2021ൽ ടെക്ക് ലോകത്തെ പിടിച്ചുകുലുക്കിയ നിയമ പോരാട്ടങ്ങൾ
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വ്യവസായമാണ് സാങ്കേതികവിദ്യ. അനുദിനം പുറത്തിറങ്ങുന്ന പുതിയ ഗാഡ്ജറ്റുകളിലും സ്മാർട്ട്ഫോണുകളിലും തുടങ്ങി വെർച്വൽ ലോകത്തിന്റെ പടിവാതിക്കൽ വരെ എത്തി നിൽക്കുകയാണ് ടെക്നോളജി മേഖല. ലോകത്തെയാകെ മാറ്റി മറിക്കുന്ന പുതിയ കണ്ടുപിടിത്തങ്ങളും എല്ലാം അവതരിപ്പിക്കപ്പെടുമ്പോഴും സാങ്കേതികവിദ്യ മേഖലയ്ക്കും ഒരു ഇരുണ്ട വശമുണ്ട്. ടെക്നോളജി മോഷണവും ഫീച്ചേഴ്സ് കോപ്പിയടി മുതൽ എണ്ണമില്ലാത്ത നിയമ യുദ്ധങ്ങളും ആരോഗ്യകരമല്ലാത്ത ബിസിനസ് മോഡലുകളും വരെ ടെക്ക് ലോകത്തെ തിളക്കമില്ലാത്ത അണിയറ വിഷയങ്ങളാണ്.

ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് നിയമ പോരാട്ടങ്ങൾ തന്നെയാകും. 2021ൽ അത്തരത്തിൽ നിരവധി തർക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. ടെക്ക് കമ്പനികൾക്കിടയിലും കമ്പനികളും സർക്കാരും തമ്മിലും ഇത്തരം വ്യവഹാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ ചിലത് കമ്പനികൾക്കെതിരെ നൽകിയ ആന്റി ട്രസ്റ്റ് ( വിശ്വാസ വിരുദ്ധ ഹർജികൾ) അപ്പീലുകൾ ആണെന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സമൂഹത്തിലും യുവാക്കളിലും ചെലുത്തുന്ന തെറ്റായ സ്വാധീനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഇവ വഴിവച്ചിട്ടുണ്ട്. ഇത്തരത്തിൽ 2021ൽ ലോകമാകെ ചർച്ച ചെയ്ത ചില ടെക്ക് നിയമ പോരാട്ടങ്ങളെക്കുറിച്ച് മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഫേസ്ബുക്ക് / മെറ്റ ആന്റി ട്രസ്റ്റ് ഇഷ്യൂസ്
2021ൽ ചർച്ചയായ നിയമ യുദ്ധങ്ങളിൽ ഏറ്റവും അധികവും നേരിട്ട ടെക്ക് കമ്പനിയാണ് ഫേസ്ബുക്ക് (പുതിയ പേര് - മെറ്റ). സോഷ്യൽ മീഡിയ രംഗത്ത് അനാരോഗ്യകരമായ മത്സര പ്രവണതകൾ കാണിക്കുന്നുവെന്നാണ് ഫേസ്ബുക്കിനെതിരെ ഉയർന്ന ആദ്യ പരാതി. തങ്ങളുടെ എതിരാളികളെ വൻ ഓഫറുകൾ നൽകി സ്വന്തമാക്കുകയോ അല്ലെങ്കിൽ ഇല്ലാതാക്കുകയോ ചെയ്യുന്നുവെന്നായിരുന്നു ആരോപണം. അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ട്രേഡ് കമ്മീഷൻ ആണ് കമ്പനിക്കെതിരെ പരാതി നൽകിയത്. വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമും സ്വന്തമാക്കി സോഷ്യൽ മീഡിയ രംഗത്ത് വലിയ കുത്തക സ്ഥാപിച്ചെന്നും കമ്പനിക്കെതിരായ പരാതിയിൽ പറയുന്നു. എന്നാൽ മുൻവിധിയോടെയുള്ള കേസ് തള്ളണമെന്നായിരുന്നു ഫേസ്ബുക്കിന്റെ നിലപാട്. യൂറോപ്യൻ യൂണിയനിൽ നിന്നും നിരവധി ആന്റി ട്രസ്റ്റ് കേസുകളും ഫേസ്ബുക്കിനും (മെറ്റ) അതിന്റെ കമ്പനികൾക്കുമെതിരെ ഉയർന്നിരുന്നു. ഒപ്പം ഫ്രാൻസിസ് ഹൗഗനെപ്പോലുള്ള വിസിൽബ്ലോവർമാർ നടത്തിയ വെളിപ്പെടുത്തലുകളും ഫേസ്ബുക്കിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇൻസ്റ്റാഗ്രാമും കൗമാരക്കാരുടെ മാനസികാരോഗ്യവും
