മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി

Posted By: Staff

 മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി

ഫെയ്‌സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവാഹിതനായി. ഫെയ്‌സ്ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്താണ് വിവാഹിതനായ കാര്യം സുക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. കാമുകി പ്രിസില്ല ചാനാണ് വധു. ഒമ്പത് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു.

ഏറെ വിശേഷങ്ങളോടെയാണ് ഫെയ്‌സ്ബുക്കിന്റെ കഴിഞ്ഞ ആഴ്ച പിന്നിട്ടത്. ഫെയ്‌സ്ബുക്ക് ഓഹരി രംഗത്തേയ്ക്ക് കടന്നു. 27കാരിയായ പ്രിസില്ല മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയതും കഴിഞ്ഞ ആഴ്ച തന്നെ. അതേ ദിവസമായിരുന്നു സുക്കര്‍ബര്‍ഗ് എന്ന കോടീശ്വരന്റെ പിറന്നാളും!

ഫെയ്‌സ്ബുക്കിന്റെ 90 കോടി ഉപയോക്താക്കളെ അമ്പരപ്പിച്ചു കൊണ്ട് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് ടൈംലൈനിലാണ് ''പ്രിസില്ല ചാനിനെ വിവാഹം കഴിച്ചു'' എന്ന സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. ചാനും 28കാരനായ സുക്കര്‍ബര്‍ഗും ഹവാര്‍ഡില്‍ പഠിക്കുന്ന കാലത്താണ് പരിചയപ്പെടുന്നത്. പിന്നീട് ഫെയ്‌സ്ബുക്ക് വരെ എത്തിനിന്ന വളര്‍ച്ചയിലും സുക്കര്‍ബര്‍ഗിന് കൂട്ടായി പ്രിസില്ല ഉണ്ടായിരുന്നു.

സുക്കര്‍ബര്‍ഗിന്റെ പാലോ ആള്‍ട്ടോയിലെ വീട്ടില്‍ വെച്ച് ഒരു സ്വകാര്യചടങ്ങായാണ് വിവാഹം നടന്നത്. വിവാഹത്തിന് ക്ഷണിച്ച അടുത്ത ബന്ധുക്കള്‍ പോലും അവിടെ എത്തിയ ശേഷമാണ് അത് വിവാഹചടങ്ങാണെന്ന് മനസ്സിലാക്കിയത്. പ്രിസില്ല മെഡിക്കല്‍ ബിരുദം നേടിയതിന്റേയും സുക്കര്‍ബര്‍ഗിന്റെ പിറന്നാളിന്റേയും ആഘോഷമാണ് നടക്കുന്നതെന്നായിരുന്നു അത് വരെ അതിഥികള്‍ കരുതിയത്.

100ല്‍ കുറവ് അതിഥികളേ ചടങ്ങിന് ഉണ്ടായിരുന്നുള്ളൂ. ചടങ്ങിന്റെ മറ്റൊരു പ്രത്യേകത സുക്കര്‍ബര്‍ഗ് ഫോര്‍മല്‍ വസ്ത്രം ധരിച്ച് കാണപ്പെട്ട വിരളമായ സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അതെന്നതാണ്. കടും നീല സ്യൂട്ട്, വെള്ള ഷര്‍ട്ട്, ടൈ എന്നിവയായിരുന്നു പ്രായം കുറഞ്ഞ കോടീശ്വരന്റെ വേഷം. ചാന്‍ സ്ലീവ് ലസ് വെള്ള വിവാഹഗൗണ്‍ ധരിച്ച് സുന്ദരിയായി കാണപ്പെട്ടു. ഔദ്യോഗിക യോഗങ്ങളിലും റോഡ്‌ഷോകളിലും എല്ലാം സാധാരണ വസ്ത്രത്തിലാണ് സുക്കര്‍ബര്‍ഗ് എത്താറുള്ളത്.

രണ്ടു പേരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 3.68 ലക്ഷം ലൈക്‌സാണ് ചിത്രം നേടിയത്. ചാനും ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ''മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വിവാഹം കഴിച്ചു'' എന്ന് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

എന്തായാലും വിവിധ പ്രതീക്ഷകളുമായി സുക്കര്‍ബര്‍ഗും പ്രിസില്ലയും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമുക്കും ആശംസിക്കാം ഒരു സുദൃഢ ബന്ധം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot