ജിയോ ഒന്ന് പുഷ്ടിപ്പെടും ബാക്കിയുള്ളവർ കഷ്ടപ്പെടും; 5ജിയിൽ പുത്തൻ തീരുമാനം നടപ്പാക്കാൻ കേന്ദ്രം
ജിയോയും എയർടെലും അടങ്ങുന്ന ഇന്ത്യയിലെ ടെലിക്കോം മേഖലയ്ക്ക് ആശ്വാസം പകരുന്ന നിർണായക തീരുമാനം പ്രഖ്യാപിക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് നേരിട്ട് സ്പെക്‌ട്രം അനുവദിക്കാൻ 2022 ൽ ടെലിക്കോം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാലിത് ടെലിക്കോം കമ്പനികളിൽ വൻ ആശങ്കയുണ്ടാക്കി.
കാരണം സ്പെക്‌ട്രം ലഭിച്ചാൽ പൊതുജനങ്ങൾക്ക് മാത്രമല്ല, മറ്റ് കമ്പനികൾക്കും വേണ്ടി സ്വകാര്യ നെറ്റ്‌വർക്കുകൾ സ്ഥാപിക്കാനും കഴിയുമെന്നും അതുവഴി വൻ തുക വരുമാനം നേടാമെന്നും ടെലിക്കോം കമ്പനികൾ കണക്കുകൂട്ടി. എന്നാൽ ഇത്തരം കണക്കുകൂട്ടലുകളെല്ലാം തകർത്തുകൊണ്ടാണ് വൻകിട സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കായി നേരിട്ട് സ്പെക്ട്രം വാങ്ങാമെന്ന തീരുമാനം വന്നത്.

5ജി യുഗത്തിൽ, സ്വകാര്യ നെറ്റ്വർക്കുകൾക്ക് വൻ ഡിമാൻഡാണ് ഉണ്ടാകാൻ പോകുന്നത്, സംരംഭങ്ങൾക്ക് സർക്കാരിൽ നിന്ന് നേരിട്ട് സ്പെക്‌ട്രം ലഭിച്ചാൽ, അത് ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടിയാകുമായിരുന്നു. ഈ അപകടം മനസിലാക്കിയ ടെലിക്കോം കമ്പനികൾ സ്വകാര്യ സംരംഭങ്ങൾക്ക് സ്പെക്ട്രം നൽകുന്നതിനെ ശക്തമായി എതിർത്തു.
അങ്ങനെ സ്പെക്ട്രം നൽകിയാൽ കോടികൾ മുടക്കി തങ്ങൾ സ്പെക്ട്രം വാങ്ങിയത് നഷ്ടമാകുമെന്ന് ടെലിക്കോം കമ്പനികൾ പരാതിപ്പെട്ടു. തുടർന്ന് ഈ തീരുമാനത്തെ അവർ ശക്തമായിഎതിർക്കുകയും ടെലിക്കോം മന്ത്രാലയത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഈ പ്രശ്നത്തിൽ ടെലിക്കോം കമ്പനികൾക്ക് അനുകൂലമായ തീരുമാനം ടെലിക്കോം വകുപ്പ് ഇപ്പോൾ എടുത്തതായി ഇടി ടെലിക്കോം റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിന് സംരംഭങ്ങൾക്ക് നേരിട്ട് സ്പെക്‌ട്രം നൽകേണ്ടതില്ലെന്ന് ടെലിക്കോം വകുപ്പ് തീരുമാനിച്ചു എന്നാണ് ഇടി ടെലിക്കോം റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ നിയമവും മാർഗനിർദേശങ്ങളും പരിഗണിക്കുമ്പോൾ സ്വകാര്യ സംരംഭങ്ങൾക്ക് നേരിട്ട് സ്പെക്ട്രം നൽകുന്നത് ബുദ്ധിപരമായ നീക്കമല്ല എന്നാണ് ടെലിക്കോം വകുപ്പിന്റെ നിഗമനമെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
സർക്കാരിൽ നിന്ന് സ്പെക്‌ട്രം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ടാറ്റ പവർ, ജിഎംആർ തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് ടെലിക്കോം വകുപ്പിന്റെ ഈ തീരുമാനം വൻ തിരിച്ചടിയാണ് ഏൽപ്പിക്കുക. ക്യാപ്റ്റീവ് സ്വകാര്യ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിന് ഈ സംരംഭങ്ങൾ ഇനി ടെലിക്കോം കമ്പനികളുടെ സഹായം സ്വീകരിക്കുകയോ അതല്ലെങ്കിൽ അവരിൽ നിന്ന് സ്പെക്‌ട്രം പാട്ടത്തിന് എടുക്കുകയോ ചെയ്യേണ്ടിവരും.
ടെലിക്കോം വകുപ്പിന്റെ തീരുമാനം ഏറ്റവും തിരിച്ചടിയാകുന്ന കമ്പനികളിലൊന്ന് ടാറ്റയാണ്. അതേസമയം ഈ തീരുമാനം കൊണ്ട് ഏറ്റവുമധികം ഗുണം ലഭിക്കുന്നത് മുകേഷ് അംബാനിയുടെ ജിയോയ്ക്കും അതുകഴിഞ്ഞാൽ എയർടെലിനുമാണ്. ഈ രണ്ട് ടെലിക്കോം കമ്പനികൾക്ക് മാത്രമാണ് നിലവിൽ 5ജി സേവനങ്ങൾ ഉള്ളത്. 5ജിയിലൂടെ വരുമാനം നേടാനുള്ള ഈ കമ്പനികളുടെ നീക്കത്തിന് പുതിയ തീരുമാനം ഏറെ ഗുണം ചെയ്യും.

നിലവിൽ രാജ്യമാകെ 5ജി സേവനം വേഗത്തിൽ വ്യാപിപ്പിക്കുന്നതിനായി കോടികളാണ് ഇരുകമ്പനികളും ചെലവഴിച്ചിരിക്കുന്നത്. ഇനിയും ധാരാളം ഫണ്ട് ചെലവഴിക്കേണ്ടതുമുണ്ട്. അതിനാൽത്തന്നെ ടെലിക്കോം വകുപ്പിന്റെ തീരുമാനം ഏറ്റവും ഗുണം ചെയ്യുക ഈ രണ്ട് കമ്പനികൾക്കുമാണ്. അതേസമയം ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ടെലിക്കോം വകുപ്പിന്റെ ഈ തീരുമാനം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി) അറിഞ്ഞിട്ടില്ല എന്നതാണ്.
അതേസമയം ടെലിക്കോം വകുപ്പ് കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്രാഥമിക മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് ഈ തീരുമാനം എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. സംരംഭങ്ങൾക്ക് വേണമെങ്കിൽ, സ്വകാര്യ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിന് സർക്കാരിൽ നിന്ന് നേരിട്ട് സ്പെക്‌ട്രം എടുക്കാം എന്നാണ് ചട്ടം. നിലവിൽ ടെലിക്കോം വകുപ്പ് എടുത്തിരിക്കുന്ന തീരുമാനം തങ്ങൾക്ക് തിരിച്ചടിയാകുന്നതിനാൽ ടാറ്റ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയേക്കും.


Click it and Unblock the Notifications








