മക്കളാണെന്നത് ഒരു യോഗ്യതയല്ല, യോഗ്യതയുള്ളവർക്കേ തന്റെ കമ്പനികൾ കൈമാറൂവെന്ന് മസ്ക്
മക്കളാണ് എന്ന ഒറ്റക്കാരണത്താൽ പിതാവിന്റെ സ്ഥാപനങ്ങൾ അവർക്ക് കൈമാറുന്ന രീതിയോട് തനിക്ക് യോജിപ്പില്ലെന്നും താൻ ആ വഴി പിന്തുടരില്ലെന്നും ഇലോൺ മസ്ക്. കമ്പനികൾ ഏറ്റെടുത്ത് നടത്താൻ മക്കൾക്ക് താൽപര്യം ഉണ്ടോ എന്നതാണ് പ്രധാനകാര്യം. അവർക്ക് താൽപര്യമില്ലെങ്കിൽ കമ്പനിയിലെ അർഹരായ മറ്റാർക്കെങ്കിലും അധികാരം കൈമാറുന്നതാണ് നല്ലതെന്നും മസ്ക്.
ദ വാൾ സ്ട്രീറ്റ് ജേണലിന്റെ സിഇഒ കൗൺസിലിൽ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ലോക കോടീശ്വരന്മാരിലെ ഇപ്പോഴത്തെ രണ്ടാം സ്ഥാനക്കാരനും ടെസ്ല, ട്വിറ്റർ, സ്പേസ്എക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സിഇഒയുമായ ഇലോൺ മസ്ക് തന്റെ കമ്പനികളുടെ അധികാരക്കൈമാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്. മസ്കിന് ആകെ 9 മക്കളാണ് ഇപ്പോഴുള്ളത്.

കമ്പനികൾ നിയന്ത്രിക്കാനുള്ള താൽപ്പര്യമോ ചായ്‌വോ ഇല്ലെങ്കിൽ എക്‌സിക്യൂട്ടീവുകൾ അവരുടെ ഓഹരികൾ മക്കൾക്ക് കൈമാറരുത്. പകരം കമ്പനിക്കുള്ളിലെ അർഹരായ വ്യക്തികൾക്ക് നിയന്ത്രണം കൈമാറുന്നതാണ് നല്ലതെന്ന് മസ്ക് വിശ്വസിക്കുന്നു. തനിക്ക് കാര്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വരുന്ന ഘട്ടത്തിൽ തന്റെ കമ്പനികളെ ഏറ്റെടുക്കാൻ കഴിവുള്ള വ്യക്തികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മസ്ക് വെളിപ്പെടുത്തി.
മക്കൾക്ക് കഴിവും താൽപര്യവും ഇല്ലെങ്കിലും കമ്പനികളുടെ ചുമതല അവരുടെ തലയിൽവച്ചുകൊടുക്കുന്നവരുടെ 'സ്കൂളിൽ' താനുണ്ടാവില്ലെന്നും അത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നതായും മസ്ക് പറയുന്നു. മസ്ക് നടത്തിയിട്ടുള്ള പ്രസ്താവനകൾ പലപ്പോഴും വിവാദവും മണ്ടത്തരവുമൊക്കെയായി മാറാറുണ്ടെങ്കിലും ഇപ്പോൾ പറഞ്ഞ കാര്യങ്ങളോട് അദ്ദേഹത്തിന്റെ എതിരാളികൾക്കുപോലും അനുകൂല നിലപാടാണ് ഉള്ളത്.

മക്കളെ ഏറെ സ്നേഹിക്കുന്നയാളാണ് മസ്ക്. ഒഴിവുസമയങ്ങൾ തന്റെ ആൺമക്കൾക്കൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് മസ്ക് തുറന്നുപറഞ്ഞിട്ടുമുണ്ട്. എങ്കിലും, കുടുംബം വേറെ ബിസിനസ് വേറെ എന്നതാണ് തന്റെ നയമെന്ന് മസ്കിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ബന്ധത്തിന്റെ പേരിൽ കമ്പനി അവകാശം കൈമാറുന്നതിനെക്കാൾ അർഹതയുള്ളവർക്ക് അധികാരം നൽകണമെന്ന നിലപാട് തന്റെ സ്ഥാപനങ്ങളോട് മസ്ക് പുലർത്തുന്ന ആത്മാർഥതയായാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് ബന്ധങ്ങളിലായി മസ്കിന് പത്ത് മക്കളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ ചെറുപ്പത്തിൽതന്നെ മരിച്ചിരുന്നു. ഇപ്പോഴുള്ള ഒൻപത് മക്കളിൽ മൂത്തയാൾക്ക് 19 വയസുണ്ട്. ഏറ്റവും ഇളയമകന് 3 വയസും. മറ്റ് പല കാര്യങ്ങളിലുമെന്നപോലെ മക്കളുടെ പേരിന്റെ കാര്യത്തിലും മസ്ക് വ്യത്യസ്തതപുലർത്തി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഗായികയായ ഗ്രിംസിൽ ജനിച്ച മക്കൾക്ക് ' X Æ A-Xii', എക്‌സ ഡാർക്ക് സിഡാറിയൽ (Exa Dark Sideræl) എന്നിങ്ങനെയാണ് മസ്ക് പേര് നൽകിയിരിക്കുന്നത്. X AE A-XII-യെ വിവിധ പരിപാടികളിൽ ഇപ്പോൾ മസ്ക് കൂടെക്കൂട്ടാറുണ്ട്. കൂടാതെ പ്രത്യേക ട്വിറ്റർ ബാഡ്ജ് പോലും നൽകിയിരുന്നു. എങ്കിലും എല്ലാമക്കളോടും മസ്ക് ഈ സ്നേഹം കാട്ടാറില്ല.
ട്രാൻസ് ജെൻഡറുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളിൽ അഭിപ്രായം പറയുന്ന ഇലോൺ മസ്‌ക് സ്വവർഗ്ഗാനുരാഗ കാഴ്ചപ്പാടിനെ ശക്തമായി എതിർക്കുന്നയാളാണ്. അദ്ദേഹത്തിന്റെ മൂത്തമകൻ കുറച്ചുനാൾമുമ്പ് താൻ ട്രാൻസ്ജെൻഡറാണ് എന്ന് തിരിച്ചറിയുകയും സ്ത്രീയായി ജീവിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തു. മസ്കുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് മസ്കിന്റെ പേര് തന്റെ പേരിൽനിന്ന് നീക്കുകയും ചെയ്തിരുന്നു.

ജനസംഖ്യാ നിയന്ത്രണങ്ങളോട് താൽപര്യമുള്ളയാളല്ല മസ്ക്. സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ധാരാളം കുട്ടികൾ വേണം എന്നാണ് മസ്കിന്റെ നിലപാട്. മസ്‌കിന്റെ ഒമ്പത് കുട്ടികളിൽ എട്ട് പേരും ഐവിഎഫ് വഴിയാണ് ജനിച്ചത്. അതേസമയം മക്കളെ തങ്ങളുടെ സാമ്രാജ്യം ഏൽപ്പിക്കണോ എന്ന ചർച്ച ശതകോടീശ്വരന്മാർക്കിടയിൽ വളരെക്കാലമായി നടക്കുന്ന കാര്യമാണ്.
ബെർണാഡ് അർനോൾട്ട് മുതൽ റൂപർട്ട് മർഡോക്ക് വരെയുള്ള ലോകത്തെ പല ശതകോടീശ്വരന്മാരും തങ്ങളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗങ്ങൾ മക്കൾക്ക് കൈമാറി കുടുംബ പിന്തുടർച്ചയുടെ ഭാഗമായി. എന്നാൽ ആപ്പിളിന്റെ സ്റ്റീവ് ജോബ്‌സിനെപ്പോലുള്ള ചില സംരംഭകർ തങ്ങളുടെ അധ്വാനത്തിന്റെ ഫലമായ കമ്പനികൾ മക്കൾക്ക് കൈമാറാൻ തയാറായിരുന്നില്ല.


Click it and Unblock the Notifications








