'നീലക്കിളി' വധം കഴിഞ്ഞു; മസ്ക് ട്വിറ്റർ വിറ്റു, വാങ്ങിയത് മസ്കിന്റെ സ്റ്റാർട്ടപ്പായ xAI
മിസ്റ്റർ, നിങ്ങളെ എനിക്ക് മനസിലാകുന്നില്ല! എന്ന ദൃശ്യം സിനിമയിലെ മുരളിഗോപിയുടെ ഡയലോഡ് യഥാർഥ ജീവിതത്തിൽ ആരുടെയെങ്കിലും മുഖത്ത് നോക്കി പറയേണ്ടതുണ്ടെങ്കിൽ അത് ഇലോൺ മസ്കിനോടാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അത്തരത്തിൽ ആരും ചിന്തിക്കാത്ത വേറിട്ട നീക്കങ്ങളാണ് മസ്ക് എപ്പോഴും സ്വീകരിക്കാറുള്ളത്. ഈ ലോകത്തിലെ ആർക്കും തന്നെ മസ്ക് എന്താണ് എന്ന് മനസിലാക്കുക അസാധ്യം എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മസ്കിന്റെ നിലപാടുകളും രീതികളും. ട്വിറ്റർ എന്ന പ്ലാറ്റ്ഫോം 2022ൽ വാങ്ങിയ മസ്ക് തുടർന്ന് നടത്തിയ ഓരോ നീക്കങ്ങളിലൂടെയും ലോകമാകെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ഇപ്പോൾ ആ ട്വിറ്റർ തന്നെ മസ്ക് വിൽക്കുന്നു, അതും സ്വന്തം സ്റ്റാർട്ടപ്പിന്.
ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന പ്ലാറ്റ്ഫോമിനെ വാങ്ങി X എന്ന് പിന്നീട് പുനർ നാമകരണം ചെയ്ത മസ്ക് ഇപ്പോൾ മറ്റൊരു ഞെട്ടിക്കുന്ന തീരുമാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ (X ) മൂല്യം 33 ബില്യൺ ഡോളർ എന്ന് കണക്കാക്കി തന്റെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ xAI അത് വാങ്ങുകയാണെന്ന് എലോൺ മസ്‌ക് വെള്ളിയാഴ്ച പറഞ്ഞു.

"xAI-യുടെ നൂതന AI ശേഷിയും വൈദഗ്ധ്യവും ട്വിറ്ററിന്റെ (ഇപ്പോൾ X) വമ്പിച്ച വ്യാപ്തിയിൽ സംയോജിപ്പിച്ചുകൊണ്ട് ഈ സംയോജനം വലിയ സാധ്യതകൾ തുറക്കും," എന്ന് വിൽപ്പന വെളിപ്പെടുത്തിക്കൊണ്ട് മസ്‌ക് തന്റെ സോഷ്യൽ നെറ്റ്‌വർക്കിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഏതാണ്ട് 600 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ട്വിറ്ററിനുണ്ട് എന്നാണ് കരുതപ്പെടുന്നത്.
ട്വിറ്റർ അഥവാ X ന്റെ ഭാവി രണ്ട് വർഷം മുമ്പ് ആരംഭിച്ച xAI-യുമായി "പൊരുത്തപ്പെടുന്നതാണ്" എന്ന് മസ്ക് പറയുന്നു.
"ഇന്ന്, ഡാറ്റ, മോഡലുകൾ, കമ്പ്യൂട്ട്, വിതരണം, കഴിവുകൾ എന്നിവ സംയോജിപ്പിക്കുന്നതിനുള്ള നടപടി ഞങ്ങൾ ഔദ്യോഗികമായി സ്വീകരിക്കുന്നു," എന്ന് ഈ രണ്ട് കമ്പനികളെയും സംയോജിപ്പിക്കുന്നതിനെക്കുറിച്ച് മസ്‌ക് പറഞ്ഞു.
മനുഷ്യന്റെ പുരോഗതിയെ സജീവമായി വേഗത്തിലാക്കുന്ന ഒരു പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ ഈ പുതിയ നീക്കം തങ്ങളെ അനുവദിക്കും എന്ന് മസ്ക് പറയുന്നു. 44 ബില്യൺ ഡോളറിനാണ് 2022-ൽ ട്വിറ്റർ മസ്ക് വാങ്ങിയത്. അന്നുമുതൽ തന്നെ വിവാദങ്ങളുടെ ഘോഷയാത്രയാണ് ട്വിറ്ററിൽ അരങ്ങേറിയത്. അതിലെ ഏറ്റവും പുതിയ അധ്യായമാണ് ഈ വിൽപ്പന.
ട്വിറ്റർ വാങ്ങിയതിന് പിന്നാലെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചതും, പിന്നീട് X എന്ന് അതിന്റെ പേര് മാറ്റിയതും ട്വിറ്ററിന്റെ പ്രശസ്തമായ നീലക്കിളിയുടെ ലോഗോ നീക്കി പകരം X എന്ന ലോഗോ അവതരിപ്പിച്ചതുമെല്ലാം ഏറെ വിവാദമുയർത്തിയിരുന്നു. ട്വിറ്റർ ഏറ്റെടുത്തയുടൻ നടത്തിയ കൂട്ടപ്പിരിച്ചുവിടലും വൻ ചർച്ചയായിരുന്നു.
ടെസ്ല, സ്പേസ്എക്സ്, സ്റ്റാർലിങ്ക്, ന്യൂറാലിങ്ക്, ദ് ബോറിങ് പോലെ ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ മസ്ക് പക്ഷേ ട്വിറ്ററിൽ നടത്തിയ നീക്കങ്ങളെല്ലാം വിവാദമുണ്ടാക്കുന്നതായിരുന്നു. മസ്കിന്റെ പേരിന് ഏറ്റവുമധികം ചീത്തപ്പേര് ഉണ്ടാക്കിയത് ട്വിറ്ററുമായി ബന്ധപ്പെട്ട് നടത്തിയ പരിഷ്കാരങ്ങളും പ്രതികരണങ്ങളുമായിരുന്നു.
ഓപ്പൺ എഐയുടെ വിജയത്തിന് പിന്നാലെ ട്വിറ്റർ എഐയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ChatGPT, ചൈനയുടെ DeepSeek തുടങ്ങിയ എഐ പ്ലാറ്റ്ഫോമുകൾക്കെതിരേ മത്സരിച്ച് എഐ രംഗത്തും ആധിപത്യം സ്ഥാപിക്കാൻ മസ്ക് ആഗ്രഹിക്കുന്നു. അതിനായി തന്റെ എഐ പ്ലാറ്റ്ഫോമിനെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാകാം ഇപ്പോഴത്തെ കമ്പനി മാറ്റം എന്ന് കരുതപ്പെടുന്നു. ഫെബ്രുവരിയിൽ xAI അതിന്റെ ചാറ്റ്ബോട്ടിന്റെ ഏറ്റവും പുതിയ പതിപ്പായ Grok 3 പുറത്തിറക്കിയിരുന്നു.


Click it and Unblock the Notifications








