സത്യമേവ ജയതേ! ''സത്യത്തിൽ നമുക്ക് വേണ്ടത് ഇതാണ്'', ട്രൂത്ത്ജിപിടിയുമായി മസ്ക്
മുള്ളിനെ മുള്ളുകൊണ്ട് എടുക്കാനുള്ള പുറപ്പാടിലാണ് ഇലോൺ മസ്ക്. എഐ മനുഷ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് വാദിച്ചിരുന്ന മസ്ക് സ്വന്തമായി എഐ കമ്പനി ആരംഭിച്ച് ഗവേഷണങ്ങൾ നടത്താൻ പോകുകയാണ് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ആളുകളിൽ ഏറെ അമ്പരപ്പും സംശയങ്ങളും സൃഷ്ടിച്ചു.
ആളുകളുടെ ഈ സംശയം മനസിലാക്കിയെന്നവണ്ണം എഐയുമായി ബന്ധപ്പെട്ടുള്ള തന്റെ പദ്ധതികൾ വിശദീകരിച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. ട്രൂത്ത്ജിപിടി എന്ന് വിളിക്കുന്ന ഒരു എഐ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ താൻ തയാറെടുക്കുകയാണ് എന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മസ്ക് വ്യക്തമാക്കി.

പേരിൽതന്നെ അതിന്റെ ഉദ്ദേശം വ്യക്തമാണ് എന്നാണ് മസ്ക് പറയുന്നത്. മറ്റ് എഐകളെപ്പോലെ അപകടകാരിയായിരിക്കില്ല തന്റെ എഐ പ്ലാറ്റ്ഫോം എന്നാണ് മസ്ക് അവകാശപ്പെടുന്നത്. മനുഷ്യത്വത്തെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമൊക്കെയാകും തന്റെ എഐ ശ്രദ്ധകേന്ദ്രീകരിക്കുക. മനുഷ്യത്വത്തിന്റെ മൂല്യങ്ങൾ അറിയുന്ന ഒരു എഐ ഒരിക്കലും മനുഷ്യവംശത്തിന്റെ നാശത്തെപ്പറ്റി ചിന്തിക്കില്ല എന്ന് മസ്ക് പറയുന്നു.
എഐ ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കാനുള്ള സുരക്ഷിതമാതൃക ഇതാണെന്ന് താൻ വിശ്വസിക്കുന്നതായി മസ്ക് വ്യക്തമാക്കി. അഭിമുഖത്തിൽ ഒരേസമയം എഐയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന മസ്കിനെയാണ് കാണുക. ഗൂഗിൾ, ഓപ്പൺ എഐ, മൈക്രോസോഫ്ട് എന്നിവയുടെ എഐ പരീക്ഷണങ്ങളിൽ നേരത്തെതന്നെ മസ്ക് ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളതാണ്. ''സത്യത്തിൽ നമുക്ക് വേണ്ടത് ട്രൂത്ത്ജിപിടി'' ആണെന്ന് മസ്ക് ട്വീറ്റിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.

ടെസ്ലയുടെയും സ്പേസ്എക്സിന്റെയുമൊക്കെ സിഇഒ കൂടിയായ മസ്ക്, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഘട്ടത്തിൽ കാറുകളെക്കാളും റോക്കറ്റുകളെക്കാളും അപകടകാരി എന്നാണ് എഐയെ വിശേഷിപ്പിച്ചത്. കൂടാതെ ഇപ്പോൾ ജനപ്രിയമായിരിക്കുന്ന ഒരു ചാറ്റ്ബോട്ടിന് പക്ഷപാതിത്വമുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യനെ നശിപ്പിക്കാൻ എഐക്ക് കഴിയുമെന്നും അദ്ദേഹം ആവർത്തിച്ചു.
ചാറ്റ്ജിപിടിക്ക് ബദലായിട്ടാകും തന്റെ ട്രൂത്ത്ജിപിടി സൃഷ്ടിക്കുകയെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. എഐ പരീക്ഷണങ്ങൾക്കായി X.AI കോർപ്പ് എന്ന പേരിൽ ഒരു പുതിയ സ്ഥാപനം മസ്ക് ആരംഭിച്ചതായി നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. മാർച്ച് 9-ന് ആണ് കമ്പനി രൂപീകരിക്കപ്പെട്ടതെന്നും മസ്ക് ഡയറക്ടറും അദ്ദേഹത്തിന്റെ ദീർഘകാല ഉപദേശകനായ ജാരെഡ് ബിർച്ചാൾ സെക്രട്ടറിയും ആയാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വർഷങ്ങളായി ആർട്ടിഫിഷ്യൽ ഇന്റലിജന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇടപെടുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന ആളാണ് മസ്ക്. മാർക്ക് സക്കർബർഗും ബിൽ ഗേറ്റ്‌സും ഉൾപ്പെടെയുള്ള ടെക്നോളജി രംഗത്തെ പ്രമുഖർക്ക് ഈ സാങ്കേതികവിദ്യയെക്കുറിച്ച് "പരിമിതമായ" ധാരണമാത്രമേയുള്ളൂ എന്നാണ് മസ്ക് പറയുന്നത്. ചാറ്റ്ജിപിടിയുടെയും അതിന്റെ സൃഷ്ടാക്കളായ ഓപ്പൺ എഐയുടെയും കടുത്ത വിമർശകൻ കൂടിയാണ് മസ്ക്.

എന്നാൽ അതേ ചാറ്റ്ജിപിടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു മസ്ക് എന്നകാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. ലാഭേച്ഛയില്ലാത്ത എഐ റിസർച്ച് ലാബ് എന്ന നിലയിൽ 2015ൽ ഓപ്പൺഎഐ സ്ഥാപിതമായപ്പോൾ അതിന്റെ ബോർഡിന്റെ സഹ അധ്യക്ഷനായിരുന്നു മസ്ക്. എന്നാൽ പിന്നീട് 2018 ൽ മസ്ക് കമ്പനി വിടുകയും അതിലെ തന്റെ മുഴുവൻ ഓഹരികളും ഉപേക്ഷിക്കുകയും ചെയ്തു.
ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സിസ്റ്റങ്ങൾ നിർമ്മിക്കുന്നതിനുള്ള ടെസ്‌ലയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും സ്പേസ്എക്സ് പദ്ധതികളിൽ കൂടുതൽ ശ്രദ്ധനൽകാനുമാണ് മസ്ക് ഓപ്പൺഎഐയിൽ നിന്ന് രാജിവച്ചത്. അതോടൊപ്പം ഓപ്പൺ എഐയിലെ ചിലരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും രാജിക്ക് കാരണമായി. ഓപ്പൺഎഐയുടെ പേരും ആശയവും തന്റേതായിരുന്നു എന്നും മസ്ക് അഭിമുഖത്തിൽ വ്യക്തമാക്കി.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിലാണ് കമ്പനി ആരംഭിച്ചത്. ഇന്ന് മൈക്രോസോഫ്ടുമായി അടുത്ത ബന്ധംപുലർത്തുന്ന കമ്പനി അതിൽനിന്ന് വ്യതിചലിച്ചു. ഓപ്പൺഎഐ ടീം ചെയ്യാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളോട് താൻ യോജിച്ചിരുന്നില്ല എന്നും അതും രാജിക്ക് കാരണമായി എന്നും മസ്ക് പറയുന്നു. എന്നാൽ അത് എന്തായിരുന്നു എന്ന് മസ്ക് വെളിപ്പെടുത്തിയില്ല.


Click it and Unblock the Notifications








