ഫെയ്‌സ്ബുക്കും വിവാഹ മോചനവും തമ്മിലെന്ത്?

Posted By:

ഫെയ്‌സ്ബുക്കും വിവാഹ മോചനവും തമ്മിലെന്ത്?

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഭാഗമായിരിക്കുകയാണ്.  ഒരു ദിവസമെങ്കിലും ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കാതെ കടന്നു പോവാറില്ല എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.  സൗഹൃദങ്ങളുടെ പച്ചപ്പ് തേടിയാണ് നമ്മള്‍ ഫെയ്‌സ്ബുക്കു പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെത്തുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ബന്ധമറ്റു പോയിരുന്ന പല പഴയ സൗഹൃദങ്ങളും ഫെയ്‌സ്ബുക്കിലൂടെ വീണ്ടും തളിരിട്ടിട്ടുണ്ട്.  പഴയവ കൂട്ടിച്ചേര്‍ക്കാന്‍ മാത്രമല്ല സൗഹൃദത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളും ഇവിടെ തുറന്നു കിട്ടുന്നു.  അങ്ങനെ സൗഹൃദത്തിന്റെ അനന്ത വിഹായസ്സില്‍ പറന്നു നടക്കുമ്പോള്‍ പലരും സ്വയം മറന്നു പോകുന്നു.

അവിടെ മുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ അപകടങ്ങള്‍ ആരംഭിക്കുകയായി എന്നും പറയാം.  കാരണം വ്യാജ പേരുകളിലും പ്രൊഫൈലുകളിലും നിരവധി വിരുതന്‍മാര്‍ ഇരകള്‍ക്കായി വല വിരിച്ചിരിക്കുന്ന അപകട മേഖല കൂടിയാണ് ഇന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍.

പലപ്പോഴും വളരെ എളുപ്പത്തില്‍ ആളുകള്‍ ഇത്തരക്കാരുടെ വലയില്‍ അകപ്പെടുന്നു എന്നതാണ് ദയനീയം.  ഇങ്ങനെയുള്ള അപകടങ്ങളില്‍ ചെന്നു ചാടി സ്വന്തം കുടുംബ ജീവിതവും, എന്തിന് ജീവന്‍ തന്നെയും അപകടത്തിലായ ആളുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.

വിവാഹ ബന്ധമോ, പ്രണയ ബന്ധമോ വേര്‍പ്പെട്ടു കഴിഞ്ഞാല്‍ അത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ആഘോഷിക്കുക.  പഴയ പ്രണയിനിയേയോ ജീവിത പങ്കാളിയെ കുറിച്ചോ വളരെ മോശമായ കമന്റുകള്‍ ഫെയ്‌സ്ബുക്കിലിടുന്നതിലും അവയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ കൈയടികളായി ഏറ്റുവാങ്ങുന്നവര്‍ ഇന്ന് ഏറെയാണ്.

സുഹൃദ് ബന്ധം വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ തുടങ്ങിയ ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്ന വിരോധാപാസമാണ് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

2011ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവാഹമോചനക്കേസുകളില്‍ 33 ശതമാനത്തിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഒരു കാരണമായി പരാമര്‍ശിക്കപ്പെടുന്നു എന്നത് അത്ര ചെറിയ കാര്യമായി കാണാന്‍ പറ്റില്ല.  2009ല്‍ 20 ശതമാനമായിരുന്നതാണ് ഇപ്പോള്‍ 33 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്.

യുകെ ഡിവോഴ്‌സ് വെബ്‌സൈറ്റ് ആയ ഡിവോഴ്‌സ്-ഓണ്‍ലൈന്‍ നടത്തിയ സര്‍വ്വെയിലൂടെയാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.  2009ലും 2011ലും 5,000 അപേക്ഷകള്‍  പരിഗണിച്ചിട്ടാണ് ഇവര്‍ പഠനം നടത്തിയിരിക്കുന്നത്.

