ഫെയ്‌സ്ബുക്കില്‍ ഓര്‍ഗന്‍ ഡോണര്‍ സ്റ്റാറ്റസ്

Posted By: Staff

ഫെയ്‌സ്ബുക്കില്‍ ഓര്‍ഗന്‍ ഡോണര്‍ സ്റ്റാറ്റസ്

അവയവദാനത്തിന്റെ മഹത്വം എല്ലാവരിലേക്കും എത്തിക്കുന്നതിനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ഫെയ്‌സ്ബുക്കില്‍ ഓര്‍ഗന്‍ ഡോണര്‍ (അവയവദാതാവ്) സ്റ്റാറ്റസ് എത്തി. ഉപയോക്താവിന്റെ ടൈംലൈനിലാണ് ഈ അപ്‌ഡേറ്റ് കാണാനാകുക. മാത്രമല്ല പ്രൊഫൈലിലെ എബൗട്ട് വിഭാഗത്തിലും ഇത്  കാണാം. ഓര്‍ഗന്‍ ഡോണര്‍ സ്റ്റാറ്റസ് നിങ്ങള്‍ നിശ്ചയിക്കുന്ന ആളുകള്‍ക്ക് മാത്രം കാണാനാകുന്ന തരത്തില്‍ നിയന്ത്രിക്കാനും ആകും.

ഈ സ്റ്റാറ്റസിനൊപ്പം മറ്റ് ചില ആരോഗ്യപരമായ വിവരങ്ങളും ഉള്‍പ്പെടുത്താന്‍ സാധിക്കും, അതായത് അടുത്തിടെ ഭാരം കുറഞ്ഞോ അല്ലെങ്കില്‍ എല്ലു പൊട്ടിയിരുന്നോ എന്നിങ്ങനെയുള്ള വിവരങ്ങള്‍.

ഫെയ്‌സ്ബുക്കിലെ ഈ പുതിയ സംവിധാനം യുഎസിലും യുകെയിലുമാണ് ഇപ്പോള്‍ ലഭിച്ചുവരുന്നത്. വരും മാസങ്ങളിലായി ലോകത്തിലെ 90 കോടി വരുന്ന ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം പ്രൊഫൈലില്‍ ലഭിക്കുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നാശം വിതച്ച ഭൂകമ്പം, സുനാമി, യുഎസിലെ ചുഴലിക്കൊടുങ്കാറ്റ് എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവയവദാനരംഗത്ത് പിന്തുണ നല്‍കാന്‍ ഫെയ്‌സ്ബുക്ക് മുന്നിട്ടിറങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. യുഎസിലെ മാത്രം കണക്ക് പ്രകാരം 114,000 ആളുകള്‍ അവയവമാറ്റത്തിന്  കാത്തുനില്‍ക്കുന്നുണ്ട്.

ജപ്പാനില്‍ ഈ ദുരന്തങ്ങള്‍ മൂലം പരസ്പരം ചിതറിപ്പോയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം കണ്ടുമുട്ടാന്‍ ഫെയ്‌സ്ബുക്കിനെയാണ് അവര്‍ ഏറെ ആശ്രയിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. അവയവദാനം പോലുള്ള ജീവപ്രശ്‌നങ്ങള്‍ക്ക് പിന്തുണയുമായി എന്തുകൊണ്ട്  ഫെയ്‌സ്ബുക്കിന് വന്നുകൂട എന്ന് അപ്പോഴാണ് ചിന്തിച്ചതെന്നും അദ്ദേഹം ഒരു യുഎസ് മാധ്യമത്തിലൂടെ വ്യക്തമാക്കി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot