എഐ കൗതുകം ലേശം കൂടിപ്പോയി! 'ഷൂമാക്കറിന്റെ' അഭിമുഖം പ്രസിദ്ധീകരിച്ച എഡിറ്റർ ഇൻ ചീഫിന്റെ പണിപോയി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള കൂടുതൽ പ്ലാറ്റ്ഫോമുകൾ എത്തുന്നതോടെ നിരവധി മേഖലകളിൽ ആളുകൾക്ക് ജോലി നഷ്ടമാകും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പല മേഖലകളിലും ആളുകൾക്ക് പകരം ഉപയോഗിക്കാൻ സാധിക്കും എന്ന നിലയിലാണ് എഐ പലരുടെയും ജോലിക്ക് ഭീഷണിയായിരുന്നത്. ചാറ്റ്ജിപിടിയുടെയും മറ്റും വരവോടെ ഈ എഐ ഭീഷണി സ്ഥിരീകരിക്കപ്പെട്ടു.
ജോലിക്കാർക്ക് പകരം ചില മേഖലകളിൽ നിയോഗിക്കാൻ കഴിയും എന്ന നിലയ്ക്കാണ് എഐ ആളുകളുടെ ജോലിക്ക് ഭീഷണി ആയിരുന്നത്. എന്നാലിപ്പോൾ ആരും വിചാരിക്കാത്ത വിധത്തിലും എഐ ഒരാളുടെ പണി കളഞ്ഞിരിക്കുകയാണ്. ഇവിടെ എഐ നിരപരാധിയാണ് എങ്കിലും ജോലി നഷ്ടപ്പെടാൻ ഇടയാക്കിയ 'പണിയിൽ' കൂട്ടുപ്രതി എഐ തന്നെയാണ്.

മനുഷ്യരെക്കാൾ മികച്ച ക്രിയേറ്റീവ് കണ്ടന്റുകൾ സൃഷ്ടിക്കാൻ പോലും കഴിയുന്ന എഐ പ്ലാറ്റ്ഫോമുകൾ പത്രപ്രവർത്തകരുടെ കഞ്ഞിയിലും പാറ്റയിടും എന്ന വാർത്തകൾ ചാറ്റ്ജിപിടിയുടെ വരവോടെ തന്നെ ഉറപ്പിക്കപ്പെട്ടിരുന്നു. എന്നാൽ അപ്പോഴും ഏറ്റവും താഴെയുള്ള സബ് എഡിറ്റർ/ കണ്ടന്റ് ക്രിയേറ്റർ തസ്തികയ്ക്ക് ആകും എഐ വെല്ലുവിളിയാകുക.
എന്നാലിവിടെ എഐ കാരണം ജോലി നഷ്ടമായിരിക്കുന്നത് ഒരു മാധ്യമസ്ഥാപനത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിന്റെ തലപ്പത്തുള്ള എഡിറ്റർ ഇൻ ചീഫിനാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എഐ പലരും പലവിധത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ അൽപ്പം ആവേശം മൂത്ത് എഡിറ്റർ ഇൻ ചീഫ് നടത്തിയ ഒരു നീക്കമാണ് അവരുടെ പണി കളയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ജർമനിയിലെ എസെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൺകെ മീഡിയ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഡൈ അക്‌റ്റ്യൂല്ലെ എന്ന മാസികയുടെ എഡിറ്റർ-ഇൻ-ചീഫ് ആനി ഹോഫ്‌മാൻ ആണ് എഐ ഉപയോഗിച്ച് വിവാദത്തിലാകുകയും ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരിക്കുന്നത്. മാസികയിൽ പ്രസിദ്ധീകരിച്ച മൈക്കൽ ഷൂമാക്കറുടെ അഭിമുഖമാണ് ആനി ഹോഫ്‌മാന്റെ പണികളഞ്ഞത്.
ഡൈ അക്‌റ്റ്യൂല്ലെയുടെ ഏറ്റവും പുതിയ പതിപ്പിൽ മൈക്കൽ ഷൂമാക്കറിന്റെ ഒരു അഭിമുഖം ഉണ്ടായിരുന്നു. പുഞ്ചിരിക്കുന്ന ഷൂമാക്കറുടെ ചിത്രവും 'മൈക്കൽ ഷൂമാക്കർ, ആദ്യ അഭിമുഖം' എന്ന തലക്കെട്ടും നൽകി കവർപേജ് ഉൾപ്പെടെ ഷൂമാക്കർ മയമാക്കിയാണ് അക്‌റ്റ്യൂല്ലെ പുറത്തിറങ്ങിയത്. എന്നാൽ അഭിമുഖത്തിനെതിരേ ഷൂമാക്കറുടെ കുടുംബം രംഗത്തെത്തുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ കാര്യങ്ങൾ അക്‌റ്റ്യൂല്ലെയുടെ കൈവിട്ടുപോകുകയായിരുന്നു.
എന്തുകൊണ്ട് വിവാദം: ഫോർമുല വൺ മത്സരത്തിലെ ഇതിഹാസ താരമായ ഷൂമാക്കർ ഒരു അപകടത്തെ തുടർന്ന് ഏതാണ്ട് ഒൻപത് വർഷത്തിലേറെയായി അബോധാവസ്ഥയിലാണ്. അവധി ആഘോഷത്തിനിടെ 2013 ഡിസംബർ 29ന് ഫ്രഞ്ച് ആൽപ്സ് പർവത നിരകളിൽ മകൻ മിക്ക് ഷൂമാക്കറിനൊപ്പം സ്കീയിങ് നടത്തുമ്പോൾ തെന്നിവീണു തല പാറയിലിടിച്ചു ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
വിദഗ്ധ ചികിത്സകൾക്കൊടുവിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ഫോർമുല വൺ ട്രാക്കുകളിൽ തീപ്പൊരി പറപ്പിച്ചിരുന്ന ഷൂമാക്കറിന്റെ ചലനശേഷിയും ബോധവും നഷ്ടമായിരുന്നു. സ്വിറ്റ്സർലാൻഡിലെ സ്വന്തം വീട്ടിൽ പ്രത്യേക ചികിത്സാ മുറിയിൽ കഴിയുന്ന ഷൂമാക്കർ ഇപ്പോഴും അവിടെ അബോധാവസ്ഥയിൽ ആണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിശ്വസനീയമായ റിപ്പോർട്ടറുകളൊന്നും പുറത്തുവന്നിട്ടില്ല.