ഇവയില്‍ കൂടുതല്‍ പരാതികള്‍ക്കും കാരണമായിരിക്കുന്നത് ജീവിത പങ്കാളി എതിര്‍ ലിംഗത്തില്‍ പെട്ട സുഹൃത്തുക്കള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ അയക്കുന്ന മെസ്സേജുകളാണ്.  പഴയ പ്രണയിനികള്‍ അയക്കുന്ന മെസ്സേജുകളും, ചെയ്യുന്ന വോള്‍ പോസ്റ്റുകളും ഈ പരാതികള്‍ക്ക് കാരണമായിട്ടുണ്ട്.

പലരും അവരുടെ വിവാഹമോചനത്തിന്റെ നടപടി ക്രമങ്ങള്‍ കോടതിക്കു പകരം ഫെയ്‌സ്ബുക്കിലൂടെയാണ് നടത്തുന്നത് എന്നു തോന്നും വോള്‍ പോസ്റ്റിലൂടെയുള്ള പാരവെപ്പ് കണ്ടാല്‍.  ഒത്തുതീര്‍പ്പ് എന്നൊരു സാധ്യത തന്നെ അങ്ങനെ ഇല്ലാതായിക്കിട്ടും.

മൂന്നു പ്രധാന കാരണങ്ങളാണ് ഈ പരാതികളില്‍ നിന്നും ഈ വെബ്‌സൈറ്റിന്റെ പഠനം കണ്ടെത്തിയത്:

1) എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ക്ക് അയക്കുന്ന മോശപ്പെട്ട മെസ്സേജുകള്‍

2) ബന്ധം വേര്‍ പിരിഞ്ഞ ജീവിത പങ്കാളികളെ കുറിച്ച് അശ്ലീലച്ചുവയുള്ള കമന്റുകള്‍

3) ജീവിത പങ്കാളിയെ കുറിച്ച് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെ കമന്റുകള്‍

താരതമ്യേന ട്വിറ്റര്‍ ഇത്തരം പരാതികള്‍ക്ക് കാരണമാകുന്നതിന്റെ തോത് കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  വെറും 0.4 ശതമാനം മാത്രമാണിത്.

20 ശതമാനത്തില്‍ നിന്നും 33 ശതമാനത്തിലേക്ക് വളര്‍ന്നു എന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ദേയമായ വസ്തുത.  അമേരിക്കയിലെ 20 ശതമാനം വിവാഹ മോചന കേസുകളിലെയും വില്ലനായിരിക്കുന്നത് ഫെയ്‌സ്ബുക്ക് ആണ്.

എന്നാല്‍ ഇത്തരം കണക്കുകളിലെ യഥാര്‍ത്ഥ വില്ലന്‍ ഫെയ്‌സ്ബുക്ക് അല്ല, മറിച്ച് അതിന്റെ ഉപയോക്താക്കളാണ്.  ഏതു കാര്യത്തിനും ഉണ്ടാകും രണ്ടു വശങ്ങള്‍.  നല്ലതും ചീത്തയും.  നമ്മള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങളുടെ പോക്ക്.

ഫെയ്‌സ്ബുക്ക് ഉപയോഗം വിവാഹമോചനത്തിലേക്ക് വഴിതെളിക്കുന്നു എന്നു കരുതി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരെല്ലാം വിവാഹ മോചിതരാകും, അല്ലെങ്കില്‍ അപകടം സംഭവിക്കും എന്നൊന്നും അര്‍ത്ഥമില്ല.

എത്രയോ നല്ല സൗഹൃദങ്ങള്‍ക്കും, സംരംഭങ്ങള്‍ക്കും, എന്തിന് പുതിയൊരു ജീവിതത്തിനു തന്നെ ഫെയ്‌സ്ബുക്ക് കാരണമാകുന്നുണ്ട് എന്ന കാര്യവും നമ്മള്‍ മറന്നു കൂട.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot