200 യാത്ര വരെ ഫ്രീ, പക്ഷേ ഒരു വർഷത്തേക്ക് 3000 രൂപ നൽകണം; പുതിയ ഫാസ്റ്റ് ടാഗ് അധിഷ്ഠിത പ്ലാനുമായി കേന്ദ്രം
ദേശീയ പാതകളിലെ കുഴികളും, യാത്രാക്കുരുക്കും ടോളൾ ബൂത്തുകളിലെ പ്രശ്നങ്ങളും ദേശീയപാത നിർമാണത്തിലെ തകരാറുകളുമൊക്കെ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചുകൊണ്ടിരിക്കുന്നതിനിടെ പുതിയ ഫാസ്റ്റ്ടാഗ് അധിഷ്ഠിത വാർഷിക പ്ലാൻ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ദേശീയപാത വഴിയുള്ള തടസ്സരഹിതമായ യാത്ര എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമായി പുതിയ ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പ്ലാൻ 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. 60 കിലോമീറ്റർ ഇടവിട്ട് ടോൾ പ്ലാസകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച ആശങ്കകൾക്കുള്ള പരിഹാരം എന്ന നിലയിൽക്കൂടിയാണ് ഈ നീക്കം.
എന്താണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയതായി നടപ്പിലാക്കുന്ന ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ്: രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്ന വാർഷിക പാസ് ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായിട്ടാണ് ഈ പാസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

എങ്ങനെയാണ് പുതിയ ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസിന്റെ പ്രവർത്തനം: 3000 രൂപയുടെ വാർഷിക പ്ലാൻ ഒരു വർഷത്തേക്ക് വാലിഡിറ്റിയുള്ളതാണ്. ഈ പാസ് ഉപയോഗിച്ച് ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 യാത്രകൾ വരെ - ഏതാണ് ആദ്യം വരുന്നത് അതുവരെ - ആണ് ഈ പ്ലാൻ ഉപയോഗിച്ച് യാത്ര ചെയ്യാനാകുക.
ഉദാഹരണത്തിന് ഒരു വർഷത്തേക്കുള്ള പാസ് ആണെങ്കിലും 6 മാസത്തിനുള്ളിൽത്തന്നെ 200 യാത്രകൾ പിന്നിട്ടാൽ വീണ്ടും പാസ് പുതുക്കേണ്ടിവരും. ഈ പാസ് എടുക്കാനും പുതുക്കാനുമുള്ള പ്രത്യേക ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കും എന്നാണ് പുതിയ പാസ് സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ ഗഡ്കരി പറഞ്ഞിരിക്കുന്നത്.

കേന്ദ്രം അവതരിപ്പിച്ച പുതിയ ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസ് കൊണ്ട് ഉള്ള നേട്ടം എന്ത്: 60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള വളരെക്കാലമായുള്ള ആശങ്കകൾ പരിഹരിക്കുകയും താങ്ങാനാവുന്ന ഒരു ഇടപാടിലൂടെ ടോൾ പേയ്‌മെന്റുകൾ ലളിതമാക്കുകയും ചെയ്യുന്നു എന്നതാണ് ഈ പാസിന്റെ നേട്ടമെന്ന് ഗഡ്കരി വിശദീകരിച്ചിരിക്കുന്നു.
ഈ പുതിയ പാസ് സംവിധാനത്തിലേക്ക് വാഹന ഉടമകൾ മാറുന്നതിലൂടെ ദേശീയ പാതവഴിയുള്ള യാത്ര എല്ലാവർക്കും എളുപ്പമുള്ളതാകും. ''കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിലൂടെയും, തിരക്ക് ലഘൂകരിക്കുന്നതിലൂടെയും, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കുന്നതിലൂടെയും, ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകാനാണ് വാർഷിക പാസ് ലക്ഷ്യമിടുന്നത്'' എന്ന് ഗഡ്കരി വിശദീകരിക്കുന്നു.
ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസ് വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വർഷത്തേക്ക് അധിക ടോൾ ചാർജുകൾ നൽകാതെ ദേശീയ പാതകളിലൂടെയും സംസ്ഥാന എക്സ്പ്രസ് വേകളിലൂടെയും സഞ്ചരിക്കാൻ കഴിയുക എന്നത് സ്വകാര്യ വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാകും എന്ന് കരുതപ്പെടുന്നു.

ദേശീയപാതകൾ വഴി ധാരാളമായി യാത്രകൾ ചെയ്യുന്നവർക്ക് ടോൾ നൽകുന്നതിലൂടെ ഉണ്ടാകുന്ന വലിയ യാത്രാ ചെലവ് കുറയ്ക്കാനും ഈ വാർഷിക പ്ലാൻ സഹായകരമാകും. നിലവിലുള്ള ഫാസ്ടാഗ് ഇൻഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കി തന്നെയാണ് പുതിയ വാർഷിക പാസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ പുതിയ പാസ് സംവിധാനം നടപ്പാക്കുന്നതിലൂടെ തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ കാര്യമായ നഷ്ടം ഉണ്ടാകാതെ തന്നെ കാർ യാത്രികരുടെയും മറ്റും ദേശീയപാതകളിലെ യാത്രാ ചെലവ് കുറയ്ക്കാൻ കേന്ദ്രത്തിന് കഴിയും.


Click it and Unblock the Notifications