ആപ്പിൾ പൊളിയല്ലേ...! സ്മാർട്ട് വാച്ച് കയറ്റുമതി ഇടിഞ്ഞിട്ടും വമ്പ് കാട്ടി ആപ്പിൾ, ഞെട്ടിച്ച് ഷവോമിയും
ആഗോള സ്മാർട്ട് വാച്ച് കയറ്റുമതി ഇടിഞ്ഞിട്ടും ആപ്പിളിന് തന്നെ മേൽക്കോയ്മ. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ പുതിയ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷം ആഗോള സ്മാർട്ട് വാച്ച് കയറ്റുമതി ഇടിഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴ് ശതമാനം വാർഷിക ഇടിവാണ് രേഖപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള സ്മാർട്ട് വാച്ച് കയറ്റുമതിയിൽ മൊത്തത്തിൽ ഇടിവാണെങ്കിലും ആപ്പിൾ ഒന്നാം സ്ഥാനത്ത് തന്നെയാണ്. ഹുവാവേയും സാംസങ്ങും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഏറ്റവും പുതിയ ഗാലക്സി വാച്ച് കയറ്റുമതിയിൽ മൂന്ന് ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ചൈനീസ് ടെക് ബ്രാൻഡായ ഷവോമി 2024-ൽ ഏറ്റവും വേഗതയേറിയ വളർച്ച കൈവരിക്കുകയും ആദ്യമായി ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടുകയും ചെയ്തു. വിൽപ്പനയിലും ഷവോമി വർധനവ് രേഖപ്പെടുത്തി.
കൗണ്ടർപോയിന്റ് റിസർച്ചിന്റെ ഏറ്റവും പുതിയ ഗ്ലോബൽ സ്മാർട്ട് വാച്ച് ഷിപ്പ്‌മെന്റ് ട്രാക്കർ 2024ലെ നാലാം പാദ റിപ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. സ്മാർട്ട് വാച്ചുകളുടെ ആഗോള വിൽപ്പന ആദ്യമായാണ് കുറയുന്നത്. ആപ്പിളിന്റെ കയറ്റുമതിയിലെ ഇടിവ് കാരണമാണ് 2024ൽ ലോകമെമ്പാടുമുള്ള സ്മാർട്ട് വാച്ച് കയറ്റുമതി ഏഴ് ശതമാനം കുറഞ്ഞത്.

കയറ്റുമതിയിൽ 19 ശതമാനം ഇടിവാണ് ആപ്പിൾ നേരിട്ടത്. ആപ്പിൾ വാച്ച് എസ്ഇ ലൈനപ്പിന്റെ മാന്ദ്യവും പുതിയ എസ്ഇ മോഡലുകളുടെ അഭാവവും വിൽപ്പനയെ ബാധിച്ചതായി പറയപ്പെടുന്നു. എന്നാലും മൊത്തം വിൽപ്പനയിൽ ആപ്പിൾ തന്നെയാണ് മുന്നിൽ. അതേ സമയം മൊത്തത്തിലുള്ള ഇടിവ് ഉണ്ടായിരുന്നിട്ടും Xiaomi , Huawei , Imoo തുടങ്ങിയ ചൈനീസ് ബ്രാൻഡുകൾ വിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി.
35 ശതമാനം വളർച്ചയോടെ Huawei രണ്ടാം സ്ഥാനത്തെത്തി. അതേസമയം Galaxy Watch 7, Galaxy Watch Ultra, Galaxy Watch FE സീരീസുകളുടെ ശക്തമായ സ്വീകാര്യതയിലൂടെ മൂന്ന് ശതമാനം വളർച്ചയോടെ Samsung മൂന്നാം സ്ഥാനം നേടി. ഷവോമിക്കാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ചത്. കൗണ്ടർപോയിന്റിന്റെ റിപ്പോർട്ട് അനുസരിച്ച് 135 ശതമാനം വാർഷിക വളർച്ചയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ആദ്യമായി ഇടം നേടാനും ഷവോമിക്കായി.

ഷവോമിയുടെ വളർച്ചയ്ക്ക് കാരണം വാച്ച് എസ് 1, റെഡ്മി വാച്ച് സീരീസുകളുടെ ശക്തമായ പ്രകടനമാണ്. Imoo 22 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. സമാർട്ട് വാച്ചുകളുടെ അപ്ഗ്രേഡുകൾ കുറഞ്ഞതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ആഗോള വിപണിയിലുണ്ടായ ഇടിവിനൊപ്പം ഇന്ത്യൻ വിപണിയിലും സ്മാർട്ട് വാച്ചുകളുടെ വിൽപ്പന ഇടിഞ്ഞിട്ടുണ്ട്.
2023ൽ 30 ശതമാനത്തിൽ നിന്ന് 2024ൽ 23 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ചൈനയിൽ നേരെ വിപരീതമാണ് സംഭവിച്ചിട്ടുള്ളത്. ആദ്യമായി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കയറ്റുമതിയാണ് ചൈനയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. Xiaomi , Huawei , Imoo എന്നിവയാണ് ചൈനീസ് വിപണിയുടെ മുൻനിരയിലുള്ളത്. കുട്ടികൾക്കുള്ള സ്മാർട്ട് വാച്ചുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2025 ൽ വിപണി പതുക്കെ വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. മെഡിക്കൽ ട്രാക്കിങിന് ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട് വാച്ചുകൾ കൂടുതൽ AI കഴിവുകളും നൂതന സെൻസറുകളും സംയോജിപ്പിക്കുമെന്നാണ് ടെക് വിദഗ്ദരുടെ കണക്കുകൂട്ടൽ. ഇതിനാൽ തന്നെ വിൽപ്പന കൂടും. വിൽപ്പന കൂടിയാൽ ഈ വർഷം സ്മാർട്ട് വാച്ച് കയറ്റുമതിയിൽ പുരോഗതി കൈവരിക്കാൻ സാധിക്കും.


Click it and Unblock the Notifications








