നിയമം പാലിക്കാനുള്ളതാണ്! സ്പാം കോളുകൾ തടയാൻ ഇന്ത്യയിൽ നിരോധിച്ചത് 1.75 ലക്ഷം ഫോൺ നമ്പറുകൾ
സ്പാം കോളുകൾ തടയുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ടെലികോം റെഗുലേറ്ററും കർശന നടപടികൾ സ്വീകരിക്കുന്നു. രാജ്യത്തുടനീളമുള്ള ഏകദേശം 1.75 ലക്ഷം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തതായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചു. സ്പാം കോളുകളും സൈബർ തട്ടിപ്പുകളും തടയുന്നതിനുള്ള ടെലികോം വകുപ്പിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നമ്പറുകൾ ബ്ലോക്ക് ചെയ്തത്. സഞ്ചാർ സാത്തി പോർട്ടലിന്റെ മൊഡ്യൂളിൽ അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി), സ്പാം, വഞ്ചന കോളുകൾ എന്നിവയെക്കുറിച്ച് പൗരന്മാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നടപടി സ്വീകരിച്ചത്.
കൂടുതൽ അന്വേഷണത്തിൽ, 0731, 079, 080 മുതലായ ടെലികോം ഐഡന്റിഫയറുകളിൽ നിന്ന് PRI-കൾ ലീസ് ലൈനുകൾ, ഇന്റർനെറ്റ് ലീസ് ലൈനുകൾ, SIP, IPLC എന്നിവ ദുരുപയോഗം ചെയ്തുകൊണ്ട് ധാരാളം സ്പാം കോളുകൾ വരുന്നതായി കണ്ടെത്തി. ഇത്തരം ടെലികോം ഉറവിടങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനായി ക്രൗഡ് സോഴ്‌സ്ഡ് ഡാറ്റ നിരന്തരം വിശകലനം ചെയ്യുന്നുണ്ടെന്ന് ടെലികോം വകുപ്പ് ഉറപ്പുനൽകുകയും വിശദമായ അന്വേഷണത്തിനായി ലൈസൻസ്ഡ് സർവീസ് ഏരിയകൾ (എൽഎസ്എ) പോലുള്ള ഫീൽഡ് ഓഫീസുകളിലേക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, PRI-കൾ, SIP ട്രങ്കുകൾ, ലീസ് ലൈനുകൾ, IPLC എന്നിവയുടെ ദുരുപയോഗം തടയുന്നതിനും പതിവ് പരിശോധനകളിലൂടെ അവയുടെ നിയമാനുസൃത ഉപയോഗം ഉറപ്പാക്കുന്നതിനും ഏകീകൃത ലൈസൻസ് വ്യവസ്ഥകൾ കർശനമായി പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ കോളുകൾ മൂലമുള്ള വഞ്ചനകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നുണ്ട്. പുതിയ നയങ്ങൾ മുതൽ സാങ്കേതികവിദ്യ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കർശന നടപടികളാണ് സർക്കാർ തുടങ്ങിയിരിക്കുന്നത്. സ്പാം കോളുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി, മൂന്ന് മാസത്തേക്ക് ഓരോ കോളും കണക്ടാകുന്നതിന് മുമ്പ് റിംഗ്‌ടോണുകൾക്ക് പകരം അവബോധ സന്ദേശങ്ങൾ പ്ലേ ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്ന 26 ദശലക്ഷം അതായത് 2.6 കോടി മൊബൈൽ ഫോണുകൾ ഇന്ത്യയുടെ സഞ്ചാർ സാഥി പോർട്ടൽ വഴി ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അതേസമയം, ഈ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം മോഷ്ടിക്കപ്പെട്ട 16 ദശലക്ഷം ഉപകരണങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഈ പോർട്ടൽ വഴി 86 ശതമാനം സ്പൂഫ് കോളുകളും ട്രാക്ക് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നുവെന്നും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആൻഡ്രോയ്ഡ്, ഐഫോൺ ഉപയോക്താക്കൾക്കായി ടെലിക്കോം മന്ത്രാലയം അടുത്തിടെ സഞ്ചാർ സാഥി പോർട്ടലിന്റെ മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് വ്യാജ കോളുകൾ റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടാതെ, നിങ്ങളുടെ പേരിലുള്ള വ്യാജ സിം കാർഡുകൾ നിങ്ങൾക്ക് കണ്ടെത്താനും സാധിക്കും.
ഈ പോർട്ടലിന് പുറമെ, ടെലികോം കമ്പനികൾക്ക് എഐ അധിഷ്ഠിത സ്പാം ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഇൻസ്റ്റാൾ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. എയർടെല്ലും വിഐയും അവരുടെ കോടിക്കണക്കിന് ഉപയോക്താക്കളെ സ്പാം കോളുകളിൽ നിന്നും സംരക്ഷിക്കുന്നതി എഐ സംവിധാനം ആരംഭിച്ചു. ഈ എഐ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കളുടെ നമ്പറുകളിലേക്ക് വരുന്ന വ്യാജ കോളുകൾ ഓപ്പറേറ്റർ തലത്തിൽ തന്നെ തടയാൻ സാധിക്കുന്നു

ഇന്ത്യൻ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന അന്താരാഷ്ട്ര സ്പാം കോളുകളെ തിരിച്ചറിയുന്നതിനും തടയുന്നതിനും പുതിയ സ്പാം ട്രാക്കിങ് സംവിധാനവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്പാം ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ടെലികോം സേവന ദാതാക്കൾക്ക് ഇത്തരം സ്പാം കോളുകൾ തടയാനായിട്ടുണ്ട്. രാജ്യത്ത് സുരക്ഷിതമായ ഡിജിറ്റൽ ഇടം കെട്ടിപ്പടുക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമമാണിത്.
ഇന്ത്യയിലെ കോളിങ് കോഡായ +91 ഉപയോഗിച്ച് അന്താരാഷ്ട്ര സൈബർ കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കോളുകളായി തോന്നുമെങ്കിലും കോളിങ് ലൈൻ ഐഡന്റിഫിക്കേഷൻ ഉപയോഗിച്ച് നോക്കിയാൽ അന്താരാഷ്ട്ര മൊബൈൽ നമ്പറാണെന്ന് മനസിലാക്കാനാകും. ഇത്തരം സ്‌കാം കോളുകൾ കൂടുതലായും വരുന്നത് സാമ്പത്തിക തട്ടിപ്പുകൾക്കായിരിക്കും.
പലപ്പോഴായി മിസ്ഡ് കോളുകൾ നൽകിയാണ് തട്ടിപ്പിന്റെ പ്രധാന തുടക്കം. സുഹൃത്തുക്കളിൽ നിന്നോ പരിചയമുള്ളവരിൽ നിന്നോ ആണ് നമ്പർ ലഭിച്ചതെന്നാണ് അറിയിക്കുക. തുടർന്ന് മറ്റൊരു നമ്പറുമായി കോൾ മെർജ് ചെയ്ത ശേഷം ലഭിക്കുന്ന രഹസ്യ ഒടിപി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ പണം കവരുകയും ചെയ്യുന്നു. അതിനാൽ അജ്ഞാത നമ്പറിൽ നിന്ന് കോൾവന്നാൽ അത് അവഗണിക്കുകയും പരിചയമില്ലാത്ത നമ്പരുകകളിൽ നിന്നുള്ള കോളുകൾ മെർജ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യണം.

