ഒറ്റദിവസം 2 ശസ്ത്രക്രിയകൾ വിജയകരമാക്കി ന്യൂറലിങ്ക്; കോടിക്കണക്കിന് മനുഷ്യ ജീവിതങ്ങൾ രക്ഷപ്പെടുമെന്ന് മസ്ക്
ജീവിതത്തിലെ പരീക്ഷണങ്ങളെ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടന്നാണ് മനുഷ്യൻ ഇതുവരെ എത്തിയിട്ടുള്ളത്. എങ്കിലും ഇനിയും മനുഷ്യന്റെ പല പ്രശ്നങ്ങൾക്കും പ്രതിവിധികൾ കണ്ടെത്താനായിട്ടില്ല. അതിനായുള്ള പരീക്ഷണങ്ങൾ പലതും നടക്കുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ ന്യൂറലിങ്ക് അവതരിപ്പിച്ചിട്ടുള്ള ന്യൂറലിങ്ക് ചിപ്. പല മസ്തിഷ്ക രോഗങ്ങളെയും നേരിടാൻ ഈ ചിപ്പിന്റെ കണ്ടുപിടുത്തവും വിജയകരമായ ഇൻസ്റ്റാളേഷനും വഴി സാധിക്കും എന്നാണ് ന്യൂറലിങ്കും മസ്കും പറയുന്നത്. ഇതിനകം നിരവധി പരീക്ഷണങ്ങൾ ഈ ചിപ്പുമായി ബന്ധപ്പെട്ട് ന്യൂറലിങ്ക് നടത്തിയിട്ടുണ്ട്.
ഇപ്പോൾ ഏറ്റവും പുതിയതായി എത്തിയിരിക്കുന്ന വാർത്ത എന്തെന്നാൽ, ന്യൂറലിങ്ക് കമ്പനി ഒറ്റ ദിവസം തന്നെ രണ്ട് രോഗികളിൽ ബ്രെയിൻ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ വിജയകരമായി നടത്തി എന്നതാണ്. ഈ രണ്ട് രോഗികളും സുഖം പ്രാപിക്കുന്നുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു റോബോട്ടിക് സർജിക്കൽ സിസ്റ്റം ഉപയോഗിച്ചാണ് ന്യൂറലിങ്ക് ഈ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയമാണ് എന്ന വിലയിരുത്തൽ വന്നതിന് പിന്നാലെ ഇതിന്റെ ആഹ്ളാദം പ്രകടിപ്പിച്ച് ഇലോൺ മസ്ക് ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. "ആത്യന്തികമായി ദശലക്ഷക്കണക്കിന്, ഒരുപക്ഷേ കോടിക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിക്കാൻ ന്യൂറലിങ്ക് വഴിയൊരുക്കും. നിങ്ങളുടെ പ്രിയപ്പെട്ടയാൾക്ക് വീണ്ടും നടക്കാൻ കഴിയുന്നതോ ഡിമെൻഷ്യ ബാധിച്ച നിങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ കുട്ടിയെ വീണ്ടും തിരിച്ചറിയാൻ കഴിയുന്നതോ സങ്കൽപ്പിക്കുക" എന്നാണ് മക്സ് കുറിച്ചത്.
അപകടത്തിൽപ്പെട്ടും അല്ലാതെയുമൊക്കെ നിരവധി പേരുടെ തലച്ചോർ തകരാറിലാകുകയും വിവിധ പ്രശ്നങ്ങൾ നേരിടുകയും ചെയ്യാറുണ്ട്. ന്യൂറോളജിക്കൽ കേടുപാടുകൾ മൂലം മനുഷ്യർക്ക് നഷ്ടപ്പെടുന്ന അടിസ്ഥാന കഴിവുകൾ പുനഃസ്ഥാപിക്കുക എന്നതാണ് ന്യൂറലിങ്കിന്റെ പ്രാഥമിക ലക്ഷ്യം. 2024 മാർച്ചിൽ 30 വയസ്സുള്ള നോളണ്ട് അർബോഗ് എന്ന മനുഷ്യ രോഗിയിൽ ന്യൂറലിങ്ക് ആദ്യത്തെ വിജയകരമായ ഇംപ്ലാന്റേഷൻ കമ്പനി നടത്തിയിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം, തോളിൽ നിന്ന് താഴേക്ക് തളർന്നുപോയ അർബോഗിന് കമ്പ്യൂട്ടർ കഴ്‌സർ നിയന്ത്രിക്കാനും ചിന്തയിലൂടെ ചെസ്സ് കളിക്കാനും കഴിഞ്ഞു. പക്ഷാഘാതം ബാധിച്ച ആളുകളെ ചിന്തയിലൂടെ ഡിജിറ്റൽ ഉപകരണങ്ങൾ, പ്രോസ്തെറ്റിക്സ് അല്ലെങ്കിൽ ആശയവിനിമയ സംവിധാനങ്ങൾ എന്നിവയിൽ നിയന്ത്രണം വീണ്ടെടുക്കാൻ സഹായിക്കുന്നതിൽ ന്യൂറലിങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനായി ലിങ്ക് എന്നറിയപ്പെടുന്ന ചിപ് അവർ വികസിപ്പിച്ചിരിക്കുന്നു.
ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ്: "ലിങ്ക്" എന്നറിയപ്പെടുന്ന ന്യൂറലിങ്കിന്റെ ഡിവൈസ് ന്യൂറൽ പ്രവർത്തനങ്ങളെ വ്യാഖ്യാനിക്കാനും ബാഹ്യ ഉപകരണങ്ങളിലേക്ക് കൈമാറാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) ആണ്. നാണയ വലുപ്പത്തിലുള്ള ഈ ഇംപ്ലാന്റ് നേരിട്ട് തലയോട്ടിയിലേക്ക് തിരുകുന്നു, സെറിബ്രൽ കോർട്ടെക്സിൽ ഉൾച്ചേർത്ത അൾട്രാ-നേർത്ത ത്രെഡുകൾ ഇതിൽ ഉൾപ്പെടുന്നു.
ന്യൂറ ലിങ്കിലെ ത്രെഡുകളിൽ സജ്ജീകരിച്ചിരിക്കുന്ന 1,024 ഇലക്ട്രോഡുകൾ മസ്തിഷ്ക സിഗ്നലുകളെ നിരീക്ഷിക്കുന്നു. ഇവ ശേഖരിക്കുന്ന ഡാറ്റ പിന്നീട് ഒരു കസ്റ്റം ചിപ്പ് ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുകയും ബ്ലൂടൂത്ത് വഴി കണക്ട് ചെയ്തിരിക്കുന്ന ഡിവൈസുകളിലേക്ക് വയർലെസ് ആയി അയയ്ക്കുകയും ചെയ്യുന്നു. മനുഷ്യന്റെ കഴിവിനപ്പുറമുള്ള കൃത്യതയോടെ ഇലക്ട്രോഡുകൾ തിരുകാൻ റോബോട്ടുകൾക്ക് കഴിവുണ്ടെന്ന് മസ്‌ക് ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു.

നട്ടെല്ലിലെ പരിക്കുകൾ, അന്ധത എന്നിവ മുതൽ ഡിമെൻഷ്യ, വിഷാദം വരെയുള്ള വിവിധ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കാൻ ഭാവിയിൽ ന്യൂറലിങ്കിന് സാധിക്കുമെന്ന് ഇലോൺ മസ്‌ക് അഭിപ്രായപ്പെടുന്നു. ന്യൂറലിങ്ക് പരീക്ഷണങ്ങൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








