ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കെല്ലാം മൊബൈല്‍!

Posted By: Staff

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കെല്ലാം മൊബൈല്‍!

പട്ടിണി മാറ്റാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ വക ഒരു മൊബൈല്‍ ഫോണ്‍! ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ വിപണിയായ ചൈനയെ മറികടക്കാന്‍ ഇന്ത്യയെ പര്യാപ്തമാക്കുന്ന തീരുമാനമെടുത്തുവരികയാണ് കേന്ദ്ര സര്‍ക്കാര്‍. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതി വക ഒരു മൊബൈല്‍ ഫോണ്‍ വീതം ലഭ്യമാക്കാനാണ് ആലോചന.

ഇതിനായി 7,000 കോടി രൂപ നീക്കി വെക്കാനാണ് പദ്ധതി. 2014 പൊതു തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനങ്ങളേക്കാള്‍ ഏറെ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഹര്‍ഹാത്ത് മേം ഫോണ്‍ (എല്ലാ കൈകളിലും ഫോണ്‍) എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം.

ഈ വരുന്ന സ്വാതന്ത്ര്യദിനാഘോഷ വേളയിലാകും പ്രധാനമന്ത്രി ഈ പദ്ധതി പ്രഖ്യാപിക്കുക. ഫോണ്‍ മാത്രമല്ല ഒപ്പം 200 മണിക്കൂര്‍ സൗജന്യ ലോക്കല്‍കോള്‍ ടോക്ക്‌ടൈമും ഈ പദ്ധതിയിലൂടെ ലഭിച്ചേക്കും. ടെലികോം വകുപ്പിന്റെ യൂണിവേഴ്‌സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ (യുഎസ്ഒ) ഫണ്ടില്‍ നിന്നാകും ഇതിലേക്ക് വേണ്ടുന്ന പണം കണ്ടെത്തുക. പകുതി ഫണ്ടില്‍ നിന്നും പകുതി ഈ പദ്ധതിയുമായി സഹകരിക്കുന്ന കമ്പനിയില്‍ നിന്നുമാണ്.

ട്രായുടെ ഏറ്റവും പുതിയ കണക്ക് സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ മൊത്തം 95 കോടിയിലേറെ ടെലികോം ഉപയോക്താക്കള്‍ ഇപ്പോഴുണ്ട് എന്നതാണ്. അതില്‍ ഗ്രാമീണ ഉപയോക്താക്കളുടെ എണ്ണം 33 കോടിയാണ്.

രാജ്യത്തെ രണ്ടരലക്ഷം പഞ്ചായത്തുകളിലായി 16 മാസത്തിനകം ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതി നിലവിലുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാംപിത്രോഡയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot