106-ലും യുവത്വം കൈവിടാതെ ഫേസ്ബുക്ക് മുത്തശ്ശി!!!

Posted By:

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുക എന്നത് വലിയ കാര്യമല്ല. എന്നാല്‍ യു.എസിലെ എഡിതെ കിര്‍ഷ്‌മെയര്‍ ( Edythe Kirchmair) എന്ന സ്ത്രീക്ക് ഏകദേശം ഒരു മാസം വേണ്ടിവന്നു അംഗത്വ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ക്ക ജനന തീയതി രേഖപ്പെടുത്താന്‍ കഴിയുന്നില്ല എന്നതുതന്നെ കാരണം.

സംഗതി എന്താണെന്നല്ലേ, 1908 ആണ് ഇവരുടെ ജനന വര്‍ഷം. കഴിഞ്ഞ വര്‍ഷം വരെ ഇത്രയും പ്രായമുള്ള ഒരു വ്യക്തി ഫേസ്ബുക്കില്‍ അംഗമായിട്ടില്ല. ഒടുവില്‍ ഒരുമാസം എടുത്തു ഫേസ്ബുക്ക് എഞ്ചിനീയര്‍മാര്‍ ഇവരുടെ വയസ് പരിശോധിച്ച് സത്യമാണെന്ന് ഉറപ്പുവരുത്താന്‍. തുടര്‍ന്നാണ് അക്കൗണ്ട് ആരംഭിച്ചത്.

ഇനിയും വ്യക്തമായില്ലെങ്കില്‍ പറയാം, ഫേസ്ബുക്കിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് എഡിതെ കിര്‍ഷ്‌മെയര്‍. 106 വയസ്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് ആരംഭിച്ചത്. 105-ാം ജന്മദിനത്തില്‍. ഒരുവര്‍ഷം കൊണ്ട് 48,000 സുഹൃത്തുക്കളെയും ലഭിച്ചു.

ഫേസ്ബുക്കിലെ പ്രായം കുടിയ അംഗം എന്നുമാത്രമല്ല, ഇവരുടെ പ്രത്യേകത. കാലിഫോര്‍ണിയയിലെ ഏറ്റവും പ്രായം കൂടിയ, ലൈസന്‍സുള്ള ഡ്രൈവര്‍, ചിക്കാഗോ സര്‍വകലാശലയില്‍ നിന്ന് ബിരുദം നേടിയവരില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തി തുടങ്ങിയ അംഗീകാരമൊക്കെ ഇവര്‍ക്കു സ്വന്തമാണ്.

ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമായിരിക്കുന്ന എഡിതെ കിര്‍ഷ്‌മെയര്‍ പക്ഷേ മറ്റൊരു സോഷ്യല്‍ സൈറ്റിലും അംഗമല്ല. ഇനിയൊട്ട് തുടങ്ങാനും ഉദ്ദേശിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഡയരക്റ്റ് റിലീഫ് എന്ന സംഘടനയില്‍ അംഗമായ കിര്‍ഷ്‌മെയര്‍ കഴിഞ്ഞ 41 വര്‍ഷമായി എല്ലാ ചൊവ്വാഴ്ചയും സ്വയം ഡ്രൈവ് ചെയ്ത് ഡയരക്റ്റ് റിലീഫ് ഓഫീസിലേക്കു പോകാറുമുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മഹത്വം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു.

ഹൈടെക് മുത്തശ്ശിയാണെങ്കിലും ഇപ്പോഴും ആശയവിനിമയത്തിന് പേനയും പേപ്പറുമാണ് ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടം. ഈ ഫേസ്ബുക്ക് മുത്തശ്ശിയെ കാണാനും അറിയാനും ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

106-ലും യുവത്വം കൈവിടാതെ ഫേസ്ബുക്ക് മുത്തശ്ശി!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot