ഫെയ്‌സ്ബുക്ക് മലയാളത്തിലും മറ്റ് ഏഴ് ഇന്ത്യന്‍ ഭാഷകളിലും

Posted By: Super

ഫെയ്‌സ്ബുക്ക് മലയാളത്തിലും മറ്റ് ഏഴ് ഇന്ത്യന്‍ ഭാഷകളിലും

ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ വേര്‍ഷന്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ലഭിക്കും. അതില്‍ ഒന്ന് മലയാളമാണ്. കൂടാതെ ഹിന്ദി, ഗുജറാത്തി, തമിഴ്, കന്നഡ, പഞ്ചാബി, ബംഗാളി, മറാത്തി ഭാഷകളിലും ഇനി ഫെയ്സ്ബുക്ക് ആക്‌സസ് ചെയ്യാം. മലയ്, വിയറ്റ്‌നാമീസ് എന്നീ രണ്ട് അന്യദേശീയ ഭാഷകളേയും ഫെയ്‌സ്ബുക്ക്  അതിന്റെ മൊബൈല്‍ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഘട്ടം ഘട്ടമായാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത് എന്നതിനാല്‍ വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളിലാകും ഇത് എല്ലാ മൊബൈല്‍ ഉപയോക്താക്കളിലേക്കും എത്തുക. മുമ്പ് ഇംഗ്ലീഷില്‍ മാത്രമേ ഫെയ്‌സ്ബുക്ക് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. അഞ്ച് കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരു പോലെ ഫെയ്സ്ബുക്ക് ആസ്വദിക്കാനാവുന്നു എന്ന്  ഉറപ്പുവരുത്തുകയാണ് ഈ ശ്രമത്തിന്റെ ലക്ഷ്യമെന്ന് ഫെയ്സ്ബുക്ക് കണ്‍ട്രി ഗ്രോത്ത് മാനേജരായ കെവിന്‍ ഡിസൂസ പറഞ്ഞു.

ഫെയ്സ്ബുക്ക് ഫോര്‍ എവരി ഫോണ്‍ ആപ്ലിക്കേഷന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പ്രാദേശിക ഭാഷാ പിന്തുണ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ ആപ്ലിക്കേഷന്‍ കമ്പനി അവതരിപ്പിച്ചതാണ്. ഇപ്പോള്‍ ലോകത്തെ 3600 ഓളം ജാവ മൊബൈല്‍ ഫോണുകളിലും ഇത് ആക്‌സസ് ചെയ്യാനാകും.

യുഎസ് കഴിഞ്ഞാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗില്‍ സൈറ്റ് ഉപയോഗത്തില്‍ ഇന്ത്യക്കാണ് സ്ഥാനം. ഇന്ത്യ, ബ്രസീല്‍ രാജ്യങ്ങളില്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുന്നതെന്ന് കമ്പനി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

2011 ഡിസംബര്‍ 31ലെ കണക്ക് പ്രകാരം പ്രതിമാസം 4.6 കോടി സജീവ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിന് ഇന്ത്യയിലുണ്ട്. മുന്‍ വര്‍ഷത്തേക്കാളും 132 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ആഗോളതലത്തില്‍ പ്രതിമാസം 80 കോടി സജീവ ഉപയോക്താക്കളും 35 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും ഫെയ്‌സ്ബുക്കിനുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot