ഞങ്ങൾക്ക് ഇതൊന്നും പറ്റില്ല എന്നുണ്ടോ..? ലോകത്ത് ആദ്യമായി പെറ്റ്‌ഫോൺ അവതരിച്ചു
പുത്തൻ ടെക് ആശയങ്ങൾ അറിയണമെങ്കിൽ മെബൈൽ വേൾഡ് കോൺഗ്രസ്സ് (MWC) ഇൽ പങ്കെടുക്കണം. ഓരോ നിർമ്മാതാക്കളും ഡബ്ല്യുഎംസിയിൽ പുത്തൻ സാങ്കേതിക വിദ്യകൾ ടെക് ലോകത്തിന് പിജയപ്പെടുത്തുന്ന തിരക്കിലാണ്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾക്കാണ് മാർക്കറ്റ് വാല്യു ഉള്ളത്. അതിനാൽ തന്നെ കമ്പനികൾ പുത്തൻ ആശയങ്ങൾ അവതരിപ്പിക്കാൻ തീവ്രശ്രമത്തിലാണ് എന്ന് പറയാം. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന ഈ വർഷത്തെ മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ ശ്രദ്ധേയമായ പല സാങ്കേതിക വിദ്യകളും ടെക് ലോകം പരിജയപ്പെട്ട് കഴിഞ്ഞു. ഇപ്പോഴിതാ GlocalMe എന്ന പേരിൽ ഒരു പെറ്റ്ഫോൺ ആണ് ജനശ്രദ്ധയാകർഷിക്കുന്നത്.
വളർത്തു മൃഗങ്ങളോട് ആശയ വിനിമയം നടത്താൻ ഈ GlocalMe പെറ്റ്‌ഫോൺ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വളർത്തു മൃഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉപകരണം വഴി അവയുടെ ഉടമകൾക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയും. കുരയ്ക്കുന്നത് പോലുള്ള വിവിധ വളർത്തുമൃഗങ്ങളുടെ പ്രവർത്തനങ്ങൾ പെറ്റ്‌ഫോണിന് തിരിച്ചറിയാനും കഴിയും. ഇതുവഴിയാണ് ആശയ വിനിമയം നടത്തുന്നത്.

ജിപിഎസ്, എജിപിഎസ്, എൽബിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത്, ആക്ടീവ് റഡാർ എന്നീ ഫീച്ചറുകൾ പെറ്റ്‌ഫോണിൽ ഉൾപ്പെടുത്തിയതിനാൽ ലൈവ് ലൊക്കേഷൻ ട്രാക്കിംഗും ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ മൃഗങ്ങളെ മിസ്സ് ആയാൽ പെട്ടെന്ന് കണ്ടെത്താൻ കഴിയും. 'വളർത്തുമൃഗങ്ങൾക്കായുള്ള ആദ്യത്തെ സ്മാർട്ട്ഫോൺ' എന്ന പേരിലാണ് ഇത് വിപണിയിലെത്തുക.
ആക്റ്റിവിറ്റി മോണിറ്ററിംഗും AI ആക്റ്റീവ് അലേർട്ടുകളും ഈ പെറ്റ്ഫോണിൽ ഉൾപ്പെടുന്നുണ്ട്. PawTalk ഫീച്ചർ ഉപയോഗിച്ച് ഉടമകൾക്ക് അവരുടെ വളർത്തുമൃഗം സ്ഥിരമായി സഞ്ചരിക്കുന്ന റൂട്ട് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. കൂടാതെ ഇവയുടെ ലൊക്കേഷൻ അൽപ്പം മാറിയാൽ തന്നെ ജിയോഫെൻസ് ഫംഗ്ഷൻ അലേർട്ടുകൾ ഉടമകൾക്ക് അയക്കും. ഒരു ഇൻബിൽറ്റ് ലൈറ്റും ഒരു റിംഗ്ടോണും ഘടിപ്പിച്ചതിനാൽ രാത്രിയിലും അതുപോലെ സൗണ്ട് കേന്ദ്രീകരിച്ചും ഇവയെ കണ്ടെത്താൻ കഴിയും.
ഇതിനെല്ലാം പുറമെ വളർത്തു മൃഗങ്ങളുടെ ഉടമകൾക്ക് ഒരു സോഷ്യൽ കമ്മ്യൂണിറ്റിയിൽ ചേരാനും അവരുടെ വളർത്തു മൃഗങ്ങൾക്കായി പ്രൊഫൈലുകൾ സൃഷ്ടിക്കാനും അനുഭവങ്ങൾ പങ്കിടാനും GlocalMe അവസരമൊരുക്കുന്നുണ്ട്. മൃഗങ്ങളുടെ വിവരങ്ങൾ, ആരോഗ്യം, സേവന പദ്ധതികൾ, ഉപകരണ ഡാറ്റ എന്നിവ പോലുള്ള വിശദാംശങ്ങൾ ഈ പ്രൊഫൈലുകളിൽ ഉൾപ്പെടുത്താം.
ഉടമകൾക്ക് പതിവ് പ്രവർത്തനങ്ങൾക്കായി റിമൈൻഡറുകൾ സജ്ജീകരിക്കാനും വളർത്തു മൃഗങ്ങൾക്ക് വേണ്ടി മ്യൂസിക് പ്ലേ ചെയ്യാനും കഴിയും. ലോകമെമ്പാടുമുള്ള ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പെറ്റ്ഫോൺ 200-ലധികം രാജ്യങ്ങളിൽ അനുയോജ്യമാണ്. ഇത് ക്ലൗഡ്സിം സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68 റേറ്റിംഗും ഇതിന് ലഭിച്ചിട്ടുണ്ട്.
പെറ്റ്‌ഫോൺ മാത്രമല്ല, ഇതിന് മുമ്പും നിരവധി പുത്തൻ ടെക്‌നോളജികൾ വേൾഡ് മൊബൈൽ കോൺഗ്രസ്സിൽ പരിജയപ്പെട്ട് കഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന ഫീച്ചറുകൾ ലഭിക്കുന്ന പല സ്മാർട്ട് ഫോണുകളും ഇതിനിടയിൽ ഡബ്ല്യുഎംസിയിൽ പുറത്തിറങ്ങിക്കഴിഞ്ഞു. സോളാറിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പ് പുറത്തിറക്കി ലെനോവോ ഇതിനിടയിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.


Click it and Unblock the Notifications








