മറ്റ് രാജ്യങ്ങൾക്ക് കൊടുക്കുന്നില്ല, ഇന്ത്യയിലുണ്ടാക്കിയ ഐഫോണിൽ 97% കടന്നത് യുഎസിലേക്ക്
ഇന്ത്യയിൽ നിർമിക്കപ്പെട്ട ഐഫോണുകളുടെ പ്രധാന വിപണിയായി യുഎസ് മാറി എന്ന് ഏറ്റവും പുതിയ കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു. മുൻപ് ഇന്ത്യയിൽ നിർമിക്കപ്പെടുന്ന ഐഫോണുകൾ പ്രധാനമായും നെതർലാൻഡ്‌സ്, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആണ് പോയിരുന്നത്. എന്നാൽ 2025 മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ ഫോക്‌സ്‌കോൺ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ഏതാണ്ട് എല്ലാ സ്മാർട്ട്ഫോണുകളും എത്തിയത് യുഎസിലേക്ക് ആണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ചൈനയ്ക്ക് മേൽ ഉയർന്ന നികുതി ചുമത്തിയതും ഈ ഐഫോൺ കയറ്റുമതി വർധിക്കാൻ വളരെ വലിയ കാരണമായിട്ടുണ്ട്.
2024 ലെ ശരാശരിയായ 50 ശതമാനത്തേക്കാൾ വളരെ കൂടുതൽ ഐഫോൺ കയറ്റുമതി മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് നടന്നിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു. ഈ പറഞ്ഞ മൂന്ന് മാസ കാലയളവിൽ മാത്രം ഫോക്‌സ്‌കോൺ ഇന്ത്യയിൽ നിന്ന് 3.2 ബില്യൺ ഡോളറിന്റെ ഐഫോണുകൾ കയറ്റുമതി ചെയ്തു, ഇതിൽ ശരാശരി 97 ശതമാനം ഐഫോണുകളും എത്തിയത് അമേരിക്കയിലേക്ക് ആണ്.

കസ്റ്റംസ് ഡാറ്റ അടിസ്ഥാനമാക്കി റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഇന്ത്യയിലെ ഐഫോൺ കയറ്റുമതിയിൽ ഉണ്ടായ ഈ പുതിയ ഉണർവ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. 2025 മാർച്ചിൽ 1.3 ബില്യൺ ഡോളറിന്റെ ഐഫോൺ കയറ്റുമതിയാണ് ഫോക്‌സ്‌കോൺ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് നടത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന കയറ്റുമതി നിരക്ക് മേയിൽ ആയിരുന്നു. ഏകദേശം 1 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് മേയിൽ നടന്നത്.
ഈ വർഷം ഇതുവരെ, അതായത് മേയ് വരെയുള്ള അഞ്ച് മാസത്തിനുള്ളിൽ, ഫോക്‌സ്‌കോൺ ഇന്ത്യയിൽ നിന്ന് 4.4 ബില്യൺ ഡോളറിന്റെ ഐഫോണുകൾ യുഎസിലേക്ക് അയച്ചിട്ടുണ്ട്. 2024 ൽ ഇത് 3.7 ബില്യൺ ഡോളറായിരുന്നു. അതായത് 2024ൽ നടന്നതിനെക്കാൾ അധികം കയറ്റുമതി ഈ 5 മാസം കൊണ്ട് തന്നെ നടന്നുകഴിഞ്ഞിരിക്കുന്നു.

ഐഫോൺ നിർമാണത്തിൽ ഇന്ത്യ എത്ര മുന്നേറിയെന്നും ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്ക് അമേരിക്കയിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അമേരിക്ക- യുഎസ് ബന്ധം വളരെക്കാലമായി ഇടയ്ക്കിടയ്ക്ക് വഷളാകാറുള്ളതിനാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയിലെ ഐഫോൺ നിർമാണം വർധിപ്പിക്കാൻ ആപ്പിൾ താൽപ്പര്യം കാണിക്കുന്നുണ്ട്.
എന്നാൽ അടുത്തകാലത്തായി ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് വൻ തോതിൽ ഐഫോണുകൾ എത്താൻ തുടങ്ങിയതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആപ്പിളിനെതിരേ രംഗത്ത് വന്നിരുന്നു. അമേരിക്കയിൽ വിക്കാനുള്ള ഐഫോണുകൾ അവിടെത്തന്നെ നിർമിക്കണമെന്നും ഇന്ത്യയിൽ ഐഫോൺ നിർമാണം വിപുലീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കില്ല എന്നുമാണ് ട്രംപ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയത്.
"2024 വർഷത്തെ 18 ശതമാനം കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ ആഗോള ഐഫോൺ കയറ്റുമതിയുടെ 25 ശതമാനം മുതൽ 30 ശതമാനം വരെ ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," എന്നാണ് പ്രമുഖ അനലിസ്റ്റുകൾ പറയുന്നത്. ഫോക്സ്കോൺ മാത്രമല്ല, ടാറ്റയും ഇന്ത്യയിൽ ഐഫോൺ നിർമിക്കുകയും യുഎസിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ടാറ്റ ഇലക്ട്രോണിക്‌സ് ഉൽപ്പാദിപ്പിച്ച ഐഫോണുകളിൽ ശരാശരി 86 ശതമാനവും യുഎസിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നുണ്ട്. മേയിലെ ടാറ്റയുടെ ഐഫോൺ കയറ്റുമതി കണക്കുകൾ നിലവിൽ ലഭ്യമായിട്ടില്ല. 2024നെ അപേക്ഷിച്ച് ടാറ്റയും യുഎസിലേക്ക് ഐഫോൺ കയറ്റുമതി ചെയ്യുന്നതിൽ ഏറെ മുന്നേറിയിട്ടുണ്ട് എന്നും കണക്കുകൾ പറയുന്നു.


Click it and Unblock the Notifications








