ഇത് ശരിയാവില്ല, നടപടി വേണം; ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി സൗജന്യമായി നൽകുന്നതിനെതിരേ വിഐ
ഇന്ത്യൻ ടെലിക്കോം മേഖലയിൽ 5ജിയെച്ചൊല്ലി തർക്കം. ജിയോയും എയർടെലും ആളുകൾക്ക് സൗജന്യമായി 5ജി ഡാറ്റ നൽകുന്നതിനെതിരേ വൊഡാഫോൺ ഐഡിയ (വിഐ) ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായി)യ്ക്ക് പരാതി നൽകിയതായി റിപ്പോർട്ട്. ട്രായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അൺലിമിറ്റഡ് 5ജി സൗജന്യം നൽകി ജിയോയും എയർടെലും നിരക്ക് നിബന്ധനകൾ മറികടന്നിരിക്കുകയാണ് എന്നാണ് വിഐയുടെ ആരോപണം. സാമ്പത്തിക പ്രശ്നങ്ങളാൽ വലയുന്ന വിഐക്ക് ഇതുവരെ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ വരിക്കാർ വൻതോതിൽ കൊഴിഞ്ഞുപോകാൻ തുടങ്ങിയതോടെയാണ് ഇരു കമ്പനികൾക്കും എതിരേ പരാതിയുമായി വിഐ രംഗത്ത് എത്തിയിരിക്കുന്നത്.

ജിയോയും എയർടെലും പരിധിയില്ലാതെ സൗജന്യമായ 5ജി ഡാറ്റ നൽകുന്നത് തങ്ങളുടെ വരിക്കാരെ പ്രലോഭിപ്പിക്കുന്നു എന്നും അതിനാലാണ് അവർ കൂട്ടത്തോടെ ജിയോയിലേക്കും എയർടെലിലേക്കും പോകുന്നത് എന്നുമാണ് വിഐയുടെ വിലയിരുത്തൽ. വിഐയുടെ പരാതിയെത്തുടർന്ന് ട്രായി ഇരു കമ്പനികൾക്കും നോട്ടീസ് അയച്ച് ഈ വിഷയത്തിൽ പ്രതികരണം തേടി.
എന്നാൽ വിഐയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണ് ജിയോയും എയർടെലും മറുപടിയിൽ വ്യക്തമാക്കിയത്. നിലവിൽ 5ജി വ്യാപനം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. എല്ലായിടത്തും 5ജി എത്തിക്കാൻ സാധിച്ചിട്ടില്ല. വളരെ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമാണ് 5ജി സേവനങ്ങൾ ലഭ്യമാകുന്നത്. അതിനാൽത്തന്നെ നിരക്ക് ഈടാക്കാൻ കഴിയില്ലെന്ന് ഇരുകമ്പനികളും മറുപടിയിൽ വിശദീകരിച്ചു.

കൂടാതെ, 4ജി പായ്ക്കുകളുടെ ഭാഗമായിട്ട് നൽകുന്നതിനാൽ 5ജി ഡാറ്റ നൽകുന്നതിൽ സൗജന്യം ഒന്നുമില്ലെന്നും അതിനനുസരിച്ചാണ് നിരക്ക് ഈടാക്കുന്നതെന്നും ഇരുവരും ട്രായിക്കുള്ള മറുപടിക്കത്തിൽ വ്യക്തമാക്കി. യഥാർഥത്തിൽ 1 ജിബി 4ജി ഡാറ്റ നൽകുന്നതിനെക്കാൾ ചെലവ് കുറവാണ് 1ജിബി 5 ജി ഡാറ്റ നൽകാൻ.
വിഐയുടെ പരാതിയിൽ ജിയോയ്ക്കും എയർടെലിനും നോട്ടീസ് നൽകിയിരുന്നതായും അവർ മറുപടി നൽകിയതായും ട്രായി ഉദ്യോഗസ്ഥർ 'ഇടി'യോട് സ്ഥിരീകരിച്ചു. വിഷയത്തിൽ ട്രായി ഉടൻ തീരുമാനമെടുക്കും. നിലവിൽ ട്രായിയുടെ ലീഗൽ ടീമും ഫിനാൻസ് ടീമും ടെക്നിക്കൽ ടീമും വിഷയം പഠിച്ചുവരികയാണെന്നും പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വിഐയുടെ ആരോപണങ്ങളെത്തുടർന്ന്, ജിയോയോടും എയർടെല്ലിനോടും രണ്ട് കാര്യങ്ങൾ തിരക്കിയതായി മറ്റൊരു ട്രായി ഉദ്യോഗസ്ഥനും വ്യക്തമാക്കി. ഇരു കമ്പനികളുടെയും 5ജി വിലനിർണയത്തെക്കുറിച്ചും, അൺലിമിറ്റഡ് 5ജി ഓഫറുകളെക്കുറിച്ചുമാണ് തിരക്കിയത്. നിലവിൽ ജിയോയും എയർടെലും മാത്രമാണ് രാജ്യത്ത് 5ജി സേവനങ്ങൾ നൽകുന്നത്. അതിനാൽത്തന്നെ രാജ്യത്തെ 5ജി വ്യാപനത്തെ ബാധിക്കാത്ത രീതിയിൽ വിഷയം പരിഹരിക്കാനാണ് ട്രായി ശ്രമിക്കുന്നത് എന്നാണ് സൂചന.

ഒരു ടെലിക്കോം സർക്കിളിൽ 30%-ത്തിലധികം മാർക്കറ്റ് ഷെയർ ഉള്ള ഒരു ടെലിക്കോം കമ്പനി ആ നിർദ്ദിഷ്ട മാർക്കറ്റിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ അത് നിരക്ക് നിബന്ധനകളുടെ മറികടക്കലായി കണക്കാക്കാം. എന്നാൽ നിലവിൽ, 5ജിയുടെ വില ഇതുവരെ കണക്കാക്കാത്തതിനാൽ, നിരക്കുകൾ വിലയ്ക്ക് താഴെയാണോ അല്ലയോ എന്ന് പറയാൻ സാധിക്കില്ല.
അൺലിമിറ്റഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിൽ ടെലിക്കോം കമ്പനികൾക്ക് യാതൊരു തടസ്സവുമില്ല, എന്നാൽ നിബന്ധനകളും വ്യവസ്ഥകളും അവർ ഉപഭോക്താക്കൾക്ക് വിശദീകരിക്കേണ്ടതുണ്ട്. 5ജി ഡാറ്റ പ്ലാനുകൾ പ്രത്യക്ഷത്തിൽ അൺലിമിറ്റഡ് ആണെങ്കിലും, ഉപയോഗം വളരെ വലിയരീതിയിൽ ഇല്ലെന്നും എയർടെല്ലും ജിയോയും മറുപടിയിൽ വിശദീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.


Click it and Unblock the Notifications