അവസരം പാഴാക്കിയവർക്ക് ഇതാ സുവർണാവസരം; വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ
എന്തെങ്കിലും വാങ്ങണമെന്ന് വിചാരിച്ചശേഷം ഫ്ലിപ്കാർട്ടിൽ(Flipkart) ഓഫർ വരട്ടെ അപ്പോൾ വാങ്ങാം എന്ന് കരുതുന്നവർ ഏറെയാണ്. ഫ്ലിപ്കാർട്ട് മുൻപ് നൽകിയിട്ടുള്ള ഓഫറുകളുടെ ഫലം അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് ഇത്തരത്തിൽ കാത്തിരിക്കുന്നത്. അത്തരം ആൾക്കാർക്ക് മാത്രമല്ല, സ്മാർട്ട്ഫോൺ, മറ്റ് ഇലക്ട്രോണിക്സ് സാധനങ്ങളും മറ്റ് ഉപകരണങ്ങളുമൊക്കെ വാങ്ങേണ്ടവർക്ക് പോക്കറ്റിലെ കാശ് അധികം ചോരാതെ ലാഭത്തിൽ അവ വാങ്ങാൻ അവസരമൊരുക്കി വീണ്ടും ഒരു ഓഫർ സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലിപ്കാർട്ട്.

ഡിസംബർ 16 ന് ആണ് ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ ആരംഭിക്കുക. പ്ലസ് അംഗത്വമുള്ളവർക്ക് വിൽപ്പന ഓഫർ ഒരു ദിവസം നേരത്തെ ലഭ്യമാകും. അതായത് യോഗ്യരായ ഉപഭോക്താക്കൾക്ക് ഡിസംബർ 15-ന് തന്നെ ബിഗ് സേവിങ്സ് ഡേയ്സ് സെയിലിന്റെ ഭാഗമാകാൻ കഴിയും. ആറ് ദിവസത്തെ വിൽപ്പനയിൽ ഡിസംബർ 21 വരെയാണ് ഓഫർ ലഭ്യമാവുക.

"സ്‌മാർട്ട്‌ഫോണുകളിൽ ഏറ്റവും വലിയ ഡീലുകൾ" എന്ന വാഗ്‌ദാനവുമായാണ് ഇക്കുറി ബിഗ് സേവിംഗ് ഡേയ്‌സ് ഓഫർ ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽത്തന്നെ സ്‌മാർട്ട്‌ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങളിൽ മികച്ച ഓഫറുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. അതേസമയം സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാക്കുന്ന ഓഫർ ഇതുവരെ കാര്യമായി വെളിപ്പെടുത്താൻ ഫ്ലിപ്കാർട്ട് തയാറായിട്ടില്ല.

സ്മാർട്ട്ഫോണുകൾ കമ്പനി വിലയിലും കുറഞ്ഞ വിലയിൽ ആണ് ബിഗ് സേവിങ്സ് ഡെയ്സ് സെയിലിൽ ലിസ്റ്റ് ചെയ്യുക. അതോടൊപ്പം വിവിധ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന് 5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ഉണ്ടാകും, ഇത് മുമ്പത്തെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. എങ്കിലും ഇതിനു മുൻപ് നടന്ന ഓഫർ സെയിലുകളിൽ അവസരം വിനിയോഗിക്കാൻ കഴിയാതെ പോയവർക്ക് ഇതൊരു സുവർണാവസരമാണ്.

ഇന്ത്യയിലെ ഓൺലൈൻ വിൽപ്പന രംഗത്തെ വമ്പനായ ഫ്ലിപ്കാർട്ട് നടത്തുന്ന ഓഫർ സെയിലുകളിൽ എല്ലാം ഐഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിക്കാറുണ്ട്. ആവശ്യക്കാർ ഏറെയാണ് എന്നതാണ് അതിനുകാരണം. ഐഫോൺ 14 ന് അധികം വിലക്കുറവ് പ്രതീക്ഷിക്കുന്നില്ല എങ്കിലും ഐഫോൺ 13 ഓഫറുകൾ കാര്യമായി ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കമ്പനി അടുത്തിടെ നടത്തിയ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ ഐഫോൺ 13-ന് 4,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു.

എങ്കിലും ഇത്തവണ ഐഫോൺ 13 ന് ഓഫറുകൾ ലഭിക്കുമോ എന്ന് ഇ-കൊമേഴ്‌സ് ഭീമൻ പ്രത്യേകം പരാമർശിച്ചിട്ടില്ല. ഫ്ലിപ്കാർട്ടിന്റെ ദീപാവലി സെയിൽ ഇവന്റിലാണ് ഇതുവരെയുള്ള ഏറ്റവും മികച്ച ഓഫർ ഐഫോൺ 13 ന് കമ്പനി നൽകിയിട്ടുള്ളത്. 49,999 രൂപയായിരുന്നു അന്ന് ഓഫർവില. റിയൽമി, വിവോ, പോക്കോ, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വൻ ഓഫറുകളും ഡീലുകളും ഉണ്ടാകുമെന്ന് ടീസർപേജിൽനിന്ന് വ്യക്തമാണ്.

സ്മാർട്ട്ഫോണുകളെ കൂടാതെ , ടാബ്‌ലെറ്റുകൾ, മോണിറ്ററുകൾ, പ്രിന്ററുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 80 ശതമാനം വരെ കിഴിവ് നൽകുമെന്ന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ടെലിവിഷനുകളിലും വീട്ടുപകരണങ്ങളിലും ഉപയോക്താക്കൾക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും. ഇതു കൂടാതെ വിൽപ്പന ആരംഭിക്കുമ്പോൾ തത്സമയ ഡീലുകളും ഫ്ലിപ്കാർട്ട് പ്രഖ്യാപിക്കും. വിൽപ്പന അവസാനിക്കുന്ന ഡിസംബർ 21 വരെ വിവിധ ഓഫറുകളും ഡീലുകളും തുടരും.


Click it and Unblock the Notifications








