തലച്ചോറിന് പണി കുറയും! S25, പിക്സൽ 9 സീരീസുകളിൽ ജെമിനി ലൈവ് ക്യാമറ, സ്ക്രീൻ ഷെയറിങ് ഫീച്ചർ എത്തി
പല പ്രതിസന്ധികളും നേരിടുമ്പോൾ അതിനെ എങ്ങനെ നേരിടണം എന്ന് ചിന്തിച്ച് നാം തലപുകച്ചിരുന്നു. എന്നാൽ ഈ ടെക്നോളജി യുഗത്തിൽ ഇനി അധികം തല പുകയ്ക്കേണ്ടതില്ല എന്നും തങ്ങളുടെ ജെമിനി എഐ പ്ലാറ്റ്ഫോം അതിന് പ്രതിവിധി നിർദേശിക്കുമെന്നും ഗൂഗിൾ പറയാതെ പറഞ്ഞിരിക്കുന്നു. കാരണം ഏറ്റവും പുതിയ ലൈവ് ക്യാമറ, സ്ക്രീൻ ഷെയറിങ് (Gemini Live with camera and screen sharing) ഫീച്ചറുകളുമായി ജെമിനി കൂടുതൽ കരുത്തു നേടിയിരിക്കുന്നു. ഈ ഫീച്ചറുകൾ സാംസങ് ഗാലക്സി എസ്25 സീരീസ്, ഗൂഗിൾ പിക്സൽ 9 സീരീസ് ഫോണുകളിൽ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു.
ജെമിനി ലൈവിന്റെ ലൈവ് ക്യാമറ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവർ കാണുന്ന കാര്യങ്ങൾ AI-യെ കാണിക്കാനും തുടർന്ന് അതുമായി ബന്ധപ്പെട്ട് സംസാരിക്കാനും ഉത്തരങ്ങളും അറിവുകളും പ്രതിവിധികളും നേടാനും കഴിയും. ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീനുകൾ ഷെയർ ചെയ്യാനും തങ്ങളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഫീഡ്‌ബാക്ക് നേടാനും വിവിധ ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യാനും ഈ ഫീച്ചർ ഉപയോഗിക്കാം.

അനന്തമായ സാധ്യതകളാണ് ലൈവ് ക്യാമറ, സ്ക്രീൻ ഷെയറിങ് ഫീച്ചറുകളിലൂടെ ജെമിനി ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് തുറന്ന് നൽകിയിരിക്കുന്നത്. ഏപ്രിൽ 7 മുതൽ അധിക ചെലവില്ലാതെ എല്ലാ ഗാലക്‌സി എസ് 25 സീരീസ് ഉപയോക്താക്കൾക്കും ജെമിനി ലൈവ് ക്യാമറയും സ്‌ക്രീൻ ഷെയറിങ് ഫീച്ചറും ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള പിക്‌സൽ 9 സീരീസ് ഉപയോക്താക്കൾക്കും ഗൂഗിൾ ഇത് ലഭ്യമാക്കാൻ തുടങ്ങി. മറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് അധികം വൈകാതെ തന്നെ ഈ ഫീച്ചർ ലഭിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. പിക്സൽ ഡിവൈസുകളിൽ ജെമിനി ലൈവ് ആക്‌സസ് ചെയ്യാൻ പവർ ബട്ടൺ അമർത്തിപ്പിടിക്കുക. തുടർന്ന് ലൈവ് ബട്ടൺ ടാപ്പ് ചെയ്യുക (മൈക്ക് ഐക്കണിന് അടുത്തുള്ള മൂന്ന് വരകൾ), ശേഷം ക്യാമറ അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിങ് തിരഞ്ഞെടുക്കുക.

