സംസ്ഥാന സർക്കാരുകൾ BSNL/ MTNL സേവനങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ; വമ്പന്മാർക്ക് പണിയാകും
ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (MTNL) എന്നീ പൊതുമേഖലാ ടെലിക്കോം കമ്പനികൾക്ക് കൂടുതൽ പ്രാധാന്യം കൈവരുന്ന പുതിയ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്ത്. സുരക്ഷാ നടപടികൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരുകൾ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ സേവനങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതി. ഇന്റർനെറ്റ്, ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ, ലീസ്ഡ് ലൈൻ ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാരുകൾ ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളെ ആശ്രയിക്കണം എന്നതാണ് കത്തിന്റെ ചുരുക്കം.
ദേശീയ ഡാറ്റാ സുരക്ഷാ പരിഗണനകൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത് എങ്കിലും ഈ നീക്കം സ്വകാര്യ ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ഐഎസ്പി) ആശങ്ക ഉളവാക്കിയിട്ടുണ്ട്. കാരണം ഇത് സ്വകാര്യ കമ്പനികൾക്ക് തിരിച്ചടിയും ബിഎസ്എൻഎല്ലിന് നേട്ടവുമായി മാറുന്ന നടപടിയാണ്.

കേന്ദ്ര സർക്കാരിന്റെ ഈ ബിഎസ്എൻഎൽ പ്രീതി വിപണി മത്സരത്തെ വളച്ചൊടിക്കാൻ സാധ്യതയുണ്ടെന്ന് സ്വകാര്യ കമ്പനികൾ പറയുന്നു. രാജ്യവ്യാപകമായി ബാധകമാകുന്ന ഒരു നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത് എന്നതിനാൽത്തന്നെ ഇത് സ്വകാര്യ കമ്പനികളെ ബാധിക്കും. നേരത്തെ സർക്കാർ ടെലിക്കോം കമ്പനികൾക്ക് സർക്കാർ വകുപ്പുകളുടെ പ്രോജക്ടുകൾ ലഭ്യമായിരുന്നു. എങ്കിലും ഇപ്പോഴത്തെ നീക്കം അതിനെക്കാളൊക്കെ പലമടങ്ങ് വ്യാപ്തിയുള്ളതാണ്.
ഏപ്രിൽ 8 ന് ആണ് പൊതുമേഖലാ ടെലിക്കോം കമ്പനികളിലേക്ക് സേവനം മാറ്റണം എന്ന് നിർദേശിക്കുന്ന കത്ത് ടെലിക്കോം വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചത്. ഈ കത്തിൽ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ ഉപയോഗം കേന്ദ്ര സർക്കാർ വകുപ്പുകൾക്ക് നിർബന്ധമാക്കിയ 2019 ലെ കേന്ദ്ര കാബിനറ്റ് തീരുമാനത്തെക്കുറിച്ച് ഡിഒടി സെക്രട്ടറി നീരജ് മിത്തൽ പരാമർശിക്കുന്നുണ്ട്.

സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പൊതുമേഖലാ സ്ഥാപനങ്ങളും (PSU) മുൻപ് കേന്ദ്ര സർക്കാർ വകുപ്പുകൾ നടത്തിയതിന് സമാനമായ ഒരു ദത്തെടുക്കൽ നടത്തണമെന്ന് നീരജ് മിത്തൽ അഭ്യർത്ഥിച്ചു. സർക്കാരിന്റെ ഈ നിർദേശം നടപ്പായാൽ വ്യവസായ കണക്കുകൾ പ്രകാരം, സ്വകാര്യ കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപയുടെ വാർഷിക വരുമാനം നഷ്ടപ്പെടാം.
"ടെലികോം മേഖലയിൽ ബിഎസ്‌എൻഎൽ/ എംടിഎൻഎൽ എന്നിവ മത്സരക്ഷമത കൈവരിക്കുന്നതിനാൽ, മുൻകാലങ്ങളിലെ മന്ത്രിസഭാ തീരുമാനത്തിന്റെ വെളിച്ചത്തിൽ, സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളും/ഏജൻസികളും/ പൊതുമേഖലാ സ്ഥാപനങ്ങളും ഇന്റർനെറ്റ്/ ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ, ലീസ്ഡ് ലൈൻ ആവശ്യങ്ങൾക്കായി ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും സേവനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," എന്ന് ടെലിക്കോം വകുപ്പ് സെക്രട്ടറി നീരജ് മിത്തൽ കത്തിൽ എഴുതിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സർക്കാരിന്റെ ഈ നീക്കം സ്വകാര്യ കമ്പനികൾക്ക് വൻ നഷ്ടം വരുത്തും എന്നതിനാൽത്തന്നെ കത്തിനെതിരേ പ്രതിഷേധവും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ടെലിക്കോം രംഗത്തെ വരുമാനത്തിന്റെ 92 ശതമാനവും സ്വകാര്യ ടെലിക്കോം കമ്പനികൾക്കാണ് എത്തുന്നത്. ഈ സ്വകാര്യ ടെലിക്കോം കമ്പനികളുടെ എന്റർപ്രൈസ് വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം സർക്കാർ കരാറുകളിൽ നിന്നാണ് ലഭിക്കുന്നത്.

സാധാരണയായി ഏറ്റവും കുറഞ്ഞ വിലയെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിത ബിഡ്ഡിംഗ് വഴിയാണ് സ്വകാര്യ കമ്പനികൾ പലപ്പോഴും സർക്കാർ വകുപ്പുകളുടെ സേവനങ്ങളുടെ കരാർ നേടിയെടുക്കുന്നത്. എന്നാൽ പുതിയ നിർദേശം വന്നതോടെ ടെൻഡർ പോലുള്ള നടപടികൾ ഇല്ലാതെ തന്നെ സർക്കാർ വകുപ്പുകൾ പൊതുമേഖലാ ടെലിക്കോം കമ്പനികൾക്ക് കരാറുകൾ നൽകേണ്ടിവരും.
സർക്കാരിന്റെ ഈ നീക്കം ഏകപക്ഷീയമാണ് എന്നാണ് സ്വകാര്യ കമ്പനികളുടെ പ്രതികരണം. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയെ ടെലിക്കോം വകുപ്പിൽ നിന്ന് വേർപെടുത്തിയതിന് പിന്നിലെ പ്രധാന ആശയം കമ്പനിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയും സർക്കാർ ഒരു റെഗുലേറ്ററായും ഉടമയായും പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണെന്ന് സ്വകാര്യ കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
"സർക്കാർ വിവിധ സാമ്പത്തിക പാക്കേജുകളിലൂടെ ബിഎസ്എൻഎല്ലിനെ പിന്തുണയ്ക്കുന്നുണ്ട്, അത് മുൻഗണനകളിലൂടെയല്ല, മറിച്ച് അതിന്റെ ശക്തിയുടെ അടിസ്ഥാനത്തിലാണ് വിപണിയിൽ മത്സരിക്കേണ്ടത്," എന്നും സ്വകാര്യ കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ഈ ആശങ്കകൾ ഉന്നയിച്ചുകൊണ്ട്, ലൈസൻസർ എന്ന നിലയിൽ സർക്കാർ നിഷ്പക്ഷത പാലിക്കണമെന്ന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ISPAI) ആവശ്യപ്പെട്ടു.


Click it and Unblock the Notifications