വിലക്കുകൾക്ക് ഇനി ട്വിറ്ററിൽ ഇടമില്ല! ബ്ലോക്ക് ശുദ്ധ വിവരക്കേടെന്ന് മസ്ക്; നിരാശ പ്രകടിപ്പിച്ച് യൂസേഴ്സ്
എക്സിൽ നിന്ന് (ട്വിറ്റർ) ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യുമെന്ന് വെളിപ്പെടുത്തി ഉടമ എലോൺ മസ്‌ക്. ആപ്പിൽ ആളുകളെ ബ്ലോക്ക് ചെയ്യുന്നതിൽ അർത്ഥമില്ല എന്നാണ് മസ്ക് വെളിപ്പെടിത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ശല്യമാകുന്ന അക്കൗണ്ടുകളെ അകറ്റി നിർത്താനുള്ള ഓപ്ഷൻ ആയിരുന്നു ബ്ലോക്ക് ഫീച്ചർ. പുതിയ തീരുമാനത്തോട് നിരാശ പ്രകടിപ്പിച്ച് നിരവധി ഉപഭോക്താക്കൾ രംഗത്ത് എത്തി
ട്വിറ്റർ അടുത്തിടെ നടത്തിയ പരിഷ്ക്കാരങ്ങളിൽ ഏറ്റവും മോശം തീരുമാനം ആയിരിക്കും ഇതെന്നാണ് പല ഉപഭോക്താക്കളും അഭിപ്രായപ്പെടുന്നത്. ഒരു ഉപഭോക്താവിന് നൽകിയ ട്വിറ്റർ മറുപടിയിൽ ആണ് മസ്‌ക് തന്റെ തീരുമാനം അറിയിച്ചത്. ബ്ലോക്ക് ഫീച്ചർ ഇനി എക്സിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാകില്ല എന്നായിരുന്നു മസ്കിന്റെ വാക്കുകൾ. സോഷ്യൽ മീഡിയാ ലോകത്തിൽ ഈ ഫീച്ചറിന് വലിയ അർത്ഥം ഇല്ലെന്നും മസ്ക് കൂട്ടിച്ചേർത്തു.

ഡയറക്ട് മെസേജിൽ മാത്രമായിരിക്കും ബ്ലോക്ക് ഓപ്ഷൻ ഉണ്ടാകു എന്നാണ് മസ്ക് തന്നിരിക്കുന്ന സൂചന. തുടർന്ന് മസ്കിന്റെ വാക്കുകൾ എക്സിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നേരത്തെ ജൂണിലും ബ്ലോക്ക് ഫീച്ചർ നീക്കണമെന്ന് മസ്ക് വാദിച്ചിരുന്നു. ഇതിന് പകരം മ്യൂട്ട് എന്ന ഫീച്ചറിന്റെ ശക്തമായ രൂപം വരണമെന്നാണ് മസ്ക് അന്ന് നിർദേശിച്ചത്. ചിലയിടങ്ങളിൽ എക്സിലെ ബ്ലൂ സബ്സ്ക്രൈബർസിന് നേരെ വലിയ തോതിൽ നടക്കുന്ന ബ്ലോക്ക് ക്യാംപെയ്നുകളെ എതിർത്തുകൊണ്ടായിരുന്നു മസ്കിന്റെ ഈ പ്രസ്ഥാവന.
അന്ന് മസ്കിന്റെ തീരുമാനത്തോടെ ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസും യോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം നിലനിർത്തുന്നതിന് ബ്ലോക്ക് ഫീച്ചർ അത്യാവശ്യമാണെന്നാണ് പലരും അന്ന് അഭിപ്രായപ്പെട്ടത്. ഹാനികരമായ പല ഉള്ളടക്കങ്ങളും പങ്കിടുന്നവർ വളരാതിരിക്കാനുള്ള ഏക ഓപ്ഷൻ ഇതാണെന്നും ഇവർ വാദിക്കുന്നു. നിരവധി ഉപഭോക്താക്കളും ഇവരെ പിന്തുണച്ച് രംഗത്ത് വരുന്നുണ്ട്.

