പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ! 5ജി റാങ്കിങ്ങിൽ ഇന്ത്യ 14-ാം സ്ഥാനത്ത്, 301.86 Mbps ഡൗൺലോഡ് സ്പീഡ്
5ജി സേവനങ്ങൾ ആരംഭിച്ചതോടുകൂടി ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ ഒരു പ്രത്യേക ഉണർവ് പ്രകടമായിരുന്നു. രാജ്യവ്യാപകമായി 5ജി സേവനങ്ങൾ എത്തിയിട്ടില്ല എങ്കിൽപ്പോലും, കൂടുതൽ മികച്ച വേഗത്തിൽ ബ്രൗസിങ് നടത്താനും വീഡിയോ കാണാനും ഡൗൺലോഡ് ചെയ്യാനുമൊക്കെ 5ജിയുടെ വരവ് നിരവധി പേരെ ഇതിനകം തന്നെ ഏറെ സഹായിച്ചു.
ജിയോയും എയർടെലും മത്സരിച്ചാണ് ഇന്ത്യയിൽ 5ജി വ്യാപനം നടത്തിവരുന്നത്. ഈ ഇരുകമ്പനികളുടെയും മികച്ച പ്രകടനം ഇപ്പോൾ ഇന്ത്യക്ക് ആഗോളതലത്തിൽ മികച്ച സ്ഥാനം നേടിനൽകിയിരിക്കുന്നു. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യ ആഗോള 5G റാങ്കിംഗിൽ 14-ാം സ്ഥാനത്തെത്തി.

2022ൽ പുറത്തുവന്ന ഊക്‌ലയുടെ തന്നെ റിപ്പോർട്ട് പ്രകാരം ഇന്ത്യ ഇൻർനെറ്റ് വേഗതയിൽ 113-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് രണ്ട് വർഷത്തിനുള്ളിൽ ആഗോള 5G റാങ്കിംഗിൽ 14-ാം സ്ഥാനത്തേക്ക് എത്തിയത് മികച്ച മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. 2022 ൽ ആണ് ഇന്ത്യ ആദ്യമായി 5G നെറ്റ്‌വർക്ക് സേവനങ്ങൾ ആരംഭിച്ചത്.
റിലയൻസ് ജിയോയുടെയും ഭാരതി എയർടെലിന്റെയും മത്സരിച്ചുള്ള 5ജി വ്യാപനം ആഗോള തലത്തിലെ 5ജി വ്യാപനത്തിന്റെ തോതിനെക്കാൾ മികച്ചതായിരുന്നു. 2023 ഡിസംബറോടെ, രാജ്യത്തുടനീളം 400,000-ൽ അധികം 5G ബേസ് സ്റ്റേഷനുകൾ വിന്യസിച്ചു, ഇത് 2023 ജനുവരിയെ അപേക്ഷിച്ച് വളരെ വലിയ വർദ്ധനവ് രേഖപ്പെടുത്തി.
ഈ അതിവേഗ 5ജി വ്യാപനം 2023 നാലാം പാദത്തിൽ 301.86 Mbps വേഗതയോടെ, 5G മീഡിയൻ ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ ആഗോളതലത്തിൽ മികച്ച 15 രാജ്യങ്ങളിലേക്ക് ഇന്ത്യയെ എത്തിച്ചു. അതോടൊപ്പം ഇന്ത്യയിലെ 5G ലഭ്യത Q1 ലെ 28.1% ൽ നിന്ന് 2023 Q4 ൽ എത്തിയപ്പോഴേക്കും 52.0% ആയി ഉയർന്നു.
5ജി ലഭ്യതയിൽ എയർടെൽ 30.4% സംഭാവന ചെയ്തപ്പോൾ റിലയൻസ് ജിയോയുടെ സംഭാവന 68.8 ശതമാനം ആണ്. 5ജി വ്യാപനത്തോടെ ഇന്ത്യയുടെ 5G നെറ്റ്‌വർക്കുകളിലെ വീഡിയോ സ്ട്രീമിംഗും മൊബൈൽ ഗെയിമിംഗ് അനുഭവങ്ങളും 4G LTE-യെ മറികടന്നു, വേഗതയേറിയ വീഡിയോ സ്റ്റാർട്ടിങ് ടൈമും ലോ ലേറ്റൻസിയും കുറിക്കപ്പെട്ടു.
4ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ 5G ടെക്നോളജി ഗണ്യമായ വേഗവ്യത്യാസം പ്രകടമാക്കുന്നുണ്ട്. 2023 Q4-ൽ, 5G-യുടെ മീഡിയൻ ഡൗൺലോഡ് വേഗത 4G-യെക്കാൾ 18 മടങ്ങ് കൂടുതലായിരുന്നു, 5G മീഡിയൻ ഡൗൺലോഡ് വേഗത 301.86 Mbps ആണ്, 4G-യുടെടേത് 16.05 Mbps. കൂടാതെ 10% 5ജി ഇപയോക്താക്കൾക്ക് 4G-യുടെ ശരാശരി ഡൗൺലോഡ് വേഗതയേക്കാൾ ഇരട്ടിയിലധികം വേഗത അനുഭവപ്പെട്ടു.

5ജി വ്യാപനത്തിന്റെ തുടക്കത്തിൽ എയർടെൽ നേരിയ മേൽക്കൈ നേടിയെങ്കിലും 2023 നാലാം പാദത്തിൽ 68.8% നിരക്കിൽ 5G ലഭ്യതയിൽ ഭാരതി എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ മുന്നിലെത്തി. 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പനയിലുണ്ടായ വർധനയും 5ജി വ്യാപനം വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. നിരവധി പേരാണ് 5ജി സേവനങ്ങൾ ആരംഭിച്ചതോടെ 5ജി ഫോണുകളിലേക്ക് മാറിയത്.
5ജിയോട് ഇന്ത്യക്കാർക്ക് പൊതുവെ പോസീറ്റീവ് സമീപനമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ജിയോയും എയർടെലും മാത്രമാണ് നിലവിൽ ഇന്ത്യയിൽ 5ജി സേവനങ്ങൾ നൽകിവരുന്നത്. 2024 പകുതിയോടെ 5G സേവനങ്ങൾ ആരംഭിക്കാനായി വോഡഫോൺ ഐഡിയ (വിഐ) ഇന്ത്യയിൽ 5G ലാൻഡ്‌സ്‌കേപ്പ് കൂടുതൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്ന് ഊക്‌ല (Ookla) യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ജിയോ എയർഫൈബർ, എയർടെൽ എയർഫൈബർ പോലുള്ള സേവനങ്ങളിലൂടെ ഇന്ത്യയിലെ ഇൻർനെറ്റ് വേഗതയും 5ജി സൗകര്യങ്ങളും കൂടുതൽ വിപുലീകരിക്കപ്പെടുന്നു. രാജ്യത്തുടനീളമുള്ള 5G സേവനങ്ങളുടെ കൂടുതൽ വിപുലീകരണം ലക്ഷ്യമിട്ട് 2024 മേയിൽ കൂടുതൽ 5G ബാൻഡുകൾ ലേലം ചെയ്യാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഈ വർഷംതന്നെ ഇന്ത്യ 5ജി റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് ഇടംപിടിച്ചേക്കും.
അതേസമയം സ്മാർട്ട്ഫോണുകളിലെ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഏറെ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണെങ്കിലും ഉപയോക്താക്കളുടെ പരാതികൾ അവസാനിക്കുന്നില്ല എന്നതാണ് മറുവശം. 5ജി ഉണ്ടെന്ന് പറയുന്ന ജിയോയുടെ ചില സമയങ്ങളിൽ, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ 4ജി വേഗതപോലും ഉണ്ടാകാറില്ല എന്ന് ആക്ഷേപമുണ്ട്. നിലവിൽ 5ജി പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരിക്കുന്നതിനാലാകാം ഇത്. 5ജി വ്യാപനം പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








