ആ ബെസ്റ്റ്, ആ 'കുറവും' തീർന്നു! ഡിടിഎച്ച് സേവനങ്ങളുടെയും നിരക്ക് വർധന ഉടൻ

എങ്ങോട്ട് തിരിഞ്ഞാലും നിരക്ക് ഉയർന്ന വാർത്തകൾ കേട്ട് മടുത്ത്, ഒരു റിലാക്സേഷന് ടിവി കണ്ടുകളയാം എന്ന് കരുതിയാൽ ഇനി അതും നടന്നേക്കില്ല! ഡിടിഎച്ച് സേവനങ്ങളുടെ നിരക്കുകൾ ഉയർത്താൻ കമ്പനികൾ തയാറെടുക്കുന്നു എന്ന സൂചനകൾ പുറത്തുവന്നു തുടങ്ങിയിരിക്കുകയാണ്. അധികം താമസിയാതെ ഡിടിഎച്ച് സേവനങ്ങളുടെ നിരക്കുകൾ ഉയരും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഒടിടി സേവനങ്ങൾ കളം പിടിച്ചതോടുകൂടി ആളുകളുടെ ടിവി കാണൽ രീതികളിൽ ഏറെ മാറ്റങ്ങൾ വന്നിരുന്നു.
വീട്ടിലിരുന്ന് ആസ്വാദനം
ഇപ്പോൾ പ്രിയപ്പെട്ട ഷോകളും സിനിമകളുമൊക്കെ വീട്ടിൽത്തന്നെ ഇരുന്ന് ആസ്വദിക്കുന്നവരുടെ എണ്ണം വളരെ ഉയർന്നിട്ടുണ്ട്. ടിവി കാഴ്ച കുറഞ്ഞ്, ഒടിടി സേവനങ്ങളെ ആളുകൾ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതോടെ ഡിടിഎച്ച് കമ്പനികളും തങ്ങളുടെ പ്ലാനുകളിൽ ഉൾപ്പെടെ ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തി അവതരിപ്പിച്ചുവന്നു. ഒടിടി സേവനങ്ങൾ ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയെങ്കിലും ടിവി കാണുന്നവർ ഇപ്പോളും കുറവല്ല. ഇങ്ങനെ ടിവി കാണുന്നവരിൽ ഡിടിഎച്ച് ഉപഭോക്താക്കൾ ഉണ്ടെങ്കിൽ അവർക്ക് അധികം വൈകാതെ ടിവി കാഴ്ചയ്ക്ക് ചിലവ് കൂടും. കാരണം നിരക്കു വർധനയുടെ അടുത്ത ഭാരം അവരെ തേടി ഉടൻ എത്തും എന്നാണ് വിവരം.

കേബിൾ ടിവി നിരക്കും ഉയരുന്നു
വൻ തുക വർധിക്കാൻ സാധ്യതയില്ലെന്നും ഘട്ടം ഘട്ടമായാണ് വർധനയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അടുത്ത ആഴ്ചകളിൽത്തന്നെ ഡിടിഎച്ച്, കേബിൾ ടിവി നിരക്ക് ഉരാനാണ് സാധ്യത. ഫെബ്രുവരി 1 മുതൽ നടപ്പിലാക്കിയ പുതിയ താരിഫ് ഓർഡർ 3.0 ആണ് ഇതിന് കാരണം. ഫെബ്രുവരി 1 മുതൽ തന്നെ പുതിയ താരിഫ് പ്ലാൻ പുറത്തിറക്കിയെങ്കിലും ഡിടിഎച്ച് ഓപ്പറേറ്റർമാരുടെ ഭാഗത്തുനിന്ന് നിരക്ക് വർധനയ്ക്ക് എതിരായ നിലപാടാണ് ഉയർന്നത്. നിലവിൽ ഒടിടി പ്ലാറ്റ്ഫോമുകളും മറ്റും കളം നിറഞ്ഞതോടെ ടിവി കാഴ്ചക്കാരുടെ എണ്ണം ഏറെ കുറഞ്ഞു. ഇനി നിരക്ക് കൂടി ഉയർത്തുന്നതോടെ കൂടുതൽ ആളുകൾ ഒടിടിയിലേക്ക് പോകുമെന്നും അതോടെ കേബിൾ ടിവി മേഖല തകരും എന്നുമാണ് ഉയർന്ന ആക്ഷേപം.
എതിർത്ത് സംഘടനകൾ
അതിനാൽ നിരക്കുവർധനയെ എതിർത്ത് ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ അംഗങ്ങൾ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ പുതിയ നിരക്കിന് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതോടെയാണ് നിരക്ക് വർധിക്കാൻ കളമൊരുങ്ങിയിരിക്കുന്നത്. പേ ചാനലുകളുടെ നിരക്ക് 12 രൂപയിൽ നിന്ന് 19 രൂപയാക്കിയാകും വർധിപ്പിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസും (എൻസിഎഫ്) ചാനൽ നിരക്കും വർധിക്കും. ഇതോടെ ടെലിവിഷൻ ചാനലുകളുടെ മിക്ക വരിക്കാരുടെയും പ്രതിമാസ ബിൽ വർധിക്കുമെന്നാണ് റിപ്പോർട്ട്.

25 മുതൽ 50 രൂപ വരെ വർധന
ഡിടിഎച്ച് വരിക്കാർക്ക് അവരുടെ ഡിടിഎച്ച് ബില്ലുകളിൽ ഏകദേശം 25 മുതൽ 50 രൂപ വരെ വർധനയുണ്ടാകുമെന്നും അടുത്ത നാലോ ആറോ ആഴ്ചയ്ക്കുള്ളിൽ നിരക്കുകൾ വർധിപ്പിക്കുമെന്ന് ടാറ്റ പ്ലേ വക്താവ് പറഞ്ഞതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ ബ്രോഡ്കാസ്റ്റിങ് റവന്യു നിലവിലെ 60-70 രൂപയിൽ നിന്ന് 40 ശതമാനം വർധിപ്പിച്ച് മാസം 94 രൂപയാവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേബിൾ ഡിടിഎച്ച് സബ്‌സ്‌ക്രിപ്ഷൻ നിരക്ക് വർധിക്കുന്നതോടെ ഒടിടി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുമെന്ന കേബിൾ ടിവി ഓപ്പറേറ്റർമാരുടെയും മറ്റും ആശങ്ക ഏറെ പ്രസക്തമാണ്. സാധാരണക്കാരായ ആളുകൾ ഇപ്പോഴും കേബിൾ, ഡിടിഎച്ച് സേവനങ്ങൾ ആസ്വദിക്കുന്നവരാണ്. നിരക്ക് വർധന വെല്ലുവിളിക്കുന്നത് ഈ പാവങ്ങളുടെ കുടുംബ ബജറ്റിനെയും ജീവിതച്ചെലവുകളെയും കൂടിയാണ്.


Click it and Unblock the Notifications