ഒരു ഉപയോക്താവ് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കാനിടയുള്ള ആഘാതങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. മാത്രമല്ല ബ്ലോക്ക് ഫീച്ചർ ഇല്ലെങ്കിൽ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് അവരുടെ ഇരകളെ പിന്തുടരാൻ സഹായിക്കുമെന്നും ഇവർ നിർദേശിക്കുന്നു. എക്സ് പോലെ നിരവധി ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയകളിൽ ബ്ലോക്ക് പോലുള്ള ഫിച്ചറുകൾ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.
അതേ സമയം അടുത്തിടെ നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ സംഭവിച്ചുകൊണ്ട് ഇരിക്കുന്നത്. ട്വിറ്റർ എന്ന് പേര് പോലും മാറ്റി എക്സ് എന്ന് ആക്കി പ്ലാറ്റ്ഫോമിനെ റീ ബ്രാൻഡ് ചെയ്തു. ഇലോൺ മസ്ക് കമ്പനി സ്വന്തമാക്കിയതിന് ശേഷമാണ് ഈ മാറ്റങ്ങളെല്ലാം വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. അന്നു മുതലെ കമ്പനിയുടം പേര് മാറ്റത്തിനെ കുറിച്ചുള്ള സൂചനകൾ മസ്ക് പങ്കുവെച്ചിരുന്നു.
ഇപ്പോൾ എക്സ് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് പ്രത്യേകം പരിഗണനയും പ്ലാറ്റ്ഫോം നൽകുന്നുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾക്ക് പരസ്യവരുമാനം നൽകാനും ട്വിറ്റർ ശ്രമിക്കുന്നുണ്ട്. ഉപഭോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകൾക്ക് അടിയിൽ വരുന്ന കമന്റുകൾക്കിടയിൽ ചില പരസ്യങ്ങൾ പ്രത്യക്ഷപ്പെടും ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. എക്സിന്റെ സബ്സ്ക്രിപ്ഷൻ ലഭിച്ച അക്കൗണ്ടിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ പണം നേടാൻ സാധിക്കു എന്നത് ശ്രദ്ധേയമാണ്.
നിലവിൽ പണം നൽകിയാൽ എക്സ് സബ്സ്ക്രിപ്ഷൻ നൽകുന്നതാണ്. ഇതിനായി ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 900 രൂപയും വെബ് ഉപയോക്താക്കൾക്കാകട്ടെ മാസം 650 രൂപയും ചിലവഴിക്കേണ്ടതാണ്. മാത്രമല്ല ഉപഭോക്താക്കൾക്ക് കഴിഞ്ഞ 3 മാസത്തിനുള്ളിൽ അവരുടെ ക്യുമുലേറ്റീവ് പോസ്റ്റുകളിൽ കുറഞ്ഞത് 15 ദശലക്ഷം ഓർഗാനിക് ഇംപ്രഷനുകൾ ഉണ്ടായിരിക്കണം എന്നും നിബന്ധന ഉണ്ട്.
ഇത്തരത്തിലുള്ള നിബന്ധനകൾ പൂർത്തികരിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത്തരത്തിൽ എക്സിൽ നിന്ന് പണം സമ്പാദിക്കാൻ സാധിക്കു. ഈ പോളിസ് എക്സ് നേരത്തെ അവതരിപ്പിച്ചെങ്കിലും ഈ മാസം ആദ്യമാണ് ഇന്ത്യയിൽ ഈ നയം നടപ്പിലാക്കിയത്. നിരവധി ഇന്ത്യ ഉപഭോക്താക്കൾ ഇതിനോടകം തന്നെ ട്വിറ്ററിൽ നിന്ന് പണം ലഭിച്ചാതും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








