ഷെറില്‍ ഫെയ്‌സ്ബുക്കിലെ പ്രഥമ വനിത

Posted By: Super

ഷെറില്‍ ഫെയ്‌സ്ബുക്കിലെ പ്രഥമ വനിത

ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് ഇത് വരെ അറിയപ്പെട്ടത് ഫെയ്‌സ്ബുക്കിന്റെ നമ്പര്‍ 2 എക്‌സിക്യൂട്ടീവായായിരുന്നു. ഇനി മുതല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തുന്ന പ്രഥമവനിത എന്ന പേരും കൂടി ഷെറിലിനെ തേടിയെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് ചീഫ് ഓപറേറ്റിംഗ് ഓഫീസറായി (സിഒഒ) 2008ല്‍ ഗൂഗിളില്‍ നിന്നാണ് സാന്‍ഡ്‌ബെര്‍ഗ് എത്തിയത്. പ്രഥമ വനിത എന്നതിനൊപ്പം ബോര്‍ഡില്‍ അംഗത്വമുള്ള രണ്ടാമത്തെ എക്‌സിക്യൂട്ടീവും സാന്‍ഡ്‌ബെര്‍ഗാണ്. ഫെയ്‌സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ആദ്യ അംഗം.

സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് ഉത്പന്നങ്ങളുടെ അവതരണത്തിനും മറ്റുമായി സമയം ചെലവഴിച്ചപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ പരസ്യബിസിനസ് ഉയര്‍ത്തുന്നതിനായിരുന്നു സാന്‍ഡ്‌ബെര്‍ഗ് ഏറെയും പ്രവര്‍ത്തിച്ചത്. കോണ്‍ഫറന്‍സ്, മീറ്റിംഗ് തുടങ്ങിയ പൊതുപരിപാടികളിലും ഷെറിന്‍ പങ്കെടുക്കാറുണ്ട്. കമ്പനിയുടെ ലക്ഷ്യത്തെ അടുത്തുമനസ്സിലാക്കിയ ഷെറിലാണ് ബോര്‍ഡിലേക്ക് ഏറെ യോജിച്ചതെന്ന് സുക്കര്‍ബര്‍ഗ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

42കാരിയായ സാന്‍ഡ്‌ബെര്‍ഗിനേയും സുക്കര്‍ബര്‍ഗിനേയും കൂടാതെ നെറ്റ്ഫിക്‌സ് ചീഫ് റീഡ് ഹാസ്റ്റിംഗ്‌സ്, സംരംഭകരായ മാര്‍ക് ആന്‍ഡ്രീസന്‍, ജെയിംസ് ബ്രെയര്‍, പീറ്റല്‍ തൈയെല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് സിഇഒ ഡൊണാള്‍ഡ് ഗ്രഹാം, എര്‍സ്‌കൈന്‍ ബോവല്‍സ് എന്നിവരാണ് ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. വാള്‍ട്ട് ഡിസ്‌നി കമ്പനി ബോര്‍ഡിലും വിമന്‍ ഫോര്‍ വിമന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടേയും മറ്റും ബോര്‍ഡ് അംഗവുമാണ് സാന്‍ഡ്‌ബെര്‍ഗ്. എന്നാല്‍ ബോര്‍ഡ് അംഗത്വത്തിന്റെ പേരില്‍ സാന്‍ഡ്‌ബെര്‍ഗിന് അധികതുക ലഭിക്കുന്നതായിരിക്കില്ല.

അള്‍ട്രാവയലറ്റ് എന്ന വനിതാസംഘടന ഫെയ്‌സ്ബുക്കിനോട് ബോര്‍ഡില്‍ വനിതകളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കത്തെ സംഘടന സ്വാഗതം ചെയ്തു. വരുംഭാവിയില്‍ കൂടുതല്‍ സ്ത്രീകള്‍ ബോര്‍ഡില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടന സഹസ്ഥാപകയായ നിത ചൗധരി പറഞ്ഞു. ടെക്‌നോളജി രംഗത്തെ മറ്റ് പ്രമുഖ കമ്പനികളും ഫെയ്‌സ്ബുക്കിനെ പോലെ അവരുടെ ബോര്‍ഡില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടന പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot