വിക്കിപീഡിയയുടെ പേര് 'ഡിക്കിപീഡിയ' എന്നാക്കിയാൽ 100 കോടി രൂപ സംഭാവന നൽകാമെന്ന് ഇലോൺ മസ്ക്! കാരണം...
ലോക കോടീശ്വരൻ, ടെസ്ല, സ്പേസ്എക്സ് പോലുള്ള വമ്പൻ സ്ഥാപനങ്ങളുടെ ഉടമ എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് ഇലോൺ മസ്ക്. എന്നാൽ ട്വിറ്റർ വാങ്ങിയതിന് പിന്നാലെ മറ്റൊരു മസ്കിനെയാണ് ലോകം കണ്ടിട്ടുള്ളത്. ലോകത്തെ ഏറ്റവും പ്രമുഖനായ ബിസിനസുകാരനെന്ന നിലയിൽനിന്ന് ലോകത്ത് ഏറ്റവും കോമാളിയായ ബിസിനസുകാരനിലേക്ക് അദ്ദേഹത്തിന്റെ ഇമേജ് ഇടിയപ്പെട്ടു.
ട്വിറ്ററിൽ മസ്ക് നടത്തിയ മാറ്റങ്ങൾക്കെല്ലാം മസ്കിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടായിരുന്നു. അതിനാൽ ലോകം മുഴുവൻ പരിഹസിച്ചപ്പോളും തന്റെ നിലപാടുകളും തീരുമാനങ്ങളുമായി മസ്ക് മുന്നോട്ട് പോയി. ട്വിറ്ററിന്റെ പേര് ഇന്ന് എക്സ് എന്നായി, പ്രശസ്തമായ ട്വിറ്റർ ലോഗോ അടക്കം ഇന്ന് എക്സ് അടയാളമായി മാറി.

ട്വിറ്ററിൽ ഏറെ സജീവമായി ഇടപഴകുന്ന ആളാണ് ഇലോൺ മസ്ക്. ട്വിറ്ററിലെ മസ്കിന്റെ ട്വീറ്റുകൾ പലപ്പോഴും വൈറലാകുകയും ലോക ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ, കഴിഞ്ഞ ദിവസം വിക്കിപീഡിയയുമായി ബന്ധപ്പെട്ട് മസ്ക് നടത്തിയ ഒരു ട്വീറ്റ് ഇപ്പോൾ എക്സിൽ( ട്വിറ്ററിന്റെ പുതിയ പേര്) വൈറൽ ആയിരിക്കുന്നു.
വിക്കിപീഡിയ(Wikipedia)യുടെ പേര് ഡിക്കിപീഡിയ (Dickipedia) എന്ന് ആക്കിമാറ്റിയാൽ 1ബില്യൺ ഡോളർ( 100 കോടി രൂപ) സംഭാവനയായി നൽകാം എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. ട്വിറ്ററിൽ ഇടയ്ക്കിടെ ഇത്തരം വെടിപൊട്ടിക്കാറുള്ള ആളാണ് മസ്ക്. ഇപ്പോൾ മസ്കിന്റെ വിമർശനം നിറഞ്ഞ പരിഹാസത്തിന് ഇരയായത് വിക്കിപീഡിയ ആയിരുന്നു എന്നുമാത്രം.

വിക്കിപീഡിയയുടെ പ്രവർത്തനത്തിനായി അതിന്റെ പിന്നണി പ്രവർത്തകർ സംഭാവന അഭ്യർഥിക്കാറുണ്ട്. ഇതിന് എതിരേയായിരുന്നു മസ്കിന്റെ ഈ പേരുമാറ്റൽ ട്വീറ്റ്. ''വിക്കിപീഡിയ വിൽപ്പനയ്‌ക്കുള്ളതല്ല'' എന്ന അതിന്റെ ഹോം പേജ് സ്ക്രീൻഷോട്ടും മസ്ക് ട്വിറ്ററിൽ പങ്കുവച്ചു. ഇത് മസ്കിന്റെ ഡിക്കിപീഡീയ പേരുമാറ്റത്തിന്റെ പിന്നിലെ കാരണത്തിലേക്ക് വിരൽ ചൂണ്ടുന്നു.
വിക്കിപീഡിയയുടെ മുഴുവൻ വാചകങ്ങളും ഒരു സ്‌മാർട്ട്‌ഫോണിൽ ഉൾക്കൊള്ളിക്കാമെന്നിരിക്കെ, വിക്കിമീഡിയ ഫൗണ്ടേഷന് ഇത്രയധികം പണം ആവശ്യമായി വരുന്നത് എന്തിനാണെന്ന് മസ്ക് ചോദിച്ചു. കൂടാതെ, തന്റെ വിക്കിപീഡിയ പേജിൽ ഒരു പശുവിനെയും ഒരു പൂപ്പ് ഇമോജിയും ചേർക്കാമോ എന്നും മസ്‌ക് ചോദിച്ചു. മസ്കിന്റെ ഈ പരിഹാസം മിനിറ്റുകൾക്കുള്ളിൽ ട്വിറ്ററിൽ വൈറലായി.
എന്താണ് വിക്കിപീഡിയ: എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ (Wikipedia). ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. വിക്കിപീഡിയയുടെ ഉള്ളടക്കം സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ലഭ്യമായതിനാൽ എപ്പോഴും സ്വതന്ത്രവും സൗജന്യവും ആയിരിക്കും. എങ്കിലും ചില പതിപ്പുകളിൽ സ്വതന്ത്രമല്ലാത്ത ഉള്ളടക്കവുമുണ്ട്- എന്ന് വിക്കിപീഡിയതന്നെ പറയുന്നു.

ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ 2001 ജനുവരി 15 നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന സന്നദ്ധ സേവന തൽപരരായ ഉപയോക്താക്കൾ സഹകരണത്തോടെ പ്രവർത്തിച്ചാണ് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നത്. ലേഖനം എഴുതുവാനും മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും വിക്കിപീഡിയ അനുവദിക്കുന്നുണ്ട്.
പ്രവർത്തനത്തിനുള്ള ഫണ്ട് കണ്ടെത്താനായി വിക്കിപീഡിയ പലപ്പോഴും സഹായം അഭ്യർഥിക്കാറുണ്ട്. ഇതിനെതിരേയായിരുന്നു മസ്കിന്റെ ട്വീറ്റ്. 100 കോടി കിട്ടാനായി ചിലപ്പോൾ അവർ പേര് മാറ്റത്തിന് തയാറായേക്കാം എന്ന് ഒരു ട്വിറ്റർ യൂസർ ചൂണ്ടിക്കാട്ടി. ''ഹലോ, ഞാനൊരു വിഡ്ഡിയല്ല, കുറഞ്ഞത് ഒരു വർഷമെങ്കിലും ആപേര് അങ്ങനെ തുടരണ''മെന്ന് മസ്ക് അയാൾക്ക് മറുപടി നൽകി.
ചിലർ ട്വിറ്റർ ഏറ്റെടുത്തപോലെ വിക്കിപീഡിയയും ഏറ്റെടുക്കാൻ മസ്കിനെ ഉപദേശിച്ചു. മസ്കിന്റെ പരിഹാസം പണക്കാരനെന്ന ഹുങ്കലുള്ളതാണ് എന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. ട്വിറ്ററിന്റെ വളരെ പ്രശസ്തമായ പേരും ലോഗോയും അടക്കം മാറ്റിയ മസ്ക് ആണ് ഈ പേരുമാറ്റം ആവശ്യപ്പെട്ടത് എന്നതും ഈ ട്വീറ്റ് വൈറൽ ആവാനുള്ള ഒരു കാരണമായി.


Click it and Unblock the Notifications