ഫ്രാൻസിസ് ഹൌഗന്റെ വെളിപ്പെടുത്തലുകളിൽ ഫേസ്ബുക്കിന്റെ സബ്സിഡറിയായ ഇൻസ്റ്റാഗ്രാമിനെക്കുറിച്ചും ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാം കൌമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായി അറിവുണ്ടായിട്ടും മാതൃ കമ്പനി ( ഫേസ്ബുക്ക്, ഇപ്പോഴത്തെ മെറ്റ ) നടപടികൾ സ്വീകരിച്ചില്ലെന്നും വിവരങ്ങൾ മറച്ച് വച്ചെന്നും ഹൌഗൻ ആരോപിച്ചു.
അനന്തരഫലങ്ങൾ അറിഞ്ഞിട്ടും, കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് ഹാനികരമായ ഉള്ളടക്കം ഇൻസ്റ്റാഗ്രാമിൽ തുടർന്നും കാണിക്കുന്നതായും ഹൌഗൻ പറഞ്ഞു. പ്രസ്താവനയും വെളിപ്പെടുത്തലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായി. അമേരിക്കൻ സെനറ്റ് സമിതിയടക്കം വിഷയത്തിൽ തെളിവെടുപ്പ് നടത്തുകയും ചെയ്തു. പിന്നാലെ "ടേക്ക് എ ബ്രേക്ക് ഫീച്ചർ" പോലെയുള്ള നിരവധി ഫീച്ചറുകളും ടൂളുകളും കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ആമസോണും എഫ്ടിസിയും
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാറ്റി നിർത്തിയാൽ, 2021 കണ്ട ഏറ്റവും വലിയ ലോസ്യൂട്ടാണ് ആമസോണും അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മിഷനും തമ്മിൽ നടന്നത്. ആമസോണിന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റായ സമീപനങ്ങളിൽ ഫെഡറൽ ട്രേഡ് കമ്മിഷനും അന്വേഷണം നടത്തിയിരുന്നു. ആമസോൺ അതിന്റെ സ്വന്തം പ്ലാറ്റ്ഫോമിലെ തന്നെ ചെറുകിട വിൽപ്പനക്കാരുമായി മത്സരിക്കുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ആമസോണിലെ തന്നെ ചെറുകിട വിൽപ്പനക്കാരുടെ വിവരങ്ങൾ കളക്റ്റ് ചെയ്യുകയും ആ ഡാറ്റ ഉപയോഗിച്ച് സ്വന്തം ഉൽപ്പന്നങ്ങൾ പുറത്തിറക്കിയെന്നുമാണ് കണ്ടെത്തൽ. ആമസോൺ ഫ്ലെക്സ് ഡ്രൈവർമാരെ സംബന്ധിച്ചും ആമസോണും എഫ്ടിസിയും തമ്മിൽ നിയമകേസ് നടന്നിരുന്നു. അന്വേഷണത്തിനൊടുവിൽ ഫ്ലെക്‌സ് ഡ്രൈവർമാർക്ക് ചെക്കുകളിലൂടെയും പേപാൽ പേയ്‌മെന്റുകളിലൂടെയും ഏകദേശം 60 ദശലക്ഷം യുഎസ് ഡോളർ ആമസോൺ നഷ്ടപരിഹാരമായി നൽകേണ്ടി വന്നു. മറുവശത്ത്, ചെറുകിട ബിസിനസുകളെയും ആമസോണിനെയും സംബന്ധിച്ച കേസ് ഇപ്പോഴും തുടരുകയാണ്. അടുത്ത വർഷം ഈ കേസിലും നിർണായക വിധി വന്നേക്കും.

ആപ്പിളും എപ്പിക് ഗെയിംസും
2021ൽ ശ്രദ്ധേയമായ ടെക്ക് യുദ്ധങ്ങളുടെ പട്ടികയിൽ ഒന്നാണ് ആപ്പിളും എപ്പിക് ഗെയിംസും തമ്മിൽ Apple Vs Epic Games വ്യവഹാരമാണ്. 2020ൽ ആപ്പിളിന് കമ്മിഷൻ നൽകാതെ യൂസേഴ്സിന് നേരിട്ട് പണം അടയ്ക്കാൻ കഴിയുന്ന ഫോർട്ട്നൈറ്റിന്റെ അപ്ഡേറ്റഡ് വേർഷൻ പുറത്തിറക്കിയതാണ് തർക്കത്തിന് കാരണമായത്. കരാർ ലംഘനം ആരോപിച്ച് ആപ്പിൾ ഫോർട്ട്നൈറ്റ് ആപ്പ് നീക്കം ചെയ്യുകയും എപ്പിക്കിന്റെ ഡെവലപ്പർ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ എപ്പിക് കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ആപ്പ് സ്റ്റോറുകളിലും ഐഒഎസ് ആപ്പുകളിലും എക്‌സ്‌റ്റേണൽ പേയ്‌മെന്റ് രീതികൾ ചേർക്കുന്നതിനുള്ള നിയന്ത്രണം നീക്കം ചെയ്യാൻ ആപ്പിളിനോട് കോടതി നിർദേശിക്കുകയും ചെയ്തു. ആപ്പിളും എപ്പിക് ഗെയിംസും തമ്മിലുള്ള കേസ് ഇൻ-ആപ്പ് പേയ്‌മെന്റ് രീതികളും ആപ്പ് സ്റ്റോറുകളും തമ്മിലുള്ള ഇടപാടുകളിലെ തെറ്റായ സമീപനങ്ങളിൽ വെളിച്ചം വീശാനും കാരണമായി.

ഇന്ത്യൻ സർക്കാരും വാട്സ്ആപ്പും തമ്മിൽ
മുകളിൽ പറഞ്ഞ കേസുകൾ യുഎസിലോ യൂറോപ്യൻ യൂണിയനിലോ ആരംഭിച്ചതാണ്. നമ്മുടെ രാജ്യത്തും ഇത്തരത്തിൽ ശ്രദ്ധേയമായ ചില ലീഗൽ ബാറ്റിലുകൾ നടന്നിട്ടുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയ്ക്കെതിരെയാണ് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചത്.
2021ന്റെ തുടക്കത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ ഐടി നിയമങ്ങളും മാർഗനിർദേശങ്ങളും കൊണ്ട് വന്നു. മേൽനോട്ട സംവിധാനം, ഇന്ത്യയ്ക്കായി ഒരു ചീഫ് കംപ്ലയൻസ് ഓഫീസർ എന്നിവയെല്ലാം പുതിയ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏതെങ്കിലും ഒന്നിനോട് ഉപയോക്തൃ ഡാറ്റ സർക്കാർ നിയമപരമായി ആവശ്യപ്പെടുകയാണെങ്കിൽ, ചീഫ് കംപ്ലയിൻസ് ഓഫീസർ ഈ ഡാറ്റ നൽകേണ്ടിവരും. ഇന്ത്യയുടെ സ്വകാര്യതയും പരമാധികാരവും ഉയർത്തിപ്പിടിക്കുന്നതിനാണ് സർക്കാർ പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്.


Click it and Unblock the Notifications