ഫോണിൽ സ്പാം കോളുകൾ വരുന്നത് തടയാൻ കോൾ സെറ്റിങ്ങ്സിൽ സ്പാം കോൾ ഫിൽട്ടർ ഓപ്ഷൻ ഓൺ ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. സംശയകരമായ രീതിയിൽ ലഭിക്കുന്ന ഒടിപികളും സന്ദേശങ്ങളും ഉടൻ തന്നെ ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണക്കാരെ തങ്ങൾ സർക്കാർ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വരെ സൈബർ കുറ്റവാളികൾ പണം തട്ടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യൻ ടെലികോം ഉപയോക്താക്കളെ ലക്ഷ്യമാക്കി വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കേന്ദ്രം പുതിയ സംവിധാനം കൊണ്ടുവന്നത്. കേന്ദ്ര സർക്കാറിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷനും ടെലി കമ്യൂണിക്കേഷൻ സെർവീസ് പ്രൊവൈഡറും ചേർന്നാണ് സ്പാം കോളുകളെ തിരിച്ചറിഞ്ഞ് തടയുന്ന സംവിധാനമൊരുക്കിയത്.
പുതിയ സംവിധാനം വഴി മിക്ക സൈബർ തട്ടിപ്പുകളെയും തടയാനാകുമെങ്കിലും, സൈബർ കുറ്റവാളികൾ തട്ടിപ്പിനായി മറ്റ് മാർഗങ്ങളും കണ്ടെത്തിയേക്കാം. അതിനാൽ ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാലോ, സംശയാസ്പദമായ കോളുകൾ വന്നാലോ സഞ്ചാർ സാഥി പോർട്ടലിൽ റിപ്പോർട്ട് ചെയ്യാനായി സർക്കാർ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നു.
എയർടെൽ, ബിഎസ്എൻഎൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളോട് കോളർ ഐഡി നെയിം പ്രസന്റേഷൻ (സിഎൻഎപി) സേവനവും ഇതിനായി ഉപയോഗിക്കുന്നുണ്ട്.ടെലികോം കമ്പനികൾ കഴിഞ്ഞ വർഷം മുതൽ ഈ ഫീച്ചർ പരീക്ഷിച്ചുവരുന്നുണ്ട്. ഇത് വിളിക്കുന്ന ആളുകളെ എളുപ്പത്തിൽ തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കും. ഇതിലൂടെ വ്യാജ കോളുകൾ പൂർണ്ണമായും തടയാനാകുമെന്നാണ് ഇതിലൂടെ കരുതുന്നത്.

സിഎൻഎപി എന്നത് ഉപയോക്താവിന്റെ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കാൻ രൂപകൽപ്പന ചെയ്ത ഒരു സേവനമാണ്. നിലവിൽ, ട്രൂകോളർ, ഭാരത് കോളർ ഐഡി, ആന്റി സ്പാം എന്നിവ പോലുള്ള മൂന്നാം കക്ഷി ആപ്പുകൾ കോളിംഗ് പാർട്ടി നെയിം ഐഡന്റിഫിക്കേഷൻ എന്ന സമാന സേവനം നൽകുന്നുണ്ട്, ഇത് എല്ലായ്‌പ്പോഴും വിശ്വസനീയമല്ലാത്ത ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഉപയോക്താക്കൾ അവരുടെ സിം കാർഡുകൾ വാങ്ങുമ്പോൾ നൽകിയ KYC രജിസ്‌ട്രേഷൻ ഡാറ്റ പ്രകാരം കോളറുടെ പേര് കാണിക്കും. സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും സിഎൻഎപി ഉപയോഗിക്കാൻ കഴിയുന്നത്. അതേസമയം 2G ഫീച്ചർ ഫോണുകളുള്ളവർക്ക് ഈ സേവനത്തിലേക്ക് ആക്സസ് ഉണ്ടായിരിക്കില്ല. സിഎൻഎപി നടപ്പിലാക്കിക്കഴിഞ്ഞാൽ, വിളിക്കുന്നയാളുടെ സിം കാർഡുമായി ബന്ധപ്പെട്ട പേര് സ്വീകർത്താവിന്റെ ഫോണിൽ പ്രദർശിപ്പിക്കും.
ആധാർ ബയോമെട്രിക് വെരിഫിക്കേഷൻ ഇല്ലാതെ പുതിയ സിം കാർഡുകൾ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കാൻ ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജ രേഖകളിലൂടെ സിമ്മുകൾ വിതരണം ചെയ്യുന്നത് തടയുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.


Click it and Unblock the Notifications








