കിടിലൻ കോളുവരുന്നുണ്ട്! ബിഗ് സേവിങ് ഡേയ്സ് സെയിൽ തീയതി പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്; ഇനി ഓഫർ പെരുമഴ
സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവരിൽ ആവേശം സൃഷ്ടിച്ചുകൊണ്ട് ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ബിഗ് സേവിങ് ഡേയ്സ് സെയിൽ തീയതികൾ പ്രഖ്യാപിച്ചു. സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കിഴിവും ഓഫറുകളുമാണ് ബിഗ് സേവിങ്സ് ഡേ സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് എല്ലാ വർഷവും വാഗ്ദാനം ചെയ്യാറുള്ളത്. അതിനാൽത്തന്നെ ഉപയോക്താക്കൾ ഏറെ ആഹ്ലാദത്തിലാണ്.
സ്മാർട്ട്ഫോണുകളും മറ്റ് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും വിലക്കുറവിൽ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമായാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്സ് സെയിലുകളെ ഉപയോക്താക്കൾ വിലയിരുത്തുന്നത്. നിലവിൽ ഹോളിയുമായി ബന്ധപ്പെട്ടുള്ള ഓഫർ സെയിൽ ഫ്ലിപ്പ്കാർട്ടിൽ നടക്കുന്നുണ്ട്. ഇത് അവസാനിക്കും മുമ്പെയാണ് ഏറ്റവും പ്രധാന ഓഫർ സെയിലുകളിലെന്നിന്റെ തീയതി ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മാർച്ച് 11 മുതൽ 15 വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ നടക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലസ് അംഗങ്ങൾക്കായി ബിഗ് സേവിങ് ഡേയ്‌സ് വിൽപ്പന ഒരു ദിവസം നേരത്തെ, അതായത് മാർച്ച് 10 ന് ആരംഭിക്കുമെന്നും ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്ലസ് അംഗങ്ങൾക്ക് മുൻഗണന നൽകുന്ന പതിവ് ഫ്ലിപ്പ്കാർട്ട് ഇവിടെയും ആവർത്തിച്ചിരിക്കുന്നു എന്നകാര്യം ശ്രദ്ധേയമാണ്. സൗജന്യ ഡെലിവറി, ഡിസ്കൗണ്ടുകൾ എന്നിങ്ങനെ മറ്റുള്ളവർക്ക് നൽകുന്നതിനെക്കാൾ കൂടുതൽ പരിഗണന ഫ്ലിപ്പ്കാർട്ട് തങ്ങളുടെ പ്ലസ് അംഗങ്ങൾക്ക് നൽകി വരുന്നുണ്ട്. ഇത്തവണത്തെ ബിഗ് സേവിങ് ഡേയ്സ് സെയിലിന്റെ ബാങ്ക് ഓഫറുകൾ ഫ്ലിപ്പ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സൗകര്യമുണ്ടാകും എന്നാണ് പുറത്തുവന്ന സൂചനകൾ വ്യക്തമാക്കുന്നത്. ചില ഡിസ്കൗണ്ട് ഓഫറുകൾ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് പോസ്റ്റ് ചെയ്ത ടീസർ അനുസരിച്ച്, ഐഫോൺ 14 സീരീസ്, ഗൂഗിൾ പിക്സൽ, സാംസങ്, പോക്കോ, റിയൽമി എന്നിവയിൽ നിന്നുള്ള മോഡലുകൾക്ക് വൻ ഡിസ്കൗണ്ട് ലഭിക്കും.

ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ ലഭ്യമാകുന്ന ചില മികച്ച ഡീലുകൾ
സാംസങ് ഗാലക്സി എസ്21 എഫ്ഇ
ഫ്ലിപ്പ്കാർട്ട് ടീസർ അനുസരിച്ച്, ഗാലക്‌സി എസ് 21 എഫ്ഇ (Samsung Galaxy S21 FE ) 12,990 രൂപയ്ക്ക് ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ ലഭ്യമാകും. എന്നാൽ ചില വ്യവസ്ഥകൾക്കും വിധേയമായിട്ടാകും ഈ വിലയിൽ എസ്21 എഫ്ഇ വാങ്ങാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾ ഫ്ലിപ്പ്കാർട്ട് വരുംദിവസങ്ങളിൽ വെളിപ്പെടുത്തും.
റെഡ്മി നോട്ട് 12 പ്രോ+ 5ജി
ഓഫർ സെയിലിൽ മികച്ച വിലക്കുറവിൽ വാങ്ങാൻ സാധിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് പരിചയപ്പെടുത്തിയിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 12 പ്രോ+ 5ജി (Redmi Note 12 Pro+ 5G). ഈ സ്മാർട്ട്ഫോണിന്റെ വിലയിൽ ഡിസ്കൗണ്ട് ഉണ്ടാകുമെന്ന് ടീസർ വെളിപ്പെടുത്തുന്നു. ഡിസ്‌കൗണ്ട് ഓഫറിന് പുറമേ, ബാങ്ക് ഓഫറും ലഭ്യമാകും.
നത്തിങ് ഫോൺ (1)
ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തിരിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ (1). അന്തിമ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 30,000 രൂപയിൽ താഴെ വിലയ്ക്ക് ഫോൺ ലഭ്യമാകുമെന്ന് ടീസർ വെളിപ്പെടുത്തുന്നു. കൃത്യമായ കിഴിവ് വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഗൂഗിൾ പിക്സൽ 7
ഗൂഗിളിന്റെ പിക്സൽ 7 സ്മാർട്ട്ഫോൺ 50,000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കും എന്നാണ് ഫ്ലിപ്പ്കാർട്ട് സൂചന നൽകിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് 59,999 രൂപ പ്രാരംഭ വിലയിൽ ആണ് പിക്സൽ 7 അവതരിപ്പിച്ചത്. പിക്സൽ 7 പ്രോയ്ക്കും ഓഫർ സെയിലിൽ ഡിസ്കൗണ്ട് ലഭിക്കും. കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഐഫോൺ 14 സീരീസ്
ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ ഐഫോൺ 14 സീരീസ് ഡിസ്‌കൗണ്ടിൽ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തി. കൃത്യമായ ഡിസ്കൗണ്ട് ഓഫറുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ 70000 രൂപയിൽ താഴെ ഫോണുകൾ ലഭ്യമാകുമെന്ന് ടീസർ സൂചിപ്പിക്കുന്നു. ബാങ്ക് ഓഫറുകളും ഉണ്ടാകും. വിശദാംശങ്ങൾ അധികം വൈകാതെ വെളിപ്പെടുത്തും.


Click it and Unblock the Notifications








