വരുമോ ഹൈപര്‍ലൂപ്?; വിമാനത്തിന്റെ ഇരട്ടിവേഗമുള്ള ട്രെയിന്‍!!!

Posted By:

മണിക്കൂറില്‍ 1280 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ട്രെയിന്‍. അതായത് വിമാനത്തിന്റെ ഇരട്ടിവേഗം. അതും വളരെ കുറഞ്ഞ ചെലവില്‍. അത്തരമൊരു ട്രെയിന്‍ വന്നാലോ?. അതിനുള്ള എല്ലാ സാധ്യതകളും തുറന്നിടുകയാണ് ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ അതികായരായ ടെസ്ല മോട്ടോഴ്‌സിന്റെ സ്ഥാപകനായ എലന്‍ മസ്‌ക്.

കഴിഞ്ഞ ദിവസമാണ്, നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈപര്‍ലൂപിന്റെ രൂപരേഖ അലന്‍മസ്‌ക് പുറത്തുവിട്ടത്. ഇതുപ്രകാരം വായുമര്‍ദം തീരെ കുറഞ്ഞ ഒരു ട്യൂബാണ് സഞ്ചാരപാതയായി ഉപയോഗിക്കുന്നത്. കാപ്‌സ്യൂള്‍ രൂപത്തിലുള്ള പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനങ്ങള്‍ ട്യൂബിലൂടെ കടത്തിവിടും. ട്യൂബിനകത്തു രൂപപ്പെടുത്തുന്ന കാന്തിക ശക്തിയും വായു മര്‍ദം തീരെ കുറവായതും ക്യാപ്‌സൂളുകള്‍ക്ക് അതിവേഗം കൈവരിക്കാന്‍ സഹായിക്കും.

വായുമര്‍ദം ഉപയേഗിച്ച് ട്യൂബിന്റെ ഉപരിതലത്തില്‍ നിന്ന് കാപ്‌സൂളുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഘര്‍ഷണവും ഉണ്ടാവില്ല. ട്യൂബുകള്‍ക്കു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകളാണ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നത്.

തുടക്കത്തില്‍ വാഹനത്തിനു വേഗത കൈവരിക്കാന്‍ സൂപ്പര്‍സോണിക് ട്രെയിനിനു സമാനമായ ഊര്‍ജം ആവശ്യമാണെങ്കില്‍ പിന്നീട് തനിയെ ഓടാന്‍ സാധിക്കും. ഏകദേശം 28 യാത്രക്കാര്‍ക്ക് ഒരു കാപ്‌സ്യൂളിനകത്ത് യാത്രചെയ്യാന്‍ സാധിക്കും. ഒരു മണിക്കൂറിനുള്ളില്‍ 1200 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ഈ കാപ്‌സ്യൂളുകള്‍ക്ക് സാധിക്കുമെന്നാണ് എലന്‍ മസ്‌ക് പറയുന്നത്.

ഇത് പ്രാവര്‍ത്തികമായാല്‍ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നിന്ന് 643 കിലോമീറ്റര്‍ അകലെയുള്ള സാന്‍ഫ്രാന്‍സിസ്‌കോയിലെത്താന്‍ വെറും അരമണിക്കൂര്‍ മാത്രം മതിയാകും. നിലവില്‍ വിമാനത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ സമയമാണ് ഇത്രയും ദൂരം സഞ്ചരിക്കാന്‍ എടുക്കുന്ന സമയം. ഒരാള്‍ക്ക് ഏകദേശം 1200 രൂപയോളമേ യാത്രാ ചെലവു വരികയുള്ളുവെന്നും മസ്‌ക് പറയുന്നു.

അതേസമയം ഹൈപര്‍ലൂപിനെ കുറിച്ച് നിരവധി ആശങ്കകളും വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. സഞ്ചാര പാതയായ ട്യൂബില്‍ വായുമര്‍ദം തീരെ കുറവായതിനാല്‍ എവിടെയെങ്കിലും ചോര്‍ച്ച ഉണ്ടായാല്‍ ഗുരുതരമായ അപകടമായിരിക്കും സൃഷ്ടിക്കുക എന്നാണ് പലരും പറയുന്നത്.

മാത്രമല്ല സഞ്ചാരപാത ഭൂമിക്കടിയിലൂടെയോ അല്ലെങ്കില്‍ ഏറെ ഉയരത്തിലോ വേണം നിര്‍മിക്കാന്‍. നൂറുകണക്കിനു കിലോമീറ്റര്‍ ദൂരത്തേക്ക് ഇത്തരം പാതകള്‍ നിര്‍മിക്കുന്നത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏകദേശം 750 കോടി യു.എസ്. ഡോളറാണ് (460987500000 കോടി രൂപ) നിര്‍മാണത്തിന് ചിലവ് പ്രതീക്ഷിക്കുന്നതെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്.

എന്തായാലും നിലവില്‍ താന്‍ ടെസ്ല മോട്ടോഴ്‌സിന്റെ പ്രവത്തനങ്ങളില്‍ വ്യാപൃതനാണെന്നും ഹൈപര്‍ലൂപ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് എലന്‍ മസ്‌ക് പറയുന്നത്. നിര്‍മിക്കാന്‍ തയാറായി ആരെങ്കിലും മുന്നോട്ടു വരികയാണെങ്കില്‍ സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹൈപര്‍ലൂപ് എങ്ങനെയെന്നു വിവരിച്ചുകൊണ്ട് എലന്‍മസ്‌ക് പുറത്തുവിട്ട ഏതാനും ചിത്രങ്ങള്‍ ഇതാ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Hyperloop

വായുമര്‍ദം തീരെ കുറഞ്ഞ ട്യൂബാണ് ഹൈപര്‍ലൂപിന്റെ സഞ്ചാരപാത. ഇരുദിശകളിലേക്കും സഞ്ചരിക്കുന്നതിനായി സമാന്തരമായ രണ്ടു ട്യൂബുകളാണ് സ്ഥാപിക്കുക.

Hyperloop

കാപ്‌സ്യൂള്‍ രൂപത്തിലുള്ള പ്രത്യേക വാഹനമാണ് ട്യൂബിനുള്ളലൂടെ സഞ്ചരിക്കുക. 28 പേര്‍ക്ക് ഒരുസമയം കാപ്‌സ്യൂളിനകത്ത് ഇരിക്കാന്‍ സാധിക്കും

Pictures Of Hyperloop

മുകളിലേക്കു തുറക്കുന്ന വിധത്തിലാണ് കാപ്‌സ്യൂളുകളുടെ വാതിലുകള്‍ ഒരുക്കുക. സ്‌റ്റേഷനുകളില്‍ നിന്ന് പുറപ്പെടുമ്പോഴും എത്തിച്ചേരുമ്പോഴും മണിക്കൂറില്‍ 300 മൈലില്‍ താഴെയായിരിക്കും വേഗത.

Hyperloop

ഹൈപര്‍ലൂപിന്റെ പ്രവര്‍ത്തനം വിവരിക്കുന്ന രേഖാചിത്രം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വരുമോ ഹൈപര്‍ലൂപ്?; വിമാനത്തിന്റെ ഇരട്ടിവേഗമുള്ള ട്രെയിന്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot