''വീട്ടുകാർ ഇന്റർനെറ്റ് ഓഫാക്കി, ഗെയിം കളിക്കാൻ വൈഫൈ തേടി കുട്ടികൾ അർധരാത്രി വീടുവിട്ടിറങ്ങി''
കുട്ടിയും കോലും മുതൽ ക്രിക്കറ്റും ഫുട്ബോളും വരെ ഒരുകാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ സജീവമായിരുന്നു. എന്നാൽ പല നാടൻ കായിക വിനോദങ്ങളും ഇന്ന് വിസ്മൃതിയിലേക്ക് മറഞ്ഞിരിക്കുന്നു. വളരുന്ന കുട്ടികളിൽ കരുത്തും മാനസികാരോഗ്യവും പകരുന്നതിൽ ഇത്തരം കായിക വിനോദങ്ങളും വളരെ വലിയ പങ്ക് വഹിച്ചിരുന്നു.
എന്നാൽ ടെക്നോളജിയുടെ വളർച്ചയോടെ വന്ന മാറ്റങ്ങൾ ലോകമാകെയുള്ള കുട്ടികളുടെ കായിക വിനോദങ്ങളെയും ഏറെ ബാധിച്ചു. ടെക്നോളജിയുടെ സഹായത്തോടെ ഗെയിമിങ് കൂടുതൽ ആസ്വാദ്യകരമായപ്പോൾ, പല കുട്ടികളും മൈതാനങ്ങളിൽനിന്നും കൂട്ടുകാരിൽനിന്നും അകലുകയും സ്ക്രീനുകൾക്ക് മുന്നിലേക്ക് വലിച്ചടുപ്പിക്കപ്പെടുകയും ചെയ്തു. ഇന്ന് പ്രായത്തിന്റെ വലിപ്പച്ചെറുപ്പമില്ലാതെ ഏതാണ്ട് എല്ലാവരുംതന്നെ ഓൺലൈൻ ഗെയിമിങ്ങിനെ സ്നേഹിക്കുന്നു.

ഗെയിമുകൾ മാനസിക ഉല്ലാസത്തിന് സഹായിക്കുമെങ്കിലും കമ്പ്യൂട്ടർ/മൊബൈൽ ഗെയിമുകളോടുള്ള അമിത താൽപര്യം കുട്ടികളെ ഏറെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ആസ്വാദനത്തിനപ്പുറം ഗെയിമിങ് ഒരു ആസക്തിമായി മാറുന്നത് ഏറ്റവുമധികം ബാധിക്കുക കുട്ടികളെ ആണെന്നാണ് ഈ മേഖലയിലെ വിദഗ്ധനായ ഹെൻറിറ്റ ബൗഡൻ-ജോൺസ് ദി ഗാർഡിയനിൽ എഴുതിയ ലേഖനത്തിൽ വിശദീകരിക്കുന്നത്.
കുട്ടികളിലെ വീഡിയോ ഗെയിം ആസക്തിയെ ചികിത്സിക്കുന്നതിനായി സ്ഥാപിച്ച യുകെയിലെ നാഷണൽ സെന്റർ ഫോർ ഗെയിമിംഗ് ഡിസോർഡേഴ്‌സിന്റെ ഡയറക്ടർ ആണ് ഹെൻറിറ്റ ബൗഡൻ ജോൺസ്. കുട്ടികളിൽ ഗെയിമിങ് ആസക്തി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ് എന്ന് അദ്ദേഹം തന്റെ ലേഖനത്തിലൂടെ വിശദീകരിക്കുന്നു.
എൻഎച്ച്എസിന്റെ ധനസഹായത്തോടെ 2020 ൽ നാഷണൽ സെന്റർ ഫോർ ഗെയിമിംഗ് ഡിസോർഡേഴ്സ് ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രതിവർഷം 50-ലധികം രോഗികൾ എത്തും എന്നാണ് അധികൃതർ കണക്കുകൂട്ടിയത്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഇതിനകം 800 കേസുകൾ ക്ലിനിക്കിൽ ലഭിച്ചതായി ജോൺസ് വിശദീകരിക്കുന്നു.
'ഗെയിമിങ് തങ്ങളുടെ കുട്ടികളിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന കുടുംബങ്ങളുടെ നിരാശ വളരെ വലുതാണ് എന്ന് ജോൺസ് പറയുന്നു. വീഡിയോ ഗെയിമുകൾക്ക് അടിമകളായ കുട്ടികൾ സ്കൂളിൽ പോകുന്നതിനോട് താൽപ്പര്യക്കുറവ് കാട്ടുകയും വീടിനുള്ളിൽ അക്രമം നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഏറെയാണെന്നും അദ്ദേഹം പറയുന്നു.
ഇത്തരം പ്രശ്നക്കാരായ കുട്ടികളിൽ ഭൂരിഭാഗവും 16-17 പ്രായത്തിലുള്ളവരാണ് എന്നും അദ്ദേഹം വിശദീകരിച്ചു. ജീവിതം ഓൺലൈൻ ഗെയിമുകളുടെ പാതയിലേക്ക് തിരിയുന്നതോടെ അവർ കുടുംബാംഗങ്ങളിൽനിന്നും കൂട്ടുകാരിൽനിന്നും അകലം പാലിക്കുകയും കൂടുതൽ സമയവും വീടിനുള്ളിൽത്തന്നെയിരുന്ന് ഗെയിം കളിക്കാൻ താൽപര്യപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ ഇതിനോടകം തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഗെയിമിങ്ങിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങൾ പലപ്പോഴും തർക്കങ്ങളിലാകും കലാശിക്കുക. ഗെയിമിങ് ഒഴിവാക്കാൻ വീട്ടിലെ ഇന്റർനെറ്റ് വീട്ടുകാർ ഓഫ്ആക്കിയപ്പോൾ, വൈഫൈ തേടി രാത്രി കുട്ടികൾ വീടുവിട്ടിറങ്ങിയ സംഭവങ്ങളും താൻ കണ്ടിട്ടുണ്ടെന്ന് ജോൺസ് പറയുന്നു. മോശം മാനസികാവസ്ഥ, വീട്ടിൽനിന്ന് ഓടിപ്പോകാനുള്ള പ്രവണത എന്നിവ ഇത്തരം കുട്ടികളിൽ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗെയിമിങ്ങാണ് ജീവിതത്തിൽ ഏറ്റവും വലുതെന്നും അതിനായി എന്തും ചെയ്യാൻ മടിക്കാത്ത മാനസികാവസ്ഥയിലേക്കും ചില കുട്ടികൾ എത്തുന്നതായും അദ്ദേഹം ലേഖനത്തിൽ കുറിക്കുന്നു. ചിലർ ദേഷ്യംകൊണ്ട് കണ്ണൽക്കാണുന്നതെല്ലാം നശിപ്പിക്കുന്നു. ചിലർ സ്വയം ആക്രമിക്കുന്നു, ചിലർ മാതാപിതാക്കളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനാൽത്തന്നെ ഗെയിമിങ് ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ഗുരുതരമായ ആസക്തിയാണെന്നാണ് ജോൺസ് അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലും കുട്ടികളിൽ ഗെയിമിങ് ആസക്തി വർധിക്കുന്നുണ്ട് എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. അമിതമായ ഗെയിമിങ് ആസക്തി കുട്ടികൾക്കും മാതാപിതാക്കൾക്കും ഗുരുതരമായ പ്രശ്നങ്ങൾ വരുത്തിവച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആവശ്യമായ ബോധവത്കരണവും കരുതലും ഇല്ലെങ്കിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ വർധിച്ചേക്കാം.


Click it and Unblock the Notifications








