൊക്കെ നടത്തുന്നത്.


Click it and Unblock the Notifications