പിക്സൽ ഡിവൈസുകളിൽ ജെമിനിയുമായി സ്‌ക്രീൻ പങ്കിടാൻ: പവർ ബട്ടൺ അമർത്തിപ്പിടിച്ച് "ലൈവ് ഉപയോഗിച്ച് സ്‌ക്രീൻ ഷെയർ" ടാപ്പ് ചെയ്യുക, അല്ലെങ്കിൽ ജെമിനി ലൈവ് ആപ്പ് തുറന്ന് സ്‌ക്രീൻ ഷെയർ ഐക്കൺ തിരഞ്ഞെടുക്കുക. ക്യാമറ ഉപയോഗിക്കാൻ ജെമിനി ലൈവ് ആപ്പ് തുറന്ന് ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക.
ഗാലക്‌സി എസ് 25 സീരീസിൽ ജെമിനി ലൈവ് ഒരു സൗജന്യ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ലഭ്യമാകും. ഓൺ-സ്‌ക്രീൻ അല്ലെങ്കിൽ ക്യാമറ ഇൻപുട്ട് ഉപയോഗിച്ച് തത്സമയം AI സജീവമാക്കാൻ സൈഡ് ബട്ടൺ അമർത്തിപ്പിടിക്കുക. ഗാലക്സി എസ് 25 സീരീസിൽ പുതിയ ഫീച്ചറിന്റെ സൗജന്യ അപ്ഡേറ്റ് 2025 ഏപ്രിൽ 7 മുതൽ ആരംഭിച്ചു. പിക്സൽ 9 സീരീസിൽ ഈ ഫീച്ചർ സൗജന്യമാണ്. എന്നാൽ മറ്റ് പിക്സൽ മോഡലുകളിൽ ജെമിനി അഡ്വാൻസ്ഡ് സബ്സ്ക്രിപ്ഷൻ ആവശ്യമാണ്.
ജെമിനിയുടെ പുതിയ ലൈവ് ക്യാമറ, സ്ക്രീൻ ഷെയറിങ് ഫീച്ചറുകളുടെ സാധ്യതകൾ അനന്തമാണ്. ഉദാഹരണത്തിന് ലൈവ് ക്യാമറ ഷെയറിങ് ഫീച്ചർ ഓൺ ആക്കി നിങ്ങളുടെ റൂമിലെ ഒരു ചെയറും റൂമും കാണിച്ചു നൽകിയ ശേഷം അത് എങ്ങനെ മികച്ച രീതിയിൽ സജ്ജീകരിക്കണം എന്ന് ചോദിച്ചാൽ അതിന് അനുയോജ്യമായ വിവിധ നിർദേശങ്ങൾ ജെമിനി നൽകും.

ജെമിനി ലൈവ് 2, 45-ലധികം വ്യത്യസ്ത ഭാഷകളെ പിന്തുണയ്ക്കും. റൈറ്റേഴ്സ് ബ്ലോക്ക് എന്നൊക്കെ പറയും പോലെ എന്തെങ്കിലും ചിന്തകളിൽ നിങ്ങൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ, ജെമിനിയുമായി ഉച്ചത്തിൽ ബ്രെയിൻസ്റ്റോം ചെയ്യുക. നിങ്ങളുടെ സ്ക്രീൻ പങ്കിട്ടുകൊണ്ട് ഫോട്ടോകൾ ജെമിനിയെ കാണിക്കുക. തുടർന്ന് ഡിസൈനുകൾ, സർഗ്ഗാത്മകമായ എഴുത്ത് അല്ലെങ്കിൽ കരകൗശല വസ്തുക്കൾ എന്നിവയ്ക്കുള്ള ആശയങ്ങൾ സൃഷ്ടിക്കാൻ ജെമിനിയോട് ആവശ്യപ്പെടാം.
നിങ്ങളുടെ മോഡം വർക്ക് ചെയ്യുന്നില്ല എന്ന് കരുതുക. ലൈവ് ക്യാമറ ഫീച്ചർ ഉപയോഗപ്പെടുത്തി മോഡം അല്ലെങ്കിൽ പ്രശ്നം നേരിടുന്ന വസ്തുവിനെ കാണിച്ച് നൽകുക. പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ ജെമിനി നിർദേശിക്കും. അതുമല്ലെങ്കിൽ ഒരു ഷോപ്പിങ് അസിസ്റ്റന്റ് എന്ന നിലയിലും ഈ ഫീച്ചറുകൾ വഴി ജെമിനിയെ ഉപയോഗപ്പെടുത്താം. താരതമ്യം, സ്റ്റൈൽ എന്നിവയൊക്കെ ജെമിനി നിർദേശിക്കും. മനുഷ്യന്റെ ചിന്തയേയും ജീവിതരീതികളെയുമൊക്കെ വലിയ രീതിയിൽ സ്വാധീനിക്കാൻ ഈ ഫീച്ചറിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








