ഇന്ത്യ 'പഴയ' ഇന്ത്യയല്ല, ടെക്നോളജിയുടെ ബുള്ളറ്റ് കുതിപ്പ് റെയിൽവേ ട്രാക്കിലും! ഇനി ഭൂകമ്പം വന്നാലും പേടിവേണ്ട
ഒരു രാജ്യത്തിന്റെ വളർച്ച അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും പുതിയ ടെക്നോളജികൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിക്കൊണ്ടായിരിക്കണം. അത് നാടിന്റെ മുന്നേറ്റത്തിന് ഏറെ സഹായിക്കും. ആ നിലയ്ക്ക് വലിയൊരു മുന്നേറ്റത്തിന് സാക്ഷിയാകാൻ പോകുകയാണ് ഇന്ത്യ. ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ റെയിൽവേ സുരക്ഷയ്ക്കായി പുതിയൊരു ടെക്നോളജി അവതരിപ്പിക്കാൻ പോകുന്നു.
പഴഞ്ചൻ ട്രെയിൻ സങ്കൽപ്പങ്ങളിൽ നിന്നുള്ള മാറ്റമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി ഏർലി എർത്ത്‌ക്വേക്ക് ഡിറ്റക്ഷൻ സിസ്റ്റം' ( Early Earthquake Detection System ) എന്ന പുതിയ ടെക്നോളജിയാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള ഈ ടെക്നോളജി ഇന്ത്യയിൽ ഇതാദ്യമായാണ് ഉപയോഗപ്പെടുത്തുന്നത്.

ഭൂകമ്പസമയത്ത് യാത്രക്കാരുടെ സുരക്ഷയും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ഇടനാഴിയിൽ ഏർലി എർത്ത്‌ക്വേക്ക് ഡിറ്റക്ഷൻ സിസ്റ്റത്തിന്റെ 28 സീസ്‌മോമീറ്ററുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. "ജാപ്പനീസ് ഷിൻകാൻസെൻ'' സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഭൂകമ്പം മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്ന ഈ ടെക്നോളജി പ്രവർത്തിക്കുന്നത്.
ഈ ടെക്നോളജി പ്രാഥമിക തരംഗങ്ങളിലൂടെ ഭൂകമ്പം ചലനങ്ങൾ കണ്ടെത്തുകയും ഒരു ഓട്ടോമാറ്റിക് പവർ ഷട്ട്ഡൗൺ നടപ്പിലാക്കുകയും ചെയ്യും. പവർ ഷട്ട്ഡൗൺ നടക്കുമ്പോൾ എമർജൻസി ബ്രേക്കുകൾ ആക്ടീവാകുകയും അതുവഴി ഓടുന്ന ട്രെയിനുകൾ നിൽക്കുകയും ചെയ്യും എന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ്റെ കണക്കനുസരിച്ച്, 28 ഭൂകമ്പമാപിനികളിൽ 22 എണ്ണം അലൈൻമെൻ്റിൽ സ്ഥാപിക്കും. ഈ 22ൽ, എട്ടെണ്ണം മഹാരാഷ്ട്രയിലും (മുംബൈ, താനെ, വിരാർ, ബോയ്സാർ) പതിനാല് എണ്ണം ഗുജറാത്തിലും (വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, മഹെംബദാദ്, അഹമ്മദാബാദ്) ആണ് സ്ഥാപിക്കുക.
അലൈൻമെൻ്റിനൊപ്പം ട്രാക്ഷൻ സബ് സ്റ്റേഷനുകളിലും സ്വിച്ചിംഗ് പോസ്റ്റുകളിലും സീസ്മോമീറ്ററുകൾ സ്ഥാപിക്കും. ബാക്കിയുള്ള ആറ് ഭൂകമ്പമാപിനികൾ ( ഇവയെ ഇൻലാൻ്റ് സീസ്മോമീറ്ററുകൾ എന്ന് വിളിക്കുന്നു ) ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്ഥാപിക്കും. മഹാരാഷ്ട്രയിലെ ഖേഡ്, രത്നഗിരി, ലാത്തൂർ, പാംഗ്രി, ഗുജറാത്തിലെ അഡേസർ, ഓൾഡ് ഭുജ് എന്നിവിടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ 100 വർഷത്തിനിടയിൽ 5.5 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിട്ടുള്ള പ്രദേശങ്ങളാണ് ഇവ. ജാപ്പനീസ് വിദഗ്ധർ സൂക്ഷ്മ ഭൂചലന പരിശോധനയ്ക്കും വിശദമായ സർവേയ്ക്കും മണ്ണിൻ്റെ അനുയോജ്യത പഠനത്തിനും ശേഷമാണ് ഈ മീറ്ററുകൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്തത് എന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞതായി ഫ്രീപ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ജാപ്പനീസ് ഷിൻകാൻസെൻ സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 28 ഭൂകമ്പമാപിനികൾ സ്ഥാപിക്കുന്നതോടെ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിലെ യാത്ര കൂടുതൽ സുരക്ഷിതമാകും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലുമുള്ള മുന്നേറ്റമാണ് ഏർലി എർത്ത്‌ക്വേക്ക് ഡിറ്റക്ഷൻ സിസ്റ്റവും അതിന്റെ സീസ്മോമീറ്ററുകളും അടയാളപ്പെടുത്തുന്നത്.

മുംബൈ- അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴി: മുംബൈ- അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയിലെ അതിവേഗ ട്രെയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായാൻ സജ്ജമാണ്. 508 കിലോമീറ്റർ ദൂരത്തിൽ 12 സ്റ്റേഷനുകൾക്കിടയിലാണ് സർവീസ് നടക്കുക. സൂറത്ത്, വഡോദര, അഹമ്മദാബാദ് തുടങ്ങി പരിമിതമായ സ്റ്റോപ്പുകളുള്ള യാത്രയ്ക്ക് ഏകദേശം 2 മണിക്കൂറും 7 മിനിറ്റും എടുക്കുമെന്ന് കണക്കാക്കപ്പെടുന്നു.
അതേസമയം എല്ലാ സ്റ്റോപ്പുകളിലും നിർത്തിയുള്ള യാത്രയ്ക്ക് 2 മണിക്കൂർ 58 മിനിറ്റ് വരെ സമയമെടുക്കും. സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ട്രയൽ അടിസ്ഥാനത്തിൽ 2026-ൽ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷന്റെ കണക്കുകൂട്ടൽ. അത്യാധുനിക അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റമാകും ബുള്ളറ്റ് ട്രെയിനിലൂടെ നടപ്പിലാകുക.


Click it and Unblock the Notifications