ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ പെറ്റി കിട്ടിയോ? പണം അടയ്ക്കാൻ വരട്ടെ, അതിൽ ഒരു റിസ്ക് ഉണ്ട്
വർത്തമാന കാലത്ത് ഏറ്റവും കൂടുതൽ പെരുകുന്ന സംഭവങ്ങളിൽ ഒന്നാണ് ഓൺലൈൻ തട്ടിപ്പുകൾ. ദിവസവും പുതിയ പുതിയ പേരിലാണ് ഓൺലൈൻ ലോകത്ത് തട്ടിപ്പുകൾ നടക്കുന്നത്. വളരെ സൂക്ഷിച്ച് വേണം ഡിജിറ്റൽ ലോകത്തിലെ ഓരോ ചുവടും വെയ്ക്കുവാനായി. ഇല്ലാത്ത പക്ഷം നമ്മൾ പലപ്പോഴും പറ്റിക്കപ്പെട്ടാം.
സാമ്പത്തിക തട്ടിപ്പ്, ഡേറ്റ ശേഖരണം, തുടങ്ങി വിവിധ തരത്തിലാണ് തട്ടിപ്പുകൾ നീളുന്നത്. അതും വാട്സ്ആപ്പ്, ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയവയാണ് ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രം. ഇപ്പോഴിത പുതിയ ഒരു തരം തട്ടിപ്പും രാജ്യത്ത് ഭീക്ഷണി ഉയർത്തിയിരിക്കുകയാണ്. ഇ ചലാൻ തട്ടിപ്പ്. കാഴ്ചയിൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ സർക്കാർ അയക്കുന്ന ഇ ചലാന് സമാനമായ രീതിയിൽ വ്യാജ ചലാനുകൾ അയച്ച് പണം തട്ടുന്ന രീതിയാണ് ഇത്.

നിങ്ങൾ ട്രാഫിക്ക് നിയമം ലംഘിച്ചിട്ടുണ്ടെന്നും ആയതിനാൽ തന്നെ പിഴ അടയ്ക്കണം എന്ന് ആവിശ്യപ്പെട്ട് ആയിരിക്കും തട്ടിപ്പുകാരുടെ സന്ദേശം നിങ്ങൾക്ക് എത്തുക. ഇതോടൊപ്പം പിഴ ഓൺലൈൻ ആയി അടയ്ക്കാൻ സാധിക്കും എന്ന തരത്തിൽ ഒരു ലിങ്കും ഇവർ സന്ദേശത്തിനൊപ്പം ഉപഭോക്താക്കൾക്ക് അയയ്ക്കും. യഥാർത്ഥ ട്രാഫിക്ക് പോലിസ് വെബ്സൈറ്റുകൾക്ക് സമാനമായാണ് തട്ടിപ്പുകാർ ഇവരുടെ വ്യാജ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലിങ്കിൽ ഉപഭോക്താക്കൾ ക്ലിക്ക് ചെയ്താൽ നിങ്ങൾ പറ്റിക്കപ്പെട്ടേക്കാം.
ഈ വ്യാജ വെബ്സൈറ്റ് ഉപഭോക്താക്കളോട് വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ചോദിക്കുകയും പിഴ എന്ന പേരിൽ ഒരു തുക ഈടാക്കുകയും ചെയ്യും. ചിലപ്പോൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങാളുടെ ഫോണിന്റെ നിയന്ത്രണവും ഈ തട്ടിപ്പുകാർക്ക് ഏറ്റെടുക്കാൻ സാധിച്ചേക്കാം. ഇതു വഴി ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ഇവർക്ക് ചോർത്താനും സാധിക്കുന്നതാണ്. അതേ സമയം പുതിയ തട്ടിപ്പിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പൊലീസ് നടപടി സ്വീകരിച്ചു തുടങ്ങി.

ഇ ചലാൻ തട്ടിപ്പിനെതിരെ ഫരീദാബാദിലെ സൈബർ ക്രൈം ഓഫീസർ ഹേമേന്ദ്ര കുമാർ മീണ ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ജാഗ്രാത നിർദേശം നൽകിയിട്ടുണ്ട്. അവർ പണം മോഷ്ടിക്കുന്നതിനായി വഞ്ചനാപരമായ ലിങ്കുകൾ ഉപയോഗിച്ച് നിയമാനുസൃതമായ ചലാനുകളുമായി സാമ്യമുള്ള വ്യാജ സന്ദേശങ്ങൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യുന്നു. എന്നായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. ഇതിന് പുറമെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇദ്ദേഹം പുറത്തുവിട്ടു.
യഥാർത്ഥ ഇ-ചലാൻ സന്ദേശവും വ്യാജ സന്ദേശവും തമ്മിലുള്ള വ്യത്യാസവും ഇദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. യഥാർത്ഥ ഇ-ചലാൻ സന്ദേശങ്ങളിൽ എഞ്ചിൻ, ഷാസി നമ്പറുകൾ പോലുള്ള നിർണായക വാഹന-നിർദ്ദിഷ്‌ട വിശദാംശങ്ങൾ ഉൾപ്പെടുന്നു. സർക്കാരിന്റെ ഔദ്യോഗിക ഗവൺമെന്റ് വെബ്സൈറ്റായ https://echallan.parivahan.gov.in/.എന്നതിലേക്ക് ആണ് യഥാർത്ഥ ചലാൻ നയിക്കുന്നത്. എന്നാൽ വ്യാജ ചലാനുകൾ ആകട്ടെ https://echallan.parivahan.in/ എന്ന സൈറ്റിലേക്ക് ആണ് നയിക്കുന്നത്.
ആയതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും നിങ്ങൾക്ക് വരുന്ന ഇ-ചലാൻ സന്ദേശത്തിൽ നൽകിയിരിക്കുന്ന വെബ്സൈറ്റ് നന്നായി പരിശോധിക്കണം. വ്യാജ വെബ്സൈറ്റിൽ .gov ഉണ്ടായിരിക്കില്ലെന്ന് ഇദ്ദേഹം എടുത്ത് പറയുന്നു. ആധികാരികതയ്ക്കായി പേയ്‌മെന്റ് ലിങ്ക് ".gov.in" എന്നതിൽ അവസാനിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഇദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ഇ ചലാൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപെടാം എന്ന് പരിശോധിക്കാം. ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളട് ഉടൻ പ്രതികരിക്കാതെ ഇരിക്കുക എന്നതാണ് ആദ്യ മാർഗം.
ഇതിൽ നൽകിയിരിക്കുന്ന വെബ്സൈറ്റിന്റെ ആധികാരിതക പരിശോധിച്ചതിന് ശേഷം മാത്രം ലിങ്കിൽ ക്ലിക്ക് ചെയ്യുക. വ്യാജ വെബ്‌സൈറ്റിൽ നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ നൽകിയാൽ, തട്ടിപ്പുകാർക്ക് നിങ്ങളുടെ പണം തട്ടിയെടുക്കാനാകും. നിങ്ങൾ യഥാർത്ഥത്തിൽ ഒരു ഇ ചലാൻ ലഭിക്കുകയാണെങ്കിൽ ട്രാഫിക് പോലീസ് വിഭാഗവുമായി നേരിട്ട് ബന്ധപ്പെതിന് ശേഷം മാത്രം പണം അടയ്ക്കുന്നതായിരിക്കും ബുദ്ധി. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ഒരിക്കലും ഫോണിലൂടെയോ ടെക്‌സ്‌റ്റ് മെസേജിലൂടെയോ വ്യക്തി പരമായ വിവിരങ്ങൾ ശേഖരിക്കില്ലെന്ന് അറിഞ്ഞിരിക്കുക.


Click it and Unblock the Notifications








