പെഗാട്രോണിന്റെ ചെന്നൈയിലെ ഐഫോൺ പ്ലാന്റിൽ തീപിടിത്തം; അസംബ്ലിങ് രണ്ടാം ദിനവും നിർത്തിവച്ചു, അന്വേഷണം
ആപ്പിളിന്റെ പ്രധാന കരാർ കമ്പനികളിലൊന്നായ പെഗാട്രോണിന്റെ തമിഴ്നാട് ചെന്നൈയിലെ പ്ലാന്റിൽ തീപിടിത്തം ഉണ്ടായി പ്രവർത്തനം നിലച്ചെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ ഐഫോൺ അസംബ്ലിങ് പ്ലാന്റിൽ തീപിടുത്തമുണ്ടായതായി കമ്പനിയോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം.
തീപിടിത്തത്തെ തുടർന്ന് നിർത്തിവച്ച ഐഫോൺ അസംബ്ലിങ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഉടൻ ജോലിക്ക് ഹാജരാകേണ്ട എന്നാണ് കമ്പനി ജീവനക്കാരോട് നിർദേശിച്ചിരിക്കുന്നത് എന്ന് വിവിധ റീപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീപിടുത്തത്തിൽ പ്ലാന്റിന് കാര്യമായ നാശനഷ്ടമോ കേടുപാടുകളോ ആൾനാശമോ ഉണ്ടായിട്ടില്ലെന്നാണ് പെഗാട്രോൺ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയും ജോലിക്ക് ഹാജരാകേണ്ടെന്നാണ് ഫാക്ടറി തൊഴിലാളികളോട് പറഞ്ഞിരിക്കുന്നത്.

കാരണമൊന്നും വിശദീകരിക്കാതെ, ജോലിക്ക് ഹാജരാകേണ്ട എന്നുമാത്രമാണ് കമ്പനി തൊഴിലാളികളോട് പറഞ്ഞിരിക്കുന്നത് എന്ന് ഇതേപ്പറ്റി അറിവുള്ള ചിലരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്ന ആപ്പിളിന്റെ മൂന്ന് കരാർ കമ്പനികളിൽ ഒന്നാണ് പെഗാട്രോൺ. ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ കോർപ് എന്നിവയാണ് മറ്റ് കമ്പനികൾ. ഈ മൂന്ന് കമ്പനികളും തായ്വാൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെ ആപ്പിളിന്റെ ഐഫോൺ ഉൽപ്പാദനത്തിന്റെ 10 ശതമാനവും പെഗാട്രോണിന്റെ സംഭാവനയാണെന്ന് ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് പറയുന്നു. പ്രതിദിനം ഏകദേശം 26,000 ഐഫോണുകളുടെ ഉൽപ്പാദന ശേഷി പെഗാട്രോണിന്റെ ചെന്നൈയിലെ പ്ലാന്റിനുണ്ട്. പ്രതിദിനം 8,000-12,000 ഐഫോണുകൾ ഇവിടെ അസംബിൾ ചെയ്യുന്നുണ്ടെന്നാണ് വ്യവസായ വൃത്തങ്ങൾ അറിയിക്കുന്നത്.
തീപിടുത്തം മൂലം എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്നതിൽ കമ്പനി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പ്ലാൻ ചെയ്തിരിക്കുന്ന ഐഫോൺ നിർമാണത്തിനെ ഇത് ഏത് രീതിയിൽ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. പ്രൊഡക്ഷൻ എസ്റ്റിമേറ്റിനെക്കുറിച്ച് പ്രതികരിക്കാൻ പെഗാട്രോൺ വിസമ്മതിച്ചു. ആപ്പിളും വിഷയത്തിൽ പ്രതികരണത്തിന് തയാറായിട്ടില്ല എന്ന് റോയിട്ടേഴ്സ് പറയുന്നു.
തീ അണയ്ക്കാൻ വിവിധ സ്റ്റേഷനുകളിൽ നിന്ന് ഒന്നിലധികം ഫയർ എഞ്ചിനുകൾ എത്തിയെന്നും ഏകദേശം അഞ്ച് മണിക്കൂർ എടുത്തിട്ടുണ്ടെന്നും എമർജൻസി റെസ്‌പോൺസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിന്റെ കാരണം നിലവിൽ ബന്ധപ്പെട്ട അതോറിറ്റിയുടെ അന്വേഷണത്തിലാണ് എന്ന് പെഗാട്രോൺ പറഞ്ഞു. അഗ്‌നിശമന സേനയുമായി ചേർന്ന് അന്വേഷണം നടക്കുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനും റോയിട്ടേഴ്‌സിനോട് പറഞ്ഞു.
