എവിടെ പരിപാടി അവതരിപ്പിച്ചാലും പ്രശ്നമാണോ...! മത്സ്യത്തൊഴിലാളികളുടെ BSNL സാറ്റലൈറ്റ് ഫോണിൽ പ്രശ്നം
ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ പ്രശ്നങ്ങൾ കാരണം മത്സ്യത്തൊഴിലാളികൾ ആശങ്കയിലെന്ന് ടിഎൻഎൻ (TNN) റിപ്പോർട്ട്. മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് കടലിൽ മൊബൈൽ സിഗ്നലുകൾ ലഭ്യമാകില്ല. അതിനാൽ ഏതാണ്ട് ആറ് വർഷം മുൻപ്, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ബിഎസ്‌എൻഎൽ സാറ്റലൈറ്റ് ഫോൺ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കിയിരുന്നു. ഇപ്പോൾ പലവിധ കാരണങ്ങളാൽ ഈ ഫോൺ ഉപയോഗിക്കാൻ തൊഴിലാളികൾ ബുദ്ധിമുട്ടുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിം റീപ്ലേസ്മെന്റും റീച്ചാർജ് നിരക്കിൽ വന്ന കുത്തനെയുള്ള വർധനവുമാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്നങ്ങൾ.
ചെന്നൈയിലെ ആഴക്കടൽ മത്സ്യബന്ധന കപ്പലുടമകൾ ആണ് ഇപ്പോൾ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ സേവനങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി സർക്കാർ വിതരണം ചെയ്ത ഫോണുകൾ ഇപ്പോൾ സിം മാറ്റിസ്ഥാപിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലും ടോക് ടൈം വെട്ടിക്കുറച്ചതിനാലും പ്രവർത്തനരഹിതമായിരിക്കുന്നു എന്നാണ് തൊഴിലാളികളുടെ ആക്ഷേപം.

അടുത്തിടെ തന്റെ സിം കാർഡ് കേടായിട്ടും അത് മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ആഴക്കടൽ മത്സ്യബന്ധന ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ബി മുത്തുകുമാർ പറഞ്ഞതായി ടിഎൻഎൻ റിപ്പോർട്ട് പറയുന്നു. സിം തകരാറുകൾക്ക് പുറമേ പ്രതിമാസ റീച്ചാർജ് നിരക്ക് വർധിച്ചതും വെല്ലുവിളിയാണ്. ആറ് വർഷം മുമ്പ് സർക്കാർ ഈ ഫോണുകൾ നൽകുമ്പോൾ പ്രതിമാസ റീചാർജ് ചെലവ് 1,800 രൂപയായിരുന്നു, അന്ന് 800 രൂപ ടോക്ക്ടൈമും ലഭ്യമായിരുന്നു.
പിന്നീട് ബിഎസ്എൻഎൽ സാറ്റലൈറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രതിമാസ റീച്ചാർജ് നിരക്ക് 3,965 രൂപയായി ഉയർത്തിയതായും അപ്പോൾ ടോക്ക്ടൈം 1,800 രൂപയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിന് ശേഷം നിരക്ക് വീണ്ടും ഉയർത്തി, ഇപ്പോൾ ടോപ്പ്-അപ്പ് ചാർജ് 4,131 ആയി വർദ്ധിച്ചു, അതേസമയം ടോക്ക്ടൈം 360 ആയി കുറഞ്ഞു. ഇതാണ് ഏറ്റവും വലിയ തിരിച്ചടികളിലൊന്ന്.

ഇത്ര ഉയർന്ന നിരക്കിൽ റീച്ചാർജ് ചെയ്യാൻ തൊഴിലാളികൾ പ്രയാസപ്പെടുന്നതായും ഇത്രയും ഉയർന്ന തുക മുടക്കുന്നതിന് തക്ക ടോക്ക്ടൈം ലഭിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബിഎസ്എൻഎല്ലിന്റെ ഈ സാറ്റലൈറ്റ് ഫോണുകളിൽ 'ഔട്ട്‌ഗോയിംഗ്' സൗകര്യം മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ എന്നതും ഒരു പോരായ്മയാണ്. ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവരെ സംബന്ധിച്ചിടത്തോളം സാറ്റലൈറ്റ് ഫോണുകൾ പ്രധാനമാണ്.
കാരണം ആഴക്കടലിൽ കരയിലെ ടവറുകളിൽ നിന്നുള്ള നെറ്റ്‌വർക്കുകൾ ലഭ്യമാകില്ല. അതിനാൽത്തന്നെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആശയവിനിമയത്തിനായി മത്സ്യത്തൊഴിലാളികൾക്ക് ഈ സാറ്റലൈറ്റ് ഫോണുകൾ ആവശ്യമാണ്. നിലവിൽ ബിഎസ്‌എൻഎൽ ഫോൺ ടോപ്പ്-അപ്പുകൾക്ക് പോലും, സ്വകാര്യ സേവന ദാതാക്കളെ ആശ്രയിക്കേണ്ടിവരുന്നു, ഇത് ചെലവ് വീണ്ടും വർദ്ധിപ്പിക്കുന്നുവെന്നും മത്സ്യത്തൊഴിലാളി നേതാക്കൾ പറഞ്ഞതായി ടിഎൻഎൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് ഈ സാറ്റലൈറ്റ് ഫോൺ സേവനം ലഭ്യമാകുന്നതിന് മുമ്പ് വർഷം തോറും അഞ്ച് മുതൽ ആറ് വരെ മത്സ്യത്തൊഴിലാളികളെ കാണാതാകുമായിരുന്നു. അതുപോലെ, ചുഴലിക്കാറ്റുകൾ കാരണം ബോട്ടുകൾ ഒഴുകിപ്പോയ അര ഡസൻ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നു. എന്നാൽ പിന്നീട് സാറ്റലൈറ്റ് ഫോൺ സേവനം ലഭ്യമായതോടെ ഇത്തരം അനിഷ്ട സംഭവങ്ങൾ വളരെ കുറഞ്ഞു.

സാറ്റലൈറ്റ് ഫോണുകൾ തൊഴിലാളികൾക്ക് എത്രത്തോളം പ്രയോജനപ്പെടുന്നുണ്ട് എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്. അതേസമയം സാറ്റലൈറ്റ് ഫോണുകളിലെ സിം റീപ്ലേസ്മെന്റ് സംബന്ധിച്ച്
ബിഎസ്‌എൻഎല്ലിന്റെ പബ്ലിക് റിലേഷൻസ് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ നിലവിൽ സിം റീ പ്ലേസ് ചെയ്യുന്നതിൽ യാതൊരു പ്രശ്നവുമില്ല എന്നാണ് അദ്ദേഹം അറിയിച്ചത് എന്നതും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്തായാലും ഭാവിയിൽ സാധാരണ സ്മാർട്ട്ഫോണുകളിൽ സാറ്റലൈറ്റ് കണക്ടിവിറ്റി വ്യാപകമായാൽ അത് ഏറ്റവുമധികം പ്രയോജനം ചെയ്യുന്ന ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ ആയിരിക്കും.


Click it and Unblock the Notifications








