നീ എന്നെ കൊലയ്ക്ക് കൊടുക്കുവോടേ... ഷി ജിൻപിങിനെതിരെ ചോദ്യം ചോദിച്ചവരെ പുറത്താക്കി ചൈനയുടെ ചാറ്റ്ബോട്ട്
വായിൽ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞ് പലപ്പോഴായി അബദ്ധങ്ങളിൽ ചെന്ന് ചാടിയവയാണ് ഇന്ന് ആഗോള തലത്തിൽ ലഭ്യമായ എല്ലാ എഐ ചാറ്റ്ബോട്ടുകളും. ഗൂഗിളിന് വലിയ സാമ്പത്തികനഷ്ടമുണ്ടാക്കിയ ബാർഡ്, മൈക്രോസോഫ്റ്റിനെ കുറച്ചെങ്കിലും നാണം കെടുത്തിയ ബിങ് എഐ എന്ന് തുടങ്ങി നമ്മുടെ ചാറ്റ്ജിപിടി വരെ ഇത്തരം കുഴപ്പങ്ങളുണ്ടാക്കിയിട്ടുണ്ട്.
പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തിയ ഈ എഐ ചാറ്റ്ബോട്ടുകൾ (AI Chatbots) എല്ലാവരും കണ്ട് പഠിക്കേണ്ട ഒരു കക്ഷിയെക്കുറിച്ചാണ് ചുവടെ പറയുന്നത്. സാക്ഷാൽ ചൈനയിൽ പുറത്തിറക്കിയ ഒരു ചാറ്റ്ബോട്ടാണ് ഈ കഥയിലെ താരം. ചൈനയിൽ ചാറ്റ്ജിപിടി (ChatGPT) നിരോധിച്ചിരിക്കുകയാണെന്ന് അറിയാമല്ലോ. എന്നാൽ ചൈനക്കാർക്ക് എഐ ചാറ്റ്ബോട്ടുകളിലേക്ക് ആക്സസ് ഇല്ലെന്നല്ല ഈ നിരോധനം അർഥമാക്കുന്നത്.

ഞങ്ങൾക്കെല്ലാം ഞങ്ങളുടേത് തന്നെ വേണമെന്ന് പിടിവാശിയുള്ള ചൈന (China) സ്വന്തം എഐ ചാറ്റ്ബോട്ടും പുറത്തിറക്കിയിട്ടുണ്ട്. ബെയ്‌ജിങ് ആസ്ഥാനമായുള്ള ഒരു സാങ്കേതിക സ്ഥാപനം പുറത്തിറക്കിയ എർണീ ബോട്ടിനെ (Ernie Bot) ചാറ്റ്‌ജിപിടിയ്ക്കുള്ള എതിരാളി എന്ന നിലയിലാണ് ചൈന ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. എന്നാൽ എന്തിനും ഏതിനും മറുപടി നൽകാൻ കഴിയുന്ന മറ്റ് എഐ ചാറ്റ്ബോട്ടുകൾക്കുള്ള സ്വാതന്ത്ര്യം ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ നമ്മുടെ എർണീ ബോട്ടിന് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
അതേ, ചൈനയിലെ സാധാരണക്കാർ നേരിടുന്ന കർശനമായ നിയന്ത്രണങ്ങളും സെൻസറിങുമൊക്കെ നമ്മുടെ എർണീയ്ക്കും ബാധകമാണെന്നാണ് തോന്നുന്നത്. സർക്കാരിനും പ്രസിഡന്റ് ഷി ജിൻപിങിനുമെതിരെ സംസാരിക്കാൻ പോലും പൌരന്മാർക്ക് അവകാശമില്ലെന്ന ചൈനീസ് യാഥാർഥ്യം എഐ ലോകത്തും അടിച്ചേൽപ്പിക്കുകയാണ് ഭരണകൂടം. എർണീ ചാറ്റ്ബോട്ടിന്റെ ഒരു ലൈവ് ഡെമോൺസ്ട്രേഷനിടെയാണ് ഈ നിയന്ത്രണങ്ങൾ വ്യക്തമായത്. കണ്ട് പഠിക്കണമെന്ന് കവി പറഞ്ഞത് പ്രശംസാപരമായിട്ടാണെന്ന് ഇനിയും കരുതുന്നവരുണ്ടെങ്കിൽ നമോവാകം.
സിഎൻബിസി ചാനലിലെ ഒരു ഷോയിൽ ചോദിച്ച വിവാദ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എർണീ ബോട്ട് വിസമ്മതിക്കുകയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ( Xi Jinping) ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ച യൂസറിന് ചാറ്റ്ബോട്ടിലേക്കുള്ള ആക്സസ് ഇല്ലാതാക്കിയതും ശ്രദ്ധേയമായിരുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടതായിരുന്നു ചോദ്യങ്ങളിൽ ഒന്ന്. ചൈനീസ് പ്രസിഡന്റിനെയും "വിന്നി ദ പൂ" (Winnie the Pooh) എന്ന കാർട്ടൂൺ കഥാപാത്രത്തെയും തമ്മിൽ താരതമ്യം ചെയ്തതോടെയാണ് യൂസറിനെ ചാറ്റ്ബോട്ട് വിലക്കിയത്.
വെള്ളിയാഴ്ച സിഎൻബിസി ചാറ്റ്ഷോ ആയ സ്ക്വാക്ക് ബോക്‌സിൽ സിഎൻബിസി റിപ്പോർട്ടറായ യൂനിസ് യൂണാണ് എർണീ ബോട്ടിനോട് ഈ രീതിയിൽ ഉള്ള ചോദ്യങ്ങൾ ചോദിച്ചത്. ഇംഗ്ലീഷിലും മാൻഡറിനിലുമായിരുന്നു ചോദ്യങ്ങൾ. കൊവിഡ് 19 വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന ചോദ്യത്തിന് ഇപ്പോഴും ഗവേഷണം നടക്കുകയാണെന്നായിരുന്നു എർണീയുടെ മറുപടി. കൊറോണ വൈറസ് ചൈനയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന വസ്തുത "മനപൂർവം" ഒഴിവാക്കിയ ചാറ്റ്ബോട്ട് വുഹാനിലെ ലാബിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ചും കമാന്നൊരക്ഷരം മിണ്ടിയില്ല.
ഷി ജിൻപിങും വിന്നി ദ പൂ ടെഡി ബെയറും തമ്മിലുള്ള ബന്ധമെന്താണെന്നായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തിന് ഒരു തരത്തിലുള്ള പ്രതികരണവും ചാറ്റ്ബോട്ടിൽ നിന്ന് ലഭിച്ചില്ല. നിശബ്ദത പാലിച്ച ചാറ്റ്ബോട്ട് റിപ്പോർട്ടർക്കുള്ള ആക്സസും റദ്ദ് ചെയ്തു. ഷി ജിൻപിങിനെക്കുറിച്ച് സംസാരിക്കാൻ ചൈനയിലെ എഐകൾ പോലും ഭയപ്പെടുന്നുവെന്ന് സാരം. ജാക്ക് മായുടെയും മറ്റും അവസ്ഥ എർണീ ബോട്ടിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നല്ല പോലെ അറിയാമെന്നത് ഈ മൌനത്തിന് പുറകിലുള്ള കാരണമായി വിലയിരുത്താം.
2013 -ൽ ചൈനീസ് പ്രസിഡന്റിന്റെ അമേരിക്കൻ സന്ദർശനത്തോടെയാണ് ഷിയെയും കാർട്ടൂൺ കഥാപാത്രത്തെയും ഇന്റർനെറ്റ് യൂസേഴ്സ് താരതമ്യപ്പെടുത്തിത്തുടങ്ങിയത്. താരതമ്യപ്പെടുത്തലുകളും മീമുകളും വർധിച്ചതോടെ കാർട്ടൂണിനും വിന്നി ദ പൂ -നും ചൈന സെൻസർഷിപ്പ് ഏർപ്പെടുത്താൻ തുടങ്ങുകയും ചെയ്തിരുന്നു. എന്തിന്, ഈ ടെഡി ബെയറിന്റെ ചിത്രങ്ങൾക്ക് പോലും ചൈനയിൽ വിലക്കുണ്ട്. വിയോജിപ്പുകളോടുള്ള ഷി ജിൻപിങിന്റെ അസഹിഷ്ണുതയ്ക്കുള്ള തെളിവായാണ് കാർട്ടൂൺ കഥാപാത്രം നേരിടുന്ന സെൻസർഷിപ്പിനെ വിലയിരുത്തുന്നത്.


Click it and Unblock the Notifications