2017-ൽ വിസ്‌ട്രോണിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായി ഐഫോൺ അസംബ്ലിങ് എത്തുന്നത്. പിന്നീട് ഫോക്‌സ്‌കോൺ എത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് പെഗാട്രോൺ ഇന്ത്യയിൽ ഐഫോൺ അസംബ്ലിങ് ആരംഭിച്ചത്. നിലവിൽ ചെന്നൈയിലുള്ള പ്ലാന്റിന് സമീപത്തായി മറ്റൊരു ഐഫോൺ പ്ലാന്റ്കൂടി സ്ഥാപിക്കാനുള്ള ചർച്ചകളും നീക്കങ്ങളും പെഗാട്രോൺ നടത്തിവരികയായിരുന്നു.
ചൈനയ്ക്ക് ബദലായി ഇന്ത്യയിൽ പ്രവർത്തനം കേന്ദ്രീകരിക്കാനുള്ള നീക്കങ്ങൾ അടുത്തകാലത്തായി ആപ്പിൾ ശക്തമാക്കിയിരുന്നു. ഇതാദ്യമായി ലോഞ്ചിന് മുൻപ് തന്നെ ഐഫോൺ ഇന്ത്യയിൽ നിർമിച്ച സംഭവവും ഇക്കൊല്ലം ഉണ്ടായി. ഐഫോൺ നിർമാണം ഇന്ത്യയിൽ വർധിപ്പിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും മുന്നോട്ട് പോകാനാണ് ആപ്പിൾ പ്ലാൻ ചെയ്യുന്നത്.
തീപിടിത്തം മൂലം അസംബ്ലിങ് നിർത്തിവച്ചത് ഐഫോണിന്റെ ലഭ്യതയെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. ഇതിനു മുൻപും പലവിധ കാരണങ്ങളാൽ പലപ്പോഴായി ഇന്ത്യയിൽ ഐഫോൺ നിർമാണം തടസപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരയിൽ ഐഫോൺ ചാർജറുകൾ നിർമ്മിക്കുന്ന ഫോക്‌സ്‌ലിങ്ക്, തീപിടിത്തത്തെ തുടർന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ അസംബ്ലി ഫെസിലിറ്റിയിൽ ഉത്പാദനം നിർത്തിവച്ചിരുന്നു.

2021 ഡിസംബറിൽ 250 തൊഴിലാളികൾ രോഗബാധിതരായതിനെ തുടർന്ന് ചെന്നൈയിലെ ഫോക്‌സ്‌കോണിന്റെ ഒരു പ്ലാന്റിന്റെ പ്രവർത്തനം മൂന്നാഴ്ചയിലേറെ നിർത്തിവച്ചിരുന്നു. നിലവാരമില്ലാത്ത സൗകര്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ആപ്പിൾ പിന്നീട് കണ്ടെത്തി. 2020 ഡിസംബറിൽ കർണാടകയിലെ നർസാപുരയിലെ വിസ്‌ട്രോൺ പ്ലാന്റിലെ പ്രവർത്തനവും മൂന്ന് മാസത്തേക്ക് തടസപ്പെട്ടിരുന്നു.
വേതനം നൽകാത്തതിനെച്ചൊല്ലി നർസാപുരയിലെ വിസ്‌ട്രോൺ പ്ലാന്റിലെ തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും പ്രതിഷേധത്തിനിടെ വസ്തുവകകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇത് ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമുണ്ടാക്കുകയും മൂന്ന് മാസത്തേക്ക് പ്ലാന്റ് അടച്ചുപൂട്ടാൻ തായ്‌വാൻ കമ്പനിയെ നിർബന്ധിതമാക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ തീപിടുത്തത്തെ തുടർന്ന് എല്ലാ ഷിഫ്റ്റുകളും നിർത്തിവച്ച പെഗാട്രോൺ പ്ലാന്റിൽ അംബ്ലിങ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കമ്പനി ഒന്നും വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








