അംബാനിയുടെ സദ്യയിൽ മണ്ണുവാരിയിടാൻ മസ്ക് എത്തുന്നു; ഇന്ത്യക്കാർക്ക് ഇഷ്ടംപോലെ ഡാറ്റ 'ഉണ്ണാം'!
മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിനു കീഴിലുള്ള ജിയോ നിലവിൽ ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏറ്റവും വലിയ ശക്തിയാണ്. എയർടെലും വിഐയും ബിഎസ്എൻഎല്ലുമൊന്നും ജിയോയ്ക്ക് ഒരു ഭീഷണിയേ അല്ല. എന്നാൽ ജിയോയുടെ ഈ ഒന്നാം സ്ഥാനവും വിപണിയിലെ ആധിപത്യവും ഇനി എത്രനാളേക്ക് ഉണ്ടാകും എന്നാണ് ഇപ്പോളുയരുന്ന ചോദ്യം.
മുകേഷ് അംബാനി ഇന്ത്യയിലെ വമ്പനാണെങ്കിൽ ഇന്ത്യക്ക് പുറത്ത് ആഗോളതലത്തിൽ വമ്പനാണ് ഇലോൺമസ്ക്. സാമ്പത്തികമായും സാങ്കേതികമായും അംബാനിയെക്കാൾ പലമടങ്ങ് കരുത്തനാണ് മസ്ക്. അങ്ങനെയുള്ള മസ്കും അംബാനിയും തമ്മിൽ നേരിട്ടുള്ള ഒരു മത്സരത്തിന് കളമൊരുങ്ങുന്നു എന്നതാണ് ഇപ്പോൾ ടെക്നോളജി രംഗത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്.

ജിയോ ഭരിക്കുന്ന ഇന്ത്യൻ ടെലിക്കോം വിപണിയിലേക്ക് തന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റുമായി എത്താൻ തയാറെടുത്തിരിക്കുകയാണ് ഇലോൺ മസ്ക്. ലേകാത്തിന്റെ ഏത് വിദൂര മേഖലയിലും സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ അവതരിപ്പിക്കാൻ കരുത്തുള്ള സ്ഥാപനമാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്. വമ്പൻ വാണിജ്യ സാധ്യതകളുള്ള വിശാല വിപണിയായ ഇന്ത്യയിലേക്ക് കടന്നുകയറാൻ മസ്കും സ്റ്റാർലിങ്കും പലതവണ ശ്രമിച്ചു.
ഇന്ത്യൻ സർക്കാരുമായി സ്റ്റാർലിങ്ക് വർഷങ്ങളായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും ഇന്ത്യൻ ഉപയോക്താക്കൾ ഇന്നും മസ്കിന്റെ കമ്പനിക്ക് അന്യമാണ്. എന്നാൽ ഇത്രയും നാൾ ഇന്ത്യയുടെ പടിക്ക് പുറത്തു നിന്നിരുന്ന സ്റ്റാർലിങ്ക് ഇപ്പോൾ ഇത്തവണ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം ആരംഭിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിന് ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസൻസ് നൽകണോ എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡിഒടി) ഉദ്യോഗസ്ഥർ സെപ്റ്റംബർ 22 ന് യോഗം ചേരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ ലൈസൻസ് ലഭിക്കുന്നതിന് പിന്നാലെ, സ്റ്റാർലിങ്കിന് ഉടൻതന്നെ ഇന്ത്യയിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൺവെബുമായി ചേർന്ന് എയർടെലിന് മാത്രമാണ് ഇതുവരെ ജിഎംപിസിഎസ് ലൈസൻസ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ജിയോയും ലൈസൻസ് നേടിയെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഈ ലൈസൻസ് സ്വന്തമാക്കി ഇന്ത്യയിലും സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്.
നിലവിൽ ഏകദേശം 32 രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ടെലിക്കോം കമ്പനികളുടെ സേവനങ്ങൾ എത്തിപ്പെടാത്ത ഇടങ്ങളിലും ഇന്റർനെറ്റ് സേവനം കാഴ്ചവയ്ക്കാൻ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിന് സാധിക്കും. വിദൂര സ്ഥലങ്ങളിലും യുദ്ധബാധിത പ്രദേശങ്ങളിലും പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി വയർലെസ് ആയി നൽകാൻ സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ആഗോള വമ്പനായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് ഇന്റർനെറ്റ് സേവനങ്ങളുമായി കടന്നുവന്നാൽ അത് ഏറ്റവുമധികം വെല്ലുവിളി ഉയർത്തുക ജിയോയ്ക്കും എയർടെലിനുമാകും എന്ന് കരുതപ്പെടുന്നു. എന്നാൽ വമ്പന്മാർ തമ്മിലുള്ള മത്സരം നടന്നാൽ അതിന്റെ ഗുണം ലഭിക്കുക ഇന്ത്യക്കാർക്കായിരിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സരം ശക്തമാകുമ്പോൾ നിലവാരമുള്ള സേവനം മാന്യമായ നിരക്കിൽ ലഭിക്കും എന്നതാണ് കാരണം.
വർഷങ്ങളായി ഇന്ത്യയിൽ കടന്നുകൂടാൻ സ്റ്റാർലിങ്ക് ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടു. പ്രതീക്ഷ കൈവിടാതെ മസ്കിന്റെ കമ്പനി തുടരുന്ന പ്രയത്നം ഇത്തവണ ഫലം കണ്ടേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ മസ്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ മോദി മസ്കിനെ ക്ഷണിക്കുകയും ചെയ്തിരുന്നു.
മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല ഇന്ത്യയിൽ പ്ലാന്റ് ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കൊപ്പം സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. ടെസ്ല പ്ലാന്റ് ആരംഭിക്കുന്നതിനെക്കാൾ ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ആരംഭിക്കുന്നതിനാണ് മസ്ക് പ്രാധാന്യം നൽകുന്നത്. എന്നാൽ അംബാനി ഭരിക്കുന്ന കളത്തിലേക്ക് ഒരു ആഗോള ഭീമനെ ഇറക്കാൻ സർക്കാർ അനുവദിച്ചുകൊടുക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








