ഫെയ്‌സ്ബുക്ക് ഇനി പബ്ലിക് കമ്പനി

Posted By: Staff

ഫെയ്‌സ്ബുക്ക് ഇനി പബ്ലിക് കമ്പനി

ഫെയ്‌സ്ബുക്ക് ഓഹരിവിപണിയിലേക്ക് പ്രവേശിച്ചു. ഇതോടെ പബ്ലിക് കമ്പനിയായി മാറിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പബ്ലിക് കമ്പനി എന്ന അപ്‌ഡേഷനും വരുത്തിക്കഴിഞ്ഞു. യുഎസ് ചരിത്രത്തില്‍ തന്നെ പ്രമുഖമായ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) ആണ് ഫെയ്‌സ്ബുക്കിന്റേത്. വെള്ളിയാഴ്ച ആരംഭിച്ച ഓഹരി വിപണനത്തില്‍ രാവിലെ തന്നെ 42.05 ഡോളറായാണ് ഓഹരി ഉയര്‍ന്നത്. കാലിഫോര്‍ണിയയിലെ മെന്‍ലോപാര്‍ക്കിലുള്ള ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് വെച്ച് എല്ലാ ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ക്കുമൊപ്പമായിരുന്നു സിഇഒയും സ്ഥാപകനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആഘോഷം.

നാസ്ഡാക്കില്‍ ഫെയ്‌സ്ബുക്ക് ഓഹരി വില്പന ആരംഭിച്ച നിമിഷം കെട്ടിടത്തിന്റെ പുറമെയായി ഫെയ്‌സ്ബുക്ക് പേര് തെളിഞ്ഞപ്പോള്‍ ഈ ചിത്രം ഒപ്പിയെടുക്കാനുള്ള തിരക്കായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക്.

ഐപിഒ ആരംഭിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ഫെയ്‌സ്ബുക്കും നിക്ഷേപക ബാങ്കര്‍മാരും ഓഹരിയ്ക്ക് 38ഡോളറായിരുന്നു നിശ്ചയിച്ചിരുന്നത്. തുടര്‍ന്നാണ് നാസ്ഡാക്ക് ഓഹരി വിപണന കേന്ദ്രം ഫെയ്‌സ്ബുക്ക് ഓഹരി 42.05 ഡോളറായി ഉയര്‍ന്നതായി കാണിച്ചത്. തുടക്കം നല്ല സൂചനയാണ് നല്‍കുന്നതെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

2004ല്‍ ഓഹരി രംഗത്തേയ്ക്ക് പ്രവേശിച്ച ഗൂഗിള്‍ ഫെയ്‌സ്ബുക്കിന് വഴികാട്ടിയായിരിക്കുകയാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ് കമ്പനിയ്ക്ക് ഓഹരി രംഗത്ത് എത്രത്തോളം ലാഭം നേടാനാകുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഗൂഗിള്‍. ഇതേ ലക്ഷ്യമാണ് ഫെയ്‌സ്ബുക്കിനും ഉള്ളത്. ഓഹരി രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ മറ്റ് ധാരാളം ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഫെയ്‌സ്ബുക്കിന്റെ നീക്കം പ്രചോദനമായേക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot