സൂക്ഷിക്കുക! വ്യാജ ഐപിഎല്‍ ആപ്ലിക്കേഷനുകളും

Posted By: Staff

സൂക്ഷിക്കുക! വ്യാജ ഐപിഎല്‍ ആപ്ലിക്കേഷനുകളും

ഐപിഎല്‍ ആവേശത്തിലിരിക്കുന്ന എല്ലാവരുടേയും ശ്രദ്ധയ്ക്ക്. ഐപിഎല്‍ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ വ്യാജന്മാരും ഉള്ളതായി റിപ്പോര്‍ട്ട്. വ്യാജമെന്ന് സംശയിക്കുന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ കണ്ടതായാണ് ഒരു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്‍ മൊബൈല്‍ ഗാഡ്ജറ്റുകളില്‍ ലഭ്യമാക്കുന്നതിന് വേണ്ടി വിവിധ ഡെവലപര്‍മാരുടെ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്  പ്ലാറ്റ്‌ഫോമുകളിലായി ലഭ്യമാണ്.

എന്നാല്‍ ചില വ്യാജ ആപ്ലിക്കേഷനുകളും ഐപിഎല്ലിന്റെ പേരില്‍ എത്തുന്നതാണ് ഉപയോക്താക്കള്‍ക്കും ഡെവലപര്‍മാര്‍ക്കും ഒരു പോലെ തലവേദന സൃഷ്ടിക്കുന്നത്. ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ കയറി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന തിരക്കില്‍ ഉപയോക്താക്കള്‍ അവരുടെ നോട്ടിഫിക്കേഷനുകള്‍ കാര്യമായി വായിക്കാത്തതാണ് ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇടയാക്കുന്നത്.

ചില ആപ്ലിക്കേഷനുകള്‍ തത്സമയ ഐപിഎല്‍ മത്സരം വാഗ്ദാനം ചെയ്യുമ്പോഴും അവ അത്തരം സൗകര്യങ്ങള്‍ നല്‍കുന്നില്ല എന്ന് മാത്രമല്ല സുപ്രധാന ഫോണ്‍ ഡാറ്റകള്‍ ആക്‌സസ് ചെയ്യാനുള്ള അനുമതിയും ആവശ്യപ്പെടുന്നത് കാണാം. അതിന് അനുവാദം നല്‍കുന്നതോടെ ആ ആപ്ലിക്കേഷന്‍ അതിന്റെ ഡെവലപറിന്  ഫോണ്‍ ഡാറ്റകള്‍ ആക്‌സസ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും.

വാച്ച് ഐപിഎല്‍ ലൈവ് 2012 എന്ന ആപ്ലിക്കേഷന്‍ ഇത്തരത്തില്‍ സംശയാസ്പദമായ തരത്തില്‍ വിവിധ വിവരങ്ങള്‍ ആക്‌സസ് ചെയ്യാനുള്ള അനുമതി വാങ്ങുന്നെന്നാണ് ഈ വെബ്‌സൈറ്റിന്റെ വിശദീകരണം.

എല്ലാ ആപ്ലിക്കേഷനുകളും ഇത്തരം അനുമതികള്‍ ഉപയോക്താക്കളില്‍ നിന്ന് വാങ്ങുമെങ്കിലും ചിലത് സാധാരണയേക്കാള്‍ അധികം അനുമതികള്‍ ഉപയോക്താക്കളില്‍ നിന്ന് ചോദിക്കുന്നുണ്ട്. ഫോണ്‍ബുക്ക് ആക്‌സസ്, മെസേജ് ആക്‌സസ് എന്നിവ ഇതില്‍ പെടും. അത് കൂടാതെ ഡിവൈസ് ഓണ്‍ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കാനും ചില ആപ്ലിക്കേഷനുകള്‍ ഉപയോക്താവിന്റെ അനുമതി തേടുന്നുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot