ബീഡിയുണ്ടോ സഖാവെ ഒരു...; ഇനി സുഹൃത്തിനെയും ഉറ്റവരെയും തിരിച്ചറിയാനും രഹസ്യകോഡ് വേണ്ടിവരും!
ടെക്നോളജിയുടെ വികസനം എല്ലാ മേഖലകളിലെയും തൊഴിൽ സാഹചര്യങ്ങൾ സുഗമമാക്കുന്നു എന്ന് പറയുന്നത് എത്ര സത്യമാണ് എന്ന് അറിയണമെങ്കിൽ ഇപ്പോൾ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ ഒന്ന് പരിശോധിച്ചാൽ മതി. മറ്റ് പല മേഖലകളിലും പ്രവർത്തിക്കുന്നവരെപ്പോലെ ക്രിമനലുകളും ഇന്ന് തങ്ങളുടെ പണി എളുപ്പമാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു.
അല്ലെങ്കിൽത്തന്നെ ഓൺലൈനിൽ മറഞ്ഞിരുന്ന് പണം തട്ടിയെടുക്കുന്ന ആളുകളെക്കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. അതിനിടെ എഐ ടെക്നോളജികൂടി വികസിച്ചുതുടങ്ങിയതോടെ തട്ടിപ്പുകൾ കൂടുതൽ ഭയാനകമായി മാറിയിരിക്കുന്നു. അനന്തമായ സാധ്യതകളുള്ള സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. നല്ലകാര്യങ്ങൾക്ക് എഐ ഉപയോഗിക്കുന്നത് നല്ലതുതന്നെ. എന്നാൽ നല്ല ഉദ്ദേശത്തോടുകൂടി വികസിപ്പിക്കുന്ന ടെക്നോളജി ക്രിമിനലുകളുടെ കൈയിലും എത്തപ്പെടുന്നു.

അത് ക്രിമിനലുകൾ അവരുടെ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുമ്പോൾ ടെക്നോളജി പൊതുജനത്തിന് വില്ലനായി മാറുന്നു. ഇന്ന് എഐ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. എങ്കിലും മനുഷ്യനെ ഒന്നുമല്ലാതാക്കാനും അവന്റെ ചിന്താശേഷിയെപ്പോലും മറികടക്കാനും ഇന്ന് എഐക്ക് നിസാരമായി സാധിക്കും എന്നതിന്റെ സൂചനകൾ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നു.
ഫോണിലൂടെ ബന്ധപ്പെട്ട് തട്ടിപ്പിനിരയാക്കുന്ന ഘട്ടവും പിന്നിട്ട് ആളുകളുടെ സ്വന്തം കണ്ണുകൾകൊണ്ട് തന്നെ അവരെ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്യുന്ന നിലയിലേക്ക് സൈബർ ക്രിമിനലുകൾ വളർന്നിരിക്കുന്നു. ഡ്യൂപ്ലിക്കേറ്റിന്റെ വിളനിലമായ ചൈനയിൽനിന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന് ഒരു തട്ടിപ്പ്, ഇതുവരെ നടന്നിരുന്ന തട്ടിപ്പുരീതികളിൽനിന്ന് ക്രിമിനലുകൾ ഏറെ ദൂരം മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു എന്ന വ്യക്തമാക്കുകയും ചെയ്യുന്നു.

സുഹൃത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട സൈബർ ക്രിമിനലുകൾ ഒരാളിൽനിന്ന് 5 കോടി രൂപ തട്ടിയെടുത്തു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയിലെ ബൗട്ടൂവിലാണ് സംഭവം. ഇരയ്ക്ക് ഒരു ദിവസം തന്റെ ഒരു അടുത്ത സൃഹൃത്തിൽനിന്നും വീഡിയോ കോൾ എത്തി. സംഭാഷണത്തിനിടെ ഒരു ലേലത്തിൽ പങ്കെടുക്കാനായി കുറച്ച് പണം നൽകണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടു.
4.3 മില്യൺ യുവാൻ (ഏകദേശം 5 കോടി രൂപ) തന്റെ അക്കൗണ്ടിലേക്ക് കൈമാറാനാണ് വീഡിയോ കോളിൽ എത്തിയ സുഹൃത്ത് ആവശ്യപ്പെട്ടത്. തുടർന്ന് ഇര അയാൾ ആവശ്യപ്പെട്ട പണം കൈമാറി. പിന്നീട് സുഹൃത്തിനോട് ഇതേപ്പറ്റി സംസാരിച്ചപ്പോൾ ആണ് അങ്ങനെയൊരു സംഭവമേ അയാൾ അറിഞ്ഞിട്ടില്ല എന്ന് വ്യക്തമായത്.
തുടർന്ന് തട്ടിപ്പിനിരയായ ആൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വന്നത് ഓഡിയോ കോൾ പോലുമായിരുന്നില്ല, സുഹൃത്തിനെ വീഡിയോയിൽ നേരിൽ കണ്ടതുകൊണ്ടാണ് പണം കൈമാറിയത്, എന്നിട്ടും ഇവിടെ ഇര പറ്റിക്കപ്പെട്ടിരിക്കുന്നു. യാതൊരു സംശയത്തിനും ഇടനൽകാതെയായിരുന്നു തട്ടിപ്പ്. എഐ പിന്തുണയുള്ള 'ഡീപ്ഫേക്ക്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവിടെ തട്ടിപ്പ് നടന്നിരിക്കുന്നത് എന്നാണ് കണ്ടെത്തൽ.
അടുത്ത സുഹൃത്താണ് എന്ന് ഇരയെ വിശ്വസിപ്പിക്കാനും സംശയം തോന്നാത്ത വിധത്തിൽ പെരുമാറാനും കഴിഞ്ഞത് എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് എന്നാണ് റിപ്പോർട്ട്. ശനിയാഴ്ച ലോക്കൽ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ഇരയിൽനിന്ന് തട്ടിയെടുത്ത ഫണ്ടിൽ ഭൂരിഭാഗവും വീണ്ടെടുക്കാൻ കഴിഞ്ഞതായും ബാക്കി തുക കണ്ടെത്താൻ കഠിനമായി പരിശ്രമിക്കുന്നതായും പോലീസ് വെളിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
മുൻപ് എഐ ഉപയോഗിച്ച് ശബ്ദം അനുകരിച്ച് പണം തട്ടിയെടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വീഡിയോ കോളിലൂടെ മറ്റൊരാളുടെ രൂപത്തിലെത്തി ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയ സംഭവം ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽത്തന്നെ ഈ സംഭവം തട്ടിപ്പുകളുടെ ചരിത്രത്തിലെ പുതിയ 'വളർച്ച'രേഖപ്പെടുത്തുന്ന അധ്യായമായി മാറിയിരിക്കുകയാണ്.
എഐ വളർച്ച പ്രാപിക്കുന്നതോടുകൂടി സത്യമേത് വ്യാജമേത് എന്ന് തിരിച്ചറിയാൻ സാധാരണക്കാർ വിഷമിക്കുമെന്നും എഐ കഴിവുകൾ തെറ്റായ കൈകളിൽ എത്തിപ്പെടുന്നത് വൻ നാശം വരുത്തിവയ്ക്കുമെന്നും എ.ഐ.യുടെ ഗോഡ്ഫാദർ' എന്ന് ലോകം വിശേഷിപ്പിക്കുന്ന വിഖ്യാത എഐ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റൺ അടുത്തിടെ ഗൂഗിളിലെ തന്റെ ജോലി രാജിവച്ചശേഷം നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

തന്റെ ജീവിതത്തിന്റെ വലിയൊരുഭാഗം എഐ ഗവേഷണങ്ങൾക്കായി ചെലവഴിച്ച ജെഫ്രി ഹിന്റന്റെ പ്രവചനം ശരിവയ്ക്കുന്നതാണ് ഇപ്പോൾ നടന്നിരിക്കുന്ന ഫേസ്-സ്വാപ്പിംഗ് തട്ടിപ്പ്. എഐ ഭീഷണികളെ ഭയക്കുന്ന ചൈന അത്തരം സാങ്കേതികവിദ്യകളുടെയും ആപ്ലിക്കേഷനുകളുടെയും സൂക്ഷ്മപരിശോധന ശക്തമാക്കിയിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം സൈബർ തട്ടിപ്പുകൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഡീപ്ഫേക്ക് സാങ്കേതികവിദ്യ വർഷങ്ങളായി ഒരു പ്രശ്നമാണ്, എന്നാൽ ഏറ്റവും പുതിയ എഐ മോഡലുകൾ ഡീപ്ഫേക്കിനെ കൂടുതൽ അപകടകാരിയാക്കിമാറ്റുന്നു. ഇത്തരം സാങ്കേതികവിദ്യകൾ സൈബർ ക്രിമിനലുകളുടെ കൈയിലെത്തുന്നത് ഇന്ത്യക്കും വൻ വെല്ലുവിളിയാകും സൃഷ്ടിക്കുക. പുത്തൻ സംഭവവികാസങ്ങൾ കണക്കിലെടുത്താൽ, ഭാവിയിൽ വീഡിയോകോളിലെത്തുന്നത് ഉറ്റവരും സുഹൃത്തുക്കളും തന്നെയാണ് എന്ന് തിരിച്ചറിയാൻ ആളുകൾക്ക് രഹസ്യകോഡുകൾ പറയേണ്ടിവരും എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.
വ്യാജ വീഡിയോകളോ ചിത്രങ്ങളോ സൃഷ്ടിക്കാൻ ആഴത്തിലുള്ള പഠനം ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഒരു രൂപമാണ് ഡീപ്ഫേക്കുകൾ. തട്ടിപ്പിനിരയാക്കേണ്ട ആളെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലോ പൊതുവായോ ലഭ്യമായ വീഡിയോ ഓഡിയോ എന്നിവ ശേഖരിച്ച് എഐയെ പരിശീലിപ്പിച്ചാണ് ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നത്. ടെക്നോളജിയിലൂടെ ക്രിമിനലുകളും കരുത്താർജിക്കുന്ന ഇക്കാലത്ത് വ്യക്തികൾ തങ്ങളുടെ ഡിജിറ്റൽ ഇടപെടലുകളിൽ പരമാവധി ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണം.


Click it and Unblock the Notifications








