200 കോടി ചെലവിൽ അയൽപക്കത്ത് ഫോക്സ്കോൺ പ്ലാന്റ് വരുന്നു, 6000 പേർക്ക് തൊഴിൽ ലഭിക്കും!
ജോലി തേടി നാടുവിടുന്ന മലയാളിക്ക് പോകാൻ ഒരു ഇടം കൂടി ഒരുങ്ങുന്നു. ആപ്പിളിന്റെ കരാർ കമ്പനികളിൽ പ്രമുഖരായ തായ്വാൻ ആസ്ഥാനമായുള്ള ഫോക്സ്കോൺ ഗ്രൂപ്പ് തമിഴ്നാട്ടിൽ 200 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് നിർമിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇലക്ട്രോണിക് ഘടകങ്ങൾ നിർമിക്കുന്നതിനുള്ള പ്ലാന്റ് ആണ് സ്ഥാപിക്കുക.
കാഞ്ചീപുരത്ത് സ്ഥാപിക്കുന്ന പ്ലാന്റ് ഏതാണ്ട് 6000 ൽ ഏറെ പേർക്ക് തൊഴിൽ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാർ ജൂലൈ 31 ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടൊപ്പം ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തമിഴ്നാട്ടിൽ നിക്ഷേപം നടത്താനും 2024ൽ പ്ലാന്റ് പൂർത്തീകരിക്കാനുമുള്ള പദ്ധതിയെക്കുറിച്ച് ഫോക്‌സ്‌കോൺ തമിഴ്‌നാടുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. കാഞ്ചീപുരം ജില്ലയിൽ നിർമിക്കുന്ന പ്ലാന്റിനായി 194.45 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഫോക്‌സ്‌കോൺ പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ട്.
നിലവിൽ ഫോക്സ്കോണിന് ചെന്നൈയിൽ ഐഫോൺ പ്ലാന്റ് ഉണ്ട്. ഇതിൽനിന്ന് വേറിട്ടാകും പുതിയ പ്ലാന്റ് പ്രവർത്തിക്കുക. ഫോക്സ്കോണിന്റെ ചെന്നൈയിലെ പ്ലാന്റിൽ ഏകദേശം 35,000-ത്തിൽ അധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. 2024 അവസാനത്തോടെ ചെന്നൈ ഫാക്ടറിയിലെ തൊഴിലാളികളുടെ എണ്ണം നാലിരട്ടിയാക്കാനും ഉത്പാദനം വർധിപ്പിക്കാനും ഫോക്‌സ്‌കോൺ പദ്ധതിയിടുന്നത്. ഇതിന് പുറമേയാണ് പുതിയ പ്ലാന്റും തമിഴ്നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്.
പുതിയ ഫോക്സ്കോൺ പ്ലാന്റുകൂടി എത്തുന്നത് ഇന്ത്യയുടെ ഇലക്ട്രോണിക് പവർഹൗസ് എന്ന സ്ഥാനം അരക്കിട്ട് ഉറപ്പിക്കാൻ തമിഴ്നാടിന് കരുത്താകും. ഫോക്സ്കോണിന്റെ അനുബന്ധ സ്ഥാപനമായ ഫോക്‌സ്‌കോൺ ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് (എഫ്‌ഐഐ) ആണ് പ്ലാന്റ് നിർമിക്കുക. ഇലക്ട്രോണിക് ഉപകരണങ്ങൾ, ക്ലൗഡ് സേവന ഉപകരണങ്ങൾ, വ്യാവസായിക റോബോട്ടുകൾ എന്നിവയൊക്കെ എഫ്‌ഐഐ നിർമിക്കുന്നു.
പുതിയ പ്ലാന്റ് എന്തിനുവേണ്ടിയാണ് എന്ന് കൃത്യമായി പുറത്തുവന്നിട്ടില്ല. കരാർ യാഥാർഥ്യമായി വിവരങ്ങൾ പുറത്തുവരുമ്പോഴേ ഇതേപ്പറ്റി വ്യക്തതയുണ്ടാകൂ. പുതിയ പ്ലാന്റിൽ ഐഫോൺ മോഡലുകൾക്കായോ മറ്റ് കമ്പനികൾക്കായോ ഘടകങ്ങൾ നിർമിക്കുമോ, അതോ രണ്ടും കൂടിയായിരിക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ചൈനയ്‌ക്കപ്പുറത്തേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ഫോക്‌സ്‌കോണിന്റെ നീക്കത്തിന്റെ ഭാഗമാണ് തമിഴ്നാട്ടിലെ പുതിയ പ്ലാന്റ്.
ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ഫോക്സ്കോൺ ലക്ഷ്യമിടുന്നതിന്റെ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിൽ സെമി കണ്ടക്ടർ നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്ന ഫോക്സ്കോൺ ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യയിൽ നടക്കുന്ന സെമികണ്ടക്ടർ കോൺഫറൻസിൽ പങ്കെടുക്കാനാണ് കമ്പനി ചെയർമാൻ യംഗ് ലിയു ഇന്ത്യയിലെത്തുന്നത്.

ഇതിനോട് അനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ സന്ദർശിച്ച് പ്ലാന്റ് ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പിടുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, ചിപ് നിർമാണത്തിനായി വേദാന്തയുമായുള്ള 19.5 ബില്യൺ ഡോളറിന്റെ സംയുക്ത കരാറിൽനിന്ന് ഫോക്സ്കോൺ പിന്മാറിയിട്ടുണ്ട്. പദ്ധതി പ്രതീക്ഷിച്ചത്ര വേഗത്തിൽ മുന്നോട്ട് നീങ്ങുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
കരാറിൽനിന്ന് പിന്മാറിയെങ്കിലും ഇന്ത്യയിൽ നിക്ഷേപം നടത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നാണ് ഫോക്സ്കോൺ നിലപാട്. ചിപ്പ് നിർമാണത്തിൽ ഇന്ത്യയെ ഏറെ സഹായിക്കാൻ കഴിവുള്ള കമ്പനിയാണ് ഫോക്സ്കോൺ. ആത്യന്തികമായി ഫോക്സ്കോൺ ഒരു തായ്വാൻ കമ്പനിയാണ്. ചിപ്പ് നിർമാണത്തിന്റെ കാര്യത്തിൽ ചൈനയ്ക്ക് ഒരു എതിരാളിയുണ്ടെങ്കിൽ അത് തായ്വാൻ ആണ്.
ലോകത്തിലെ സെമികണ്ടക്‌ടർ ഉത്‌പാദനത്തിൽ 53% ടിഎസ്‌എംസി (തായ്‌വാൻ സെമികണ്ടക്‌ടർ മാനുഫാക്‌ചറിങ് കോർപ്പറേഷൻ) കമ്പനിയുടെ സംഭാവനയാണ്. മറ്റൊരു പത്തുശതമാനം തായ്വാനിലെ മറ്റ് കമ്പനികളുടെ സംഭാവനയും. ചിപ്പ് നിർമാണമേഖലയിൽ ഇത്രയേറെ സ്വാധീനം പുലർത്തുന്ന മറ്റൊരു രാജ്യമില്ല. ഇന്ത്യയിൽ നിരവധി മനുഷ്യവിഭവശേഷി ഉണ്ടെങ്കിലും ചിപ്പ് നിർമാണത്തിൽ വൈദഗ്ധ്യം കുറവാണ്. ഈ പോരായ്മ മറികടക്കാൻ ഫോക്സ്കോൺ കൂട്ട് ഇന്ത്യയെ സഹായിക്കും.


Click it and Unblock the Notifications