അങ്ങനെയുള്ളപ്പോൾ 'ഷൂമാക്കറിന്റെ ആദ്യ അഭിമുഖം' ഇതാ എന്ന് പറഞ്ഞ് ഒരു മാസിക കവർപേജ് സഹിതം രംഗത്തെത്തിയാൽ ലോകം മുഴുവൻ അത് ശ്രദ്ധിക്കും എന്നത് ഉറപ്പാണ്. കെട്ടും മട്ടും ഒക്കെ കണ്ട് ഷൂമാക്കർ സുഖം പ്രാപിച്ചു എന്ന വിശ്വാസത്താൽ മാസിക കൈയിലെടുക്കുമ്പോഴാണ് കള്ളത്തരം പൊളിയുന്നത്. എഐ സഹായത്താൽ മാസിക സ്വയം സൃഷ്ടിച്ചതായിരുന്നു ആ അഭിമുഖം.
ഇത് വഞ്ചന ആണ് എന്ന് ഷൂമാക്കറുടെ കുടുംബം ആരോപിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് കർശന സ്വകാര്യത കാത്തുസൂക്ഷിക്കുന്ന കുടുംബം, ഏറ്റവും അടുത്ത ആളുകൾക്ക് മാത്രമാണ് അദ്ദേഹത്തിനെ കാണാനും വിവരങ്ങൾ അറിയാനും അവസരം നൽകുന്നത്. അങ്ങനെയിരിക്കെ എഐയെ ദുരുപയോഗപ്പെടുത്തി സൃഷ്ടിച്ച അഭിമുഖത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
ഇതോടെയാണ് മാസികയുടെ ഉടമസ്ഥരായ ഫൺകെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയുകയും, വിവാദ അഭിമുഖത്തിന്റെ പേരിൽ ഡൈ അക്‌റ്റ്യൂല്ലെയുടെ എഡിറ്റർ-ഇൻ-ചീഫ് ആനി ഹോഫ്‌മാനെതിരേ നടപടിയെടുക്കുകയും ചെയ്തത്. "2009 മുതൽ മാസികയുടെ എഡിറ്റോറിയൽ ചുമതല വഹിച്ചിരുന്ന ആനി ഹോഫ്‌മാൻ ഇന്നുമുതൽ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടും."എന്ന് മാനേജിംഗ് ഡയറക്ടർ ബിയാൻക പോൾമാൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ഷൂമാക്കറിന്റെ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിലൂടെ കിട്ടുന്ന ജനശ്രദ്ധയുടെ സാധ്യതകൾ മുതലെടുക്കാനാകാം ആനി ഹോഫ്‌മാന്റെ നേതൃത്വത്തിലുള്ള എഡിറ്റോറയിൽ ടീം ഈ അവിവേകത്തിന് മുതിർന്നത്. ഇവിടെ പണിപോകാൻ എഐയുടെ കഴിവ് ഒരു കാരണമായിട്ടുണ്ട് എങ്കിലും സത്യത്തിൽ ഉത്തരവാദിത്തം ആനിക്ക് തന്നെയാണ്. എഡിറ്റർ ഇൻ ചീഫ് ഏർപ്പെടുത്തിയ 'ക്വട്ടേഷൻ ടീം' എന്ന റോൾ മാത്രമാണ് എഐയ്ക്ക് ഈ സംഭവത്തിൽ ഉണ്ടായിരുന്നത്.


Click it and Unblock the Notifications